ഇൻഷാ അള്ളാഹ്; ഗീതുവിന്റെ പുതിയ സിനിമ വരുന്നു

ഗീതു മോഹൻദാസ്

കാത്തിരിപ്പിന് വിരാമമിട്ട് ഗീതുമോഹൻദാസ് മലയാളത്തിലേക്ക് എത്തുന്നു. ലയേഴ്സ് ഡയസിന് ശേഷം ഗീതു സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ട് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. ഇൻഷാഅള്ളാഹ് എന്നാണ് സിനിമയുടെ പേര്. മുല്ലക്കോയയുടെ അക്ബറിനെ തേടിയുള്ള യാത്രയാണ് ഇൻഷാഅള്ളാഹ്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരണം ഉടൻ ആരംഭിക്കും. 

ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. ലയേഴ്സ് ഡയസിന് പിന്നിൽ പ്രവർത്തിച്ച ടീം തന്നെയാണ് ഇത്തവണയും തന്നോടൊപ്പമുള്ളതെന്ന് ഗീതു വ്യക്തമാക്കി. ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറക്കുന്ന ചിത്രത്തിലെ നായകന് ആരാണെന്ന് ഗീതുവെളിപ്പെടുത്തിയിട്ടില്ല. അത് പ്രേക്ഷകർക്കുള്ള വലിയൊരു സർപ്രൈസ് ആയിരിക്കുമെന്ന് ഗീതുമോഹൻദാസ് അറിയിച്ചു. അതോടൊപ്പം ആ നായകന്റെ സിനിമാജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അഭിനയമുഹുർത്തങ്ങളാവും ഇൻഷാഅള്ളാഹ് സമ്മാനിക്കുകയെന്നും ഗീതു പറഞ്ഞു.

അന്തർദേശീയ തലത്തിൽ വിഖ്യാതമായ ദൃശ്യം സുഡാൻസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്  ഗോവയിൽ സംഘടിപ്പിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2015ൽ തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമ കൂടിയാണ് ഇൻഷാഅള്ളാഹ്. ഇന്ത്യ ഒട്ടാകെയുള്ള തിരക്കഥാകൃത്തുകൾക്കായി സംഘടിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ പങ്കെടുത്തവരിൽ നിന്നും ഏഴു തിരക്കാകൃത്തുകളെയാണ് ഏറ്റവും മികച്ച പട്ടികയിൽ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്നും ഓസ്കാറിലേക്കുള്ള ആദ്യ ചവിട്ടുപടിയെന്ന് വിശേഷിപ്പിക്കാവുന്ന ദൃശ്യം സുഡാൻസ് സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ പങ്കെടുത്തത് തന്റെ ജീവിത്തിലെ മറക്കാനാവാത്ത ഒരു അനുഭവവും പാഠവുമാണ് ഗീതു പറയുന്നു. തിരക്കഥകളെക്കുറിച്ചുള്ള കാഴ്ച്ചപാടുകൾ തന്നെ മാറ്റുന്നതായിരുന്നു സ്ക്രീൻ റൈറ്റേഴ്സ് ലാബ് എന്നും ഗീതു പറഞ്ഞു.

അംഗീകാരപ്രഭയിൽ എത്തുന്ന തിരക്കഥയ്ക്ക് ഗീതുവിന്റെ സംവിധാനവും രാജീവ് രവിയുടെ ഛായാഗ്രഹണവും ഒത്തുചേരുമ്പോൾ മലയാളിക്ക് ലഭിക്കുന്ന മറക്കാനാവാത്ത സിനിമാഅനുഭവം തന്നെയായിരിക്കും.