സിനിമകൾ ഒഴിവാക്കുന്നത് അഹങ്കാരം കൊണ്ടല്ല

ജയസൂര്യ

നടനെന്നതിന്റെ പൂർണത തട്ടുപൊളിപ്പൻ വേഷങ്ങളിലൊതുക്കി നിർത്താത്തയാളാണ് ജയസൂര്യ. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി എന്തും ചെയ്യുന്ന ജയസൂര്യ വലിയൊരു പരീക്ഷ കഴിഞ്ഞുള്ള കാത്തിരിപ്പിലാണ്. കരിയറിലെ തന്നെ മികച്ച രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം ആ ചിത്രങ്ങൾ പ്രേക്ഷകന്റെ മുന്നിലേക്ക് എത്തുന്ന ദിനത്തിനായുള്ള കാത്തിരിപ്പിൽ.

അമർ അക്ബർ അന്തോണിയും സു സുധി വാത്മീകവും ആണ് ജയസൂര്യയുടെ പുതിയ ചിത്രങ്ങൾ. ഒന്നിൽ ചട്ടുകാലുള്ളയാളായും മറ്റേതിൽ വിക്കനായും അഭിനയിച്ചതിന്റെ ക്ഷീണം മുഴുവനായി മാറിയിട്ടില്ല. ആ അനുഭവങ്ങളെപ്പറ്റിയും പുതിയ തീരുമാനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

അമർ അക്ബർ അന്തോണിയിൽ ജയസൂര്യ

അമർ അക്ബർ അന്തോണിയും, സു സുധി വാത്മീകവും. എങ്ങനെയായിരുന്നു ഇരു ചിത്രങ്ങളിലെയും അനുഭവം ?

രണ്ടിലും വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെയാണ് ചെയ്തിരിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങൾ. അൽപ്പം പെടാപ്പാട് വേണ്ടിവന്നു സിനിമ പൂർത്തിയാക്കാൻ. കഥാപാത്രങ്ങളിലൂടെ മാത്രമല്ല കടന്നുപോയത്, ശരിക്കും ജീവിതത്തിൽ ഇങ്ങനത്തെ അവസ്ഥയുള്ളവരുടെ മാനസികാവസ്ഥയിലൂടെ കടന്നുപോകുകയും ചെയ്തു. ഷൂട്ടിങിനിടയിൽ ആളുകൾ വന്നു ചോദിച്ചു അയ്യോ കാലിനെന്തുപറ്റിയെന്നൊക്കെ. അവരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾ ജീവിതത്തിലെ 50-60 ദിവസങ്ങളിൽ മാത്രം അനുഭവിച്ച ഒരാള്‍ മാത്രമാണ് ഞാൻ. ജീവിതകാലം മുഴുവൻ അങ്ങനെ കഴിയുന്നവരുടെ അവസ്ഥ പറഞ്ഞറിയിക്കുവാൻ‌ കഴിയിലല്ലോ. പിന്നെ ഇതിൽ ജയസൂര്യ മാത്രമല്ല ശ്രദ്ധയാകർഷിക്കുന്നത്. എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്.

എങ്ങനെയായിരുന്നു രണ്ട് സിനിമകളിലേക്കുമെത്തിയത്?

അമർ അക്ബർ അന്തോണിയുടെ കഥ നാദിർഷ ആദ്യം എന്നോടാണ് പറയുന്നത്. കഥ വായിച്ച് കഴിഞ്ഞപ്പോൾ എന്നോടു ചോദിച്ചു ഇതിലേത് ചെയ്യാനാണ് താൽപര്യമെന്ന്. ഞാൻ പറഞ്ഞതും നാദിർഷ മനസിൽ കണ്ടും ഒരേ ഉത്തരമായിരുന്നു. സു സുധി വാത്മീകത്തിലേക്ക് രഞ്ജിത് വിളിച്ചതാണ്.

കഥാപാത്രങ്ങൾ ഇറങ്ങിപ്പോകുവാൻ കുറച്ച് സമയമെടുത്തല്ലേ?

