സോഹൻ റോയ്ക്കൊപ്പം ബ്രഹ്മാണ്ഡ സിനിമയുമായി ഐ വി ശശി

നീണ്ട ഇടവേളയ്ക്കു ശേഷം ഒരു ഐ വി ശശി ചിത്രം വരുന്നു. പ്രമുഖ നിർ‌മാതാവ് സോഹൻ റോയിക്കൊപ്പം ചേർന്നൊരു ബ്രഹ്മാണ്ഡ ചിത്രമാണു മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകൻ ഒരുക്കുന്നത്. കുവൈറ്റ് യുദ്ധത്തെ അടിസ്ഥാനമാക്കി എടുക്കുന്ന ചിത്രം ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകളിലാണെത്തുക.

മലയാളം സിനിമയ്ക്കായി ഇനിയും കാത്തിരിക്കണമെങ്കിലും ഐ. വി ശശി ചിത്രമായതിനാൽ മലയാളത്തിനതൊരു നല്ല വാർത്ത തന്നെ. ബേർണിങ് വെൽസ് എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നത്. മൂന്നു വർഷം മുന്‍‌പേ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഏറ്റവും മികച്ച സാങ്കേതിക വിദ്യ തന്നെയാകും ചിത്രത്തിനായി ഉപയോഗപ്പെടുത്തുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണു സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ഐ.വി. ശശി പുറത്തുവിട്ടത്.

"സിനിമയെയാണ് എന്നും പ്രണയിച്ചത്. അതുകൊണ്ടു തന്നെ അതിൽ ഒരു വലിയ ഇടവേള എടുക്കേണ്ടി വന്നത് ഏറെ ക്ലേശകരമായ കാര്യമായിരുന്നു. തിരിച്ചു വരുന്നെങ്കിൽ, മനസിൽ എപ്പോഴും മോഹിച്ചിരുന്ന വിഷയം ചെയ്തുകൊണ്ടാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. കുവൈറ്റ് യുദ്ധമായിരുന്നു മനസിൽ ഉണ്ടായിരുന്ന വിഷയം. മലയാളത്തിൽ ഇത്രയും വലിയൊരു ചിത്രം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാൻ പോകുന്നില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ഹിന്ദിയിൽ സിനിമയെടുക്കുവാൻ തീരുമാനിച്ചത്.

കുവൈറ്റിലേക്കും ഇതിനായി യാത്ര പോയിരുന്നു. അതിന്നും തുടരുന്നു. ലോകത്തു കിട്ടാവുന്ന ഏറ്റവും നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ചു ചിത്രം പൂർത്തികരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ ഏറ്റവും വലിയ കാൽവയ്പാണിത്. എല്ലാവരുടെയും പിന്തുണയും പ്രാർഥനയും വേണം." ഐ.വി ശശി ഫേസ്ബുക്കിൽ കുറിച്ചു.