രാഷ്ട്രീയമില്ല സൗഹൃദം മാത്രം: ജയറാം

സിനിമക്കാരും രാഷ്ട്രീയവും തമ്മിലുള്ള അടുപ്പം കൂടുതൽ തെളിഞ്ഞ ദിനങ്ങളാണ് നമ്മൾ കണ്ടത്. പലപ്പോഴുമത് വലിയ ചർച്ചകള്‍ക്ക് വഴിവച്ചു. അതിലെ താരങ്ങളിലൊന്നായിരുന്നു ജയറാം. ബിജെപിക്കും എൽഡിഎഫിനും യുഡിഎഫിനും വേണ്ടി അദ്ദേഹം ഒരേ സമയം വേദികളിലെത്തി. സത്യത്തിൽ ജയറാം ഏത് പാർട്ടിക്കൊപ്പമാണെന്നായിരുന്നു ചിലരുടെ വിമർശനം. വിമർശനങ്ങളോടും വിവാദങ്ങളോടും വലിയവാക്കുകളിൽ പ്രതികരിക്കാനൊന്നും ജയറാം ഇല്ല.

എന്നാൽ ഇതൊന്നും രാഷ്ട്രീയലക്ഷ്യത്തോടെ അല്ലെന്നും സൗഹൃദം കൊണ്ട് മാത്രമാണെന്നും ജയറാം മനോരമ ഓൺലൈനോട് പറഞ്ഞു. രാഷ്ട്രീയവും സൗഹൃദവും ഒരിക്കലും കൂട്ടിക്കുഴയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശേരി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥി ഗോപകുമാറിന് വേണ്ടി ജയറാം എത്തിയിരുന്നു. പൂരവും ആനയും ജയറാമിന് ഹരമാണെന്നുള്ള കാര്യം അറിയാമല്ലോ. ഗോപകുമാറും അങ്ങനെ തന്നെ. ഇക്കാര്യത്തിൽ ഇരുവര്‍ക്കും ഒരേ ആവേശമാണ്.

കുട്ടിക്കാലം തൊട്ടേ തന്റെ ഏറ്റവും അടുത്തുസുഹൃത്ത് കൂടിയാണ് ഗോപുവെന്നും അദ്ദേഹം ആവശ്യപ്പെടാതെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതെന്നും ജയറാം പറയുന്നു. ജീവിതത്തിലെ സന്തതസഹചാരിയും ഒരു സുഹൃത്തുമെന്ന നിലയിലും ഗോപുവിനൊപ്പം എന്നുമുണ്ടാകുമെന്നും ജയറാം പറഞ്ഞു.

ധർമ്മടത്ത് മഹാകവി ഒഎൻവിയെ അനുസ്മരിച്ചുള്ള കലാസന്ധ്യ ഉദ്ഘാടനം ചെയ്യാനെത്തിയതും രാഷ്ട്രീയമായി മാറ്റിയതില്‍ അദ്ദേഹത്തിന് വിഷമമുണ്ട്. അവിടെയും പാർട്ടിയുടെ പേരിൽ തന്റേ പേര് ഉപയോഗിച്ചു.

ചടങ്ങില്‍ കഥാകൃത്ത് ടി പദ്മനാഭന്‍, ലെനിന്‍ രാജേന്ദ്രന്‍ ,ടി എ റസാഖ്, ഔസേപ്പച്ചന്‍, രമേശ് നാരായണന്‍, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഒരു പെരുമ്പാവൂര്കാരനും അതിലുപരി ഇന്ത്യൻ പൗരനുമെന്ന നിലയിലാണ് പി.സി വിഷ്ണുനാഥിന്റെ സാനിധ്യത്തിൽ ജിഷയ്ക്ക് വേണ്ടി മെഴുകുതിരികൾ തെളിക്കാനും ജയറാം എത്തിയത്.

മാത്രമല്ല ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്ന ദിനം കൂടിയായിരുന്നു ഇന്ന് ജയറാമിന്. മാനസികമായി വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന കോതമംഗലത്തെ സ്വാന്തനം സ്പെഷൽ സ്കൂളിലായിരുന്നു ജയറാമിന്റെ ഇന്നത്തെ ദിനം. അവിടെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ ഒരുപാട് നിമിഷങ്ങൾ ഉണ്ടായി.

ആ കുഞ്ഞുങ്ങളോടൊപ്പം ചെണ്ടമേളം നടത്തി വലിയൊരു ആഘോഷമാക്കി മാറ്റാന്‍ ജയറാമിന് സാധിച്ചു. കുഞ്ഞുങ്ങൾ അസ്സലായി ചെണ്ടകൊട്ടുന്നത് കണ്ട് അത്ഭുതപ്പെട്ട്് പോയെന്ന് ജയറാം പറയുന്നു.

അവിടെ ഒരു മരം നടുവാനുള്ള അവസരവും താരത്തിന് ലഭിച്ചു. ‍‍ജ‍യറാം നട്ട മരത്തിന് ബാവ തിരുമേനി ഒരു പേരും നൽകി ‘ജാക്ക്’. അവിടെയാണ് മറ്റൊരു അത്ഭുതം ജയറാമിനെ തേടിയെത്തിയത്.

ജാക്ക് എന്നത് ജയറാമിന്റെയും കുടുംബത്തിന്റെയും ‘കോഡ്’ വാക്കാണ്. ജെ എന്ന അക്ഷരം ജയറാം, എ എന്നാൽ അശ്വതി (പാർവതി), സി എന്നത് ചക്കി (മാളവിക), കെ എന്ന അക്ഷരം കണ്ണനും (കാളിദാസൻ). എന്നാൽ ഇതൊന്നും അറിയാതെയാണ് ബാവ തിരുമേനി ആ മരത്തിന് ജാക്ക് എന്ന പേര് നൽകിയതെന്ന് ജയറാം പറഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമായി കാണാനാണ് താരത്തിന് ഇഷ്ടം.

സിനിമാതാരങ്ങളിൽ പലരും തങ്ങളുടെ രാഷ്ട്രീയം വ്യക്തമാക്കാൻ മടിക്കുന്നവരാണ്. എന്നാൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമായി രാഷ്ട്രീയമെന്ന മാനത്തിനപ്പുറം സൗഹൃദത്തിന് പ്രധാന്യം നൽകി എല്ലാവരോടും ശരിദൂരം പാലിക്കുകയാണ് ജയറാം.