Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സു സു... ശ്ശൊ അല്ല ശി ശി ശിവദ

Shivada Nair ശിവദ

ശിവദ ഒരു പുതുമുഖല്ല. മലയാളി എവിടെയോ കണ്ടിട്ടുണ്ട് ശിവദയെ. പക്ഷേ എവിടെയെന്ന് ഒാർത്തെടുക്കാനും പറ്റില്ല. പക്ഷേ ഇനി മലയാളി ശിവദയെ മറക്കില്ല. കാരണമുണ്ട്. പുണ്യാളൻ അഗർബത്തീസിനു ശേഷം രഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പുതിയ ചിത്രമായ സു സു സുധി വാത്മീകത്തിലെ രണ്ടു നായികമാരിൽ ഒരാളായ കല്യാണിയെ അവതരപ്പിച്ചത് ശിവദയാണ്.

കല്യാണിക്ക് സുധി വാത്മീകത്തെക്കുറിച്ച് പറയാനുള്ളത്?

ഞാൻ ശരിക്കും ആസ്വദിച്ചു ചെയ്ത ഒരു സിനിമയാണ് ഇത്. പറഞ്ഞതു പോലെ കല്യാണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ബാംഗ്ലൂരിൽ ജോലി കിട്ടി ജോയിൻ ചെയ്യുന്നതിനു മുൻപ് നാട്ടിൽ വരുന്നു. അവിടെവച്ച് സുധിയെ കാണുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ ചിത്രത്തിലുണ്ട്. ഞാനും സ്വാതിയുമാണ് ചിത്രത്തിലെ രണ്ടു നായികമാർ.

Shivada Nair ശിവദ

അരങ്ങേറ്റം ഫാസിലിന്റെ ലിവിങ് ടുഗെദറിലൂടെ ആയിരുന്നെങ്കിലും മലയാള സിനിമയിൽ പിന്നീട് ശിവദയെ അധികം കണ്ടില്ലല്ലോ?

അതേ. ഞാൻ സിനിമാലോകത്തേക്കു ചുവടുവച്ചത് ഫാസിൽ സാറിന്റെ ലിവിങ് ടുഗെദറിലൂടെ ആയിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ഇതിൽ അഭിനയിക്കാനുള്ള അവസരം എനിക്കു കിട്ടിയത്. തുടർന്ന് തമിഴിൽ നെടുംചാലൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനു ശേഷം എനിക്കു കിട്ടിയ ഒരു ഭാഗ്യമാണ് രഞ്ജിത് സാറിന്റെ സു സു സുധി വാത്മീകത്തിലെ കല്യാണി. രഞ്ജിത് സാറിന്റെ അസോസിയേറ്റ് ജീവൻ വഴിയാണ് ഞാൻ ഈ ചിത്രത്തിന്റെ ഭാഗമായത്.

സിനിമാലോകം ശിവദയ്ക്ക് അപരിചിതമല്ല, എങ്കിലും എങ്ങനെ ഉണ്ടായിരുന്നു രഞ്ജിത്- ജയസൂര്യ കൂട്ടുകെട്ടിനൊപ്പമുള്ള പ്രോജക്ട്?

(ചോദിച്ചപ്പോൾ തന്നെ ചിരി) എന്റെ ദൈവമേ, ഇത്രയും ഫണ്ണി അറ്റ്മോസ്ഫിയറുള്ള സെറ്റിൽ ഞ‍ാൻ ആദ്യമായാണ് വർക്ക് ചെയ്യുന്നത്. ജയേട്ടൻ വന്ന് ഓരോരോ കാര്യങ്ങൾ വളരെ ഗൗരവമായി പറയും. കേൾക്കുമ്പോൾ നമുക്കും തോന്നും സംഭവം ശരിക്കും സത്യമാണെന്ന്. എന്നാലും അങ്ങനെ സംഭവിച്ചോ എന്നു വീണ്ടും ചോദിക്കുമ്പോഴും പുള്ളി ഗൗരവഭാവത്തിൽ തന്നെയായിരിക്കും. നമ്മൾ ഇതെല്ലാം നടന്നതാണെന്ന് വിശ്വസിച്ച് ഇരിക്കുമ്പോഴായിരിക്കും അറിയുന്നത് വെറുതേ പറ്റിച്ചതായിരുന്നെന്ന്.

ഓരോ സീനും ജയേട്ടൻ കാണിച്ചു തരുമായിരുന്നു. കൂടെ അഭിനയിക്കുന്നവരെ ന്നനായി സപ്പോർട്ട് ചെയ്യും. സാധാരണ തമിഴ് സിനിമയിലൊക്കെ സെറ്റിൽ വളരെ ഗൗരവമായിരിക്കും. ഇവിടെ നേരേ മറിച്ച് രഞ്ജിത് സാർ ഉൾപ്പെടെ എല്ലാവരും നല്ല ജോളി ആയിരുന്നു. എപ്പോഴും ഓർത്തു ചിരിക്കാൻ പറ്റുന്ന ഒരുപാട് അനുഭവങ്ങൾ സെറ്റിൽ നിന്നു കിട്ടി.

അതിൽ രസകരമായ ഒരനുഭവം പറയാമോ?

ഒന്നൊന്നും അല്ല. ഒരുപാടുണ്ട്. ദിവസവും എന്തെങ്കിലുമൊക്കെ തമാശകൾ ഉണ്ടാകാറുണ്ട്. പക്ഷേ ഇപ്പോൾ ഇവിടെ പറയാൻ പേടിയാ. ഇനി അതിന്റെ പേരിലായിരിക്കും അടുത്ത കളിയാക്കൽ വരുന്നത്.

