ഇല്ലാത്തത് പറഞ്ഞ് പ്രേക്ഷനെ ചതിക്കാനാവില്ല: ജീത്തു ജോസഫ്

ജോർജ്ജ്കുട്ടിക്ക് ശേഷം ജോസുകുട്ടിയുമായി ജീത്തു ജോസഫ് വരുന്നു. ദൃശ്യം നൽകിയ തിളക്കമാർന്ന വിജയത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ജീത്തു ജോസഫ് പങ്കുവെക്കുന്നു.

ജോർജ്ജ്കുട്ടിക്