തീർച്ചയായും. ഞാനൊരു ബോൺ ആക്ടർ ഒന്നുമല്ല. നിമിഷങ്ങൾ ഇടവിട്ട് ഒരു വേഷത്തിൽ നിന്ന് മറ്റൊരു വേഷത്തിലേക്ക് സ്വയം മാറാനുള്ള അസാധ്യ കഴിവൊന്നുമില്ല. രണ്ടു കഥാപാത്രങ്ങളിലൂടെയും കുറച്ചു ദിവസം ജീവിക്കുക തന്നെയായിരുന്നു. അറുപതോളം ദിവസങ്ങളെടുത്താണ് അമർ അക്ബർ അന്തോണി പൂർത്തിയാക്കിയത്. മുടന്തനായ ഒരാളാകാൻ കാലില്‍ ചെയ്തതൊക്കെ നല്ല വേദനയുണ്ടാക്കി. ഇത് ഫിസിക്കൽ സ്ട്രെയിൻ‌ മാത്രമായിരുന്നു. പക്ഷേ സു സുധി വാത്മീകി ശരിക്കും മാനസികമായും ശാരീരിതകമായും ഒരുപാട് സമ്മർദ്ദമുണ്ടാക്കി. ശരിക്കും സാധാരണ രണ്ടു ദിവസമെടുത്ത് പൂർത്തിയാക്കുന്ന ഡബ്ബിങിന് ഇവിടെ ആറ് ദിവസം വേണ്ടി വന്നു. സംസാരം ശരിയാകാൻ ദിവസങ്ങളെടുത്തു. ഒന്നും ക്രെഡിറ്റായിട്ടോ പൊങ്ങച്ചമായിട്ടോ പറയുന്നതല്ല. ഞാനങ്ങനെയായിരുന്നു ആ ദിവസങ്ങളിൽ. 35-40 ദിവസം വിക്കുള്ള ഒരാളായി ജീവിച്ചു.

സു സുധി വാത്മീകത്തിൽ ജയസൂര്യ

സു സുധി വാത്മീകം ശരിക്കും വെള്ളംകുടിപ്പിച്ചുവല്ലേ ?

നല്ല സമ്മർദ്ദമുണ്ടായിരുന്നു. കാരണം ഇന്ത്യൻ സിനിമയിൽ തന്നെ വിക്കുള്ള നായകനില്ലെന്നാണ് തോന്നുന്നത്. കണ്ടുപഠിക്കാൻ റഫർ ചെയ്യാൻ നമുക്ക് മുന്നിൽ വേറൊന്നില്ല. പിന്നെ ഒരിക്കലും അഭിനയം നാടകീയമാകരുതല്ലോ. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിൽ അഭിനയിച്ചപ്പോഴും ഇങ്ങനെയായിരുന്നു. നമ്മളിങ്ങനുള്ള ധാരാളം പേരെ ജീവിതത്തിൽ കാണുന്നുണ്ട്. അതുകൊണ്ടു തന്നെ അസാധ്യമായ നാച്ചുറാലിറ്റി കഥാപാത്രങ്ങൾക്ക് വരണം. അല്ലെങ്കിൽ അത് ഓവറാകും. മൊത്തത്തിൽ ചളമാകും. അതുള്ളതുകൊണ്ട് വളരെ സൂക്ഷിച്ചാണ് അഭിനയിച്ചു തീർത്തത്.

പിന്നെ കഥാപാത്രത്തിന്റെ നാല് ജീവിത കാലഘട്ടത്തിലൂടെയാണ് കഥ പോകുന്നത്. സംസാരത്തിലെ കയറ്റിറക്കങ്ങൾ അതിനനുസരിച്ച് മാറുമല്ലോ. ഡബ്ബിങ് അപ്പോൾ‌ ശരിക്കും വെല്ലുവിളിയായിരുന്നു.

ജയസൂര്യയല്ലാതെ വേറെ നടൻമാർ കൂടിയുണ്ടല്ലോ സിനിമയിൽ. താങ്കളുടെ കഥാപാത്രം ഇവരിൽ വേറെ ആർക്കാണ് ചേരുക ?