ശിവദയെ ഒന്നു പരിചയപ്പെടുത്താമോ?

എന്റെ യാഥാർഥ പേര് ശ്രീലേഖ എന്നായിരുന്നു. തമിഴിൽ എത്തിയപ്പോഴാണ് പേരു മാറ്റിയത്. മറ്റൊരു പേര് എന്ന ആവശ്യം വന്നപ്പോൾ പിന്നെ അങ്ങ് ന്യൂമറോളജിയൊക്കെ നോക്കി ശിവദ എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. അടിസ്ഥാനപരമായി ഞാൻ ഒരു എൻജിനീയർ ആണ്. സോഫ്റ്റ്്വെയർ ഫീൽഡിൽ നിന്ന് ഓഫറുകൾ വന്നെങ്കിലും താൽപര്യം ഇല്ലാത്തതിനാൽ ജോലി സ്വീകരിച്ചില്ല. ഹയർ സ്റ്റഡീസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അച്ഛൻ ഡെല്ലിൽ അസിസ്റ്റന്റ് മാനേജരായിരുന്നു വിജയരാജൻ, അമ്മ കുമാരി. ഒരു ചേച്ചി ഉണ്ട് ശ്രീധന്യ. ചേച്ചിയും എൻജിനീയർ ആയിരുന്നു. ഇപ്പോൾ ജോലി രാജിവച്ച് കുഞ്ഞിനെ നോക്കി ഇരിക്കുന്നു.

സിനിമയിലേക്ക് എത്തപ്പെട്ടത് എങ്ങനെയായിരുന്നു?

സ്കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോൾ ഡാൻസ്, മോണോ ആക്ട് മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുമുണ്ട്. കോളജിൽ ആയപ്പോൾ പോക്കറ്റ് മണി സമ്പാദനത്തിനായി ആങ്കറിങ് ഒക്കെ ചെയ്യുമായിരുന്നു. അന്നൊക്കെ കുറെ ഓഫറുകൾ വന്നിരുന്നെങ്കിലും വീട്ടിൽ നിന്ന് അധികം പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ ഫാസിൽ സാറിന്റെ സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എനിക്കും വലിയ ആഗ്രഹമായി. ആഗ്രഹിക്കുന്ന എല്ലാവർക്കും സിനിമയിൽ അവസരം കിട്ടണമെന്നില്ല. നൂറിൽ പത്തു പേർക്ക് മാത്രമായിരിക്കും ആ ഭാഗ്യം ലഭിക്കുക. ഇപ്പോൾ എനിക്കും അതിനുള്ള ഒരു ഭാഗ്യം കിട്ടിയിരിക്കുകയാണ്. അങ്ങനെയാണ് ലിവിങ് ടുഗെദറിൽ ഞാൻ അഭിനയിച്ചത്.

Su Su Sudhi Vathmeekam - Posters സു സു സുധി വാത്മീകം - പോസ്റ്റർ

അപ്പോഴേക്കും വീട്ടുകാരുടെ മനോഭാവം മാറിയിരുന്നോ?

ഇങ്ങനെയൊക്കെ ആണെങ്കിലും അച്ഛനും അമ്മയും നല്ല സപ്പോർട്ടീവ് ആണ്. നമ്മൾ ഒരു കാര്യം ചോദിക്കുമ്പോൾ അതിന്റെ ഗുണവും ദോഷവുമെല്ലാം പറഞ്ഞു തരും. പിന്നെ തീരുമാനം നമ്മുടേതാണ്. ഇവിടെയും അതുതന്നെ സംഭവിച്ചു. ഫാസിൽ സാറിന്റെ ഓഫർ വന്നപ്പോൾ എനിക്കും തോന്നി പിന്നീട് തിരിഞ്ഞു നോക്കുമ്പോൾ ഒരു നഷ്ടബോധം തോന്നരുതെന്ന്. ഇവിടെ ഞാൻ തയാറായപ്പോൾ അവരും കൂടെ നിന്നു. നിന്റെ ഇഷ്ടം ചെയ്തോ, നിന്നെ സപ്പോർട്ട് ചെയ്യാൻ ഞങ്ങളുണ്ടാകും എന്ന് അവർ പറഞ്ഞു.

ക്ലാസിക്കൽ ഡാൻസ് പഠനം ഇപ്പോഴും തുടരുന്നുണ്ടോ?

കാലടിയിൽ സുധ പീതാംബരൻ മാസ്റ്ററുടെ കീഴിലായിരുന്നു പഠനം. ഷൂട്ട് ഒക്കെ ആയപ്പോൾ ഇടയ്ക്ക് പഠനം മുടങ്ങി. ഇപ്പോൾ ചെന്നൈയിൽ ധനഞ്ജയൻ-ശനാതാ ധനഞ്ജയൻ എന്നിവരുടെ ഭരത കലാഞ്ജലിയിൽ പഠിച്ചു കൊണ്ടിരിക്കുന്നു.

മറ്റു പ്രോജക്ടുകൾ

തമിഴിൽ ശിവ മോഹ സാറിന്റെ സീറോ ചെയ്തു കൊണ്ടിരിക്കുന്നു. ബോബി സിൻഹയോടൊപ്പം വേറൊരു പ്രോജക്ട് ഉണ്ട്. വേറേ രണ്ട് തമിഴ് ചിത്രങ്ങളും ഒരു കന്നഡ ചിത്രവും കൂടിയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.