കേരളത്തിൽ സർക്കസ് കൂടാരത്തിന്റെ കാറ്റഗറിയിലാണ് തീയറ്റർ: ഗണേഷ് കുമാർ

തീയറ്ററുകളിൽ സിനിമയ്ക്കു മുമ്പ് ദേശീയഗാനം കേൾപ്പിക്കുന്നതിനെച്ചൊല്ലി പ്രതിഷേധവും ചർച്ചകളും നടക്കുകയാണ്. കുറച്ചുപേർ സുപ്രീംകോടതി വിധിയെ അനുകൂലിക്കുമ്പോൾ മറ്റുചിലർ എതിർ‍ക്കുന്നു. ദേശീയത ജനങ്ങളിൽ അടിച്ചേൽപ്പിക്കേണ്ടതല്ല എന്നാണ് മറ്റൊരു പക്ഷം. എന്നാൽ ദേശീയഗാനം തീയറ്ററുകളിൽ ചൊല്ലിക്കണമെന്നുള്ള കോടതി ഉത്തരവിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്ന ഒരാളുണ്ട് നമ്മുടെ നാട്ടിൽ. മുൻ സിനിമാ സാംസ്കാരിക മന്ത്രിയും ഇപ്പോഴത്തെ പത്തനാപുരം എംഎൽഎയുമായ ശ്രീ കെബി ഗണേഷ്കുമാർ. കാരണം മറ്റൊന്നുമല്ല 2012 മുതൽ തന്നെ അദ്ദേഹം കേരള സർക്കാരിനു കീഴിലുള്ള കൈരളി ശ്രീ തീയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിച്ചിരുന്നു. ആ തീരുമാനത്തെക്കുറിച്ചും ഇപ്പോൾ നടക്കുന്ന വിവാദങ്ങളെക്കുറിച്ചുമെല്ലാം ഗണേഷ്കുമാർ മനോരമ ഒാൺലൈനോട് പറയുന്നു.

സത്യം പറഞ്ഞാൽ സുപ്രീംകോടതി വിധിയിൽ എനിക്ക് വലിയ അഭിമാനം തോന്നി. ഞാൻ ഇക്കാര്യം വർഷങ്ങൾക്കു മുമ്പേ നമ്മുടെ നാട്ടിൽ നടപ്പാക്കിയല്ലോ എന്നോർത്ത്. 2012ൽ ഞാൻ മന്ത്രിയായിരിക്കുന്ന കാലത്താണ് ഇത് ദേശീയഗാനം സിനിമയ്ക്കു മുമ്പ് കേൾപ്പിക്കുന്ന കാര്യം ആലോചിച്ച് നടപ്പാക്കുന്നത്. അതിനുമുമ്പ് സിനിമയ്ക്ക് ശേഷം ദേശീയഗാനം കേൾപ്പിക്കുമായിരുന്നു. പക്ഷേ, ആ സമയത്ത് തീയറ്ററിൽ നിന്നും കാണികളെല്ലാം എഴുന്നേറ്റുപോകും. ആരും ദേശീയഗാനം തീരുന്നതുവരെ നിൽക്കാനുള്ള മനസുകാണിക്കാറില്ല. ആ കാഴ്ച വളരെ വേദന ഉണ്ടാക്കുമായിരുന്നു. അങ്ങനെയാണ് സിനിമയ്ക്കു മുമ്പ് കേൾപ്പിക്കാൻ ഉത്തരവിടുന്നത്. അന്ന് പല സ്വകാര്യ തീയറ്ററുടമകളോടും ഞാൻ അഭ്യർഥിച്ചതാണ് ഇൗ പദ്ധതി നടപ്പാക്കണമെന്ന്. എന്നാൽ അവരത് നിഷേധിച്ചു.