അതെങ്ങനെ എനിക്കു പറയുവാൻ കഴിയും. ഈ കഥാപാത്രത്തിന് പൂർണത വരണമെങ്കിൽ അത് ഇയാൾ തന്നെ ചെയ്യണം. എന്നുണ്ട്. ഇവിടെ രണ്ടിലും സംഭവിച്ചത് അതാണ്. സംവിധായകർക്ക് അങ്ങനെ തോന്നിക്കാണും. ഇപ്പോൾ നോക്കൂ എന്നു നിന്റെ മൊയ്തീനിൽ രാജു എത്ര നന്നായി ചെയ്തിരിക്കുന്നുവെന്ന്. അത് മറ്റാരെങ്കിലും ചെയ്തിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നിയോ ? ഇല്ലല്ലോ. അത്രയേറെ നന്നായി ആ കഥാപാത്രം രാജുവിന് ചേരുന്നുണ്ട്. അതുപോലെ തന്നെയേ ഇതും ഉള്ളൂ.

അമർ അക്ബർ അന്തോണിയിൽ ജയസൂര്യ

അഭിനയത്തെ സ്വയം എങ്ങനെ വിലയിരുത്തുന്നു?

രണ്ടു സിനിമകളിലേയും എന്റെ അഭിനയത്തിൽ ഞാൻ സംതൃപ്തനാണ്. അത്രയേറെ ബുദ്ധിമുട്ടി രണ്ടു കഥാപാത്രങ്ങളും ചെയ്യാൻ.

ജയസൂര്യയുടെ ഇതുവരെയുള്ള കരിയറിൽ‌ നിന്ന് ഇനിയങ്ങോട്ട് മാറ്റങ്ങളുണ്ടാകുമോ?

തീർച്ചയായും. പുതിയ പടങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല. അഞ്ച് ബിഗ് പ്രോജക്ടുകൾ ഇതിനോടകം വേണ്ടെന്നു വച്ചു. നടനെന്ന നിലയിൽ‌ ജയസൂര്യ കുറച്ച് മാറ്റങ്ങൾ വരുത്തേണ്ടുന്ന കാലമായി എന്ന് എനിക്ക് മനസ്സിലായി.

എന്ത് മാറ്റങ്ങള്‍ ആണ് ഉദ്ദേശിക്കുന്നത്?

ജയസൂര്യ എന്ന നടനിൽ നിന്ന് ജനങ്ങൾ എന്ത് പ്രതീക്ഷിക്കുന്നുവോ അതിനും ഒരുപടി മുകളിലായി തിരികെക്കൊടുക്കണം എന്നാണ് ആഗ്രഹം. എന്നിലെ നടനോടും എല്ലാം തന്ന സിനിമയോടും നീതി പുലർത്തണം,. ഈ വർഷം ചെയ്തതെല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ തന്നെയാണ്. ഇനിയങ്ങോട്ടും അഭിനയ പ്രാധാന്യമുള്ള സിനിമകളായിരിക്കണം എനിക്ക് നിർബന്ധമുണ്ട്. എന്നിനുള്ള ആക്ടറെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങളുമായിരിക്കണം. സിനിമകളിൽ പരാജയങ്ങളും പിഴവുകളും ഉണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. ഇനിയതുണ്ടാകരുതെന്നാണ് ആഗ്രഹം. സിനിമകൾ വേണ്ടെന്നു വയ്ക്കുന്നത് അഹങ്കാരംകൊണ്ടല്ല, തിരിച്ചറിവുകൊണ്ടാണ്.

ജയസൂര്യ

ജയസൂര്യയെന്ന നടൻ കൂടുതൽ ഗൗരവക്കാരനായ പോലെ. സിനിമയിൽ ഇനി ജയസൂര്യയുടെ പ്രതീക്ഷകൾ എന്തെല്ലാമാണ്?

സിനിമയെ ഗൗരവത്തോടെ മാത്രമേ സമീപിച്ചിട്ടുള്ളൂ. ഇപ്പോഴന്നല്ലെ എപ്പോഴും. പിന്നെ ആഗ്രഹം പ്രതീക്ഷ, അതൊക്കെ എല്ലാ നല്ല സംവിധായർക്കൊപ്പവും പ്രവർത്തിക്കണമെന്നുണ്ട്. നല്ല വർക്കുകൾ ചെയ്യണം. അങ്ങനേയുള്ളൂ. സിനിമയിൽ എനിക്ക് ഗോഡ്ഫാദറില്ല. വീണാൽ എന്നെ താങ്ങാൻ ഞാൻ മാത്രമേയുള്ളൂ. അപ്പോൾ സൂക്ഷിച്ചു വേണം മുന്നോട്ടുപോകാൻ.

തെറ്റുകളില്‍ നിന്ന് പാഠമുൾക്കൊള്ളണം. ആക്ടർ എന്നാൽ‌ ഹീറോ അല്ലല്ലോ.നടനെന്ന നിലയിൽ ഞാനേറെ ആഗ്രഹിക്കുന്നു. കൂടുതൽ നല്ല കഥാപാത്രങ്ങൾക്കായി. കേരളത്തിനു പുറത്ത് മലയാള സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ‌ ജയസൂര്യയുടെയും ഇൻഡസ്ട്രിയല്ലേ എന്ന് ചോദിക്കുന്ന കാലത്തിനായി. ഇപ്പോൾ‌ ഞാൻ കടവന്ത്രയിലാണ് താമസിക്കുന്നത്. കടവന്ത്രയിലാണ് വീടെന്ന് ആരെങ്കിലും പറയുമ്പോൾ ആ ജയസൂര്യയുടെ വീടിനടുത്താണോ എന്നു ചോദിക്കില്ലേ. അതുപോലെ മലയാള സിനിമയെ കുറിച്ച് ലോകം സംസാരിക്കുമ്പോൾ അതിൽ ജയസൂര്യയെന്ന "നല്ല നടനെ"ക്കുറിച്ചും സംസാരിക്കണമെന്ന ആഗ്രഹം. ആഗ്രഹം മാത്രം അത്യാഹ്രഹമില്ല കേട്ടോ.

സു സുധി വാത്മീകിത്തിൽ മകൻ ഡബ്ബ് ചെയ്തല്ലോ. എങ്ങനെയായിരുന്നു അനുഭവം?

അത് പറഞ്ഞറിയിക്കാനാകിലല്ലോ. അവൻ ജനിച്ചു വീണതേ സിനിമ അറിഞ്ഞുകൊണ്ടാണ്. വീട്ടിൽ‌ സംസാരിക്കുന്നത് സിനിമയെ കുറിച്ച് അച്ഛന്റെ കൂട്ടുകാർ സിനിമയിൽ നിന്ന്. അവനും ആ ലോകത്താണ്. ഡബ്ബ് ചെയ്തപ്പോൾ ഒട്ടും ടെൻഷനില്ലായിരുന്നു അവന്. കുട്ടികളല്ലേ അവർ ഒന്നിനെ കുറിച്ചും അധികം ചിന്തിച്ചു പുകയുന്നില്ലല്ലോ. കാമറയും കൊണ്ടു നടന്ന് ചുമ്മാ ഷൂട്ട് ചെയ്യും തനിയേ എഡിറ്റ് ചെയ്യും. ഒരു ഷോട്ട് ഫിലിം ചെയ്തിട്ടുണ്ട് കക്ഷി. യു ട്യൂബിൽ ഉണ്ടത്. അവൻ എന്നേക്കാൾ ഫാസ്റ്റ് ആണെന്ന് തോന്നുന്നു.

പിന്നെ നമ്മളുടെ മക്കൾ, നമ്മളോടൊപ്പം കുട്ടിത്തം കാണിച്ചു നടക്കുന്ന മക്കൾ വളരെ സീരിയസാകുന്നതും മറ്റൊരാളായി മാറുന്നതും കാണുമ്പോൾ വേറൊരു അനുഭവമല്ലേ. അത് ഞാൻ കാണുകയും അറിയുകയും ചെയ്തിരുന്നു. സംവിധായകൻ രഞ്ജിത്തിന്റെ മകൾ അഭിനയിച്ചിരുന്നു. അസാധ്യമായിട്ട് അവളത് ചെയ്തു. അവൾ മറ്റൊരാളുകന്നത് കാണുമ്പോൾ ദൈവമേ അവൾക്കിങ്ങനൊക്കെ ചെയ്യാനറിയുമോ എന്നറിയുമ്പോൾ നമ്മളിലെ സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാനാകിലല്ലോ. രഞ്ജിത്തിന്റെയും ഭാര്യയുടെയും കണ്ണുകളിൽ ആ അത്ഭുതവും സന്തോഷവും ഞാൻ കണ്ടു.