ജയചന്ദ്രനെക്കൊണ്ടാണ് ഇന്ന് തീയറ്ററുകളിൽ കേൾക്കുന്ന ഗാനം ഹൈ ക്വാളിറ്റിയിൽ റെക്കോ‍ഡ് ചെയ്യിച്ചത്. അത് തന്നെയാണ് ഇപ്പോഴും കേൾപ്പിക്കുന്നത്. സിനിമയുടെ ദൈർഘ്യത്തെ ഇത് ബാധിക്കുമെന്നൊക്കെ പറയുന്നത് വെറുതെയാണ്. സ്കൂളിലെത്തുന്ന കുട്ടികൾക്ക് മെഡിറ്റേഷൻ കൊടുത്തശേഷം ക്ലാസെടുക്കുന്ന പോലെയാണ് ദേശീയഗാനം കേട്ടശേഷം സിനിമകാണുന്നത്. എല്ലാവരുടേയും മനസ് ഒരുപോലെയാക്കാൻ ഇത് സഹായിക്കും.

ഇന്ത്യൻ പൗരനാണെങ്കിൽ ഇവിടുത്തെ നിയമം അനുസരിക്കണം. ചലച്ചിത്രമേളയ്ക്കെത്തിയവർ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. ഫിലിംഫെസ്റ്റിവല്ലിൽ വരുന്നവർ നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. ഞാൻ ചലച്ചിത്രമേളകളൊക്കെ നടത്തിയിട്ടുണ്ട്. ഇനി ഗോവയിൽ നടക്കുന്ന ചലച്ചിത്രമേളയിലും ദേശീയഗാനം കേൾപ്പിക്കും. എല്ലാവരും എഴുന്നേറ്റു നിന്നേ പറ്റൂ., പ്രശ്നമുണ്ടാക്കുന്നവർ സിനിമകാണാൻ വരുന്നവരല്ല. വെറുതെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി വരുന്നവരാണ്,. അവർ കൂകി വിളിക്കാനും ഉല്ലാസയാത്രയ്ക്കുമായി വരുന്നതാണ്, മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ചെയ്യുന്ന അഭ്യാസങ്ങളാണെല്ലാം. ചലച്ചിത്രമേളയ്ക്ക് ഒാരോ സിനിമയ്ക്കു മുമ്പും എഴുന്നേൽക്കണമെന്നായിരുന്നല്ലോ പരാതി. അങ്ങനെയുള്ളവർ സിനിമ കാണണ്ട. ഒരുദിവസം ഒരു സിനിമ കണ്ടാൽ മതി.

ഞാൻ മന്ത്രിയായിരുന്ന സമയത്ത് തീയറ്ററുകളിൽ സിസിടിവി കാമറ സ്ഥാപിച്ചു. അത് സ്ത്രീ സുരക്ഷയ്ക്ക് ഏറ്റവും സഹായകമായിരുന്നു. എന്നാൽ ഇതിനെതിരെ കുറേപ്പേർ രംഗത്തുവന്നു, കാമറ തല്ലിപ്പൊട്ടിക്കുമെന്ന് പറഞ്ഞു, ഞാൻ പറ‍ഞ്ഞു, ധൈര്യമുണ്ടെങ്കിൽ പൊട്ടിച്ചോളൂ, പക്ഷേ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കുമെന്ന്. അങ്ങനെ ആ പ്രതിഷേധം നിന്നു. എന്റെ ഒരു സുഹൃത്ത് പറഞ്ഞത് സ്കൂളിൽ നിന്ന് പിരിഞ്ഞതിന് ശേഷം ദേശീയഗാനം കേട്ടപ്പോൾ അഭിമാനത്തോടെ എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞത് ഇത്തവണ തീയറ്ററിൽ ദേശീയ ഗാനം കേട്ടപ്പോഴാണെന്നാണ്.
കോടതി നിർദേശം നടപ്പാക്കുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ട്, ബിജെപിയുടെ അജൻഡയാണെന്ന് പറയുന്നതൊക്കെ വെറുതെയാണ്. രാജ്യത്തിന്റെ ദേശീയപതാകയെ മാനിക്കുന്നതും ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കുന്നതുമെല്ലാം ബിജെപിക്കുവേണ്ടിയാകുന്നതെങ്ങനെ‌യാണ്? ബിജെപിയുടെ പതാകയെ ആദരിക്കാനൊന്നുമല്ലല്ലോ അവർ പറയുന്നത്.

ഞാൻ ഇൗ പദ്ധതി നടപ്പാക്കിയ സമയത്തും ഒരുപാട് പ്രതിഷേധങ്ങളുണ്ടായിരുന്നു. അന്നത്തെ ഡയറക്ടറാണ് ഇന്നും ഫിലിം ഡവലപ്മെന്റ്കോർപ്പറേഷനിലുള്ളത്. അവർ പറയുമായിരുന്നു പ്രതിഷേധക്കാരെക്കൊണ്ട് പൊറുതിമുട്ടിയെന്ന്. ഇത് നിർത്താൻ വേണ്ടി വിവരാവകാശ നിയമവുമായി അന്ന് കുറെപ്പേർ ഇറങ്ങിയിരുന്നു.

ഇവിടെ തീയറ്ററുകാർ കൊള്ള നടത്തുകയാണ്. ഞാനാണ് തീയറ്റർ നവീകരിക്കാൻ ആദ്യമായി ആവശ്യപ്പെട്ടത്. അതിന് ശേഷമാണ് കുടുംബമായി ആളുകൾ സിനിമകാണാൻ എത്തിത്തുടങ്ങിയത്. ഇവിടെ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. തമിഴ്‍നാട്ടിൽ എല്ലാ തീയറ്ററുകളിലും മൾട്ടിപ്ലക്സ് ഉൾപ്പെടെ ടിക്കറ്റ് നിരക്ക് മാക്സിമം 120 രൂപയാണ്. അതിൽ 10ശതമാനം പാവപ്പെട്ടവർക്കുവേണ്ടി സംവരണമാണ്. സംവരണ സീറ്റിൽ പത്ത് രൂപയ്ക്ക് ടിക്കറ്റ് നൽകും.

കേരളത്തിൽ സർക്കസ് കൂടാരത്തിന്റെ കാറ്റഗറിയിലാണ് തീയറ്ററും. പഞ്ചായത്ത് ലൈസൻസും ഒരു വയറിങ്ങ് ലൈസൻസും മാത്രം മതി തീയറ്ററിന്. സുരക്ഷപോലും പ്രധാനമല്ല. എന്നാൽ നമ്മുടെ നാട്ടിൽ തീയറ്ററുകളെ ഒരു ഫിലിം ഡയറക്ടറേറ്റിന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ അതിന് തുരങ്കം വച്ചു. അന്ന് തീയറ്റർ നിലവാരം ഉയർത്താനും നിരക്ക് നിയന്ത്രിക്കാനുമൊക്കെ ഞാൻ ശ്രമിച്ചു. ഒാരോ നവാഗത എഴുത്തകാർക്കും തന്റെ കഥ ഇൗ ഡയറക്ടറേറ്റിൽ സീൽ ചെയ്യിച്ചു സൂക്ഷിക്കാമായിരുന്നു.

കഥമോഷണമൊക്കെ അങ്ങനെ തടയാമായിരുന്നു. അതുപോലെ ടിക്കറ്റ് മെഷീന്റെ കാര്യവും ഇതുവരെ നടപ്പിലായിട്ടില്ല, റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്റിൽ നിന്നുമെല്ലാം സിനിമാ ടിക്കറ്റ് വാങ്ങാനുള്ള ഏർപ്പാട് ടിക്കറ്റ് മെഷിനിലൂടെ നടപ്പായേനെ. ക്യൂ നിൽക്കണ്ട ആവശ്യമേ വരില്ലായിരുന്നു, ഇനി എന്ന് നമ്മുടെ നാട്ടിൽ ഇതെല്ലാം നടപ്പാകുമെന്ന് കണ്ടറിയാം, ഗണേഷ് കുമാർ മനോരമ ഒാൺലൈനോട് പറഞ്ഞു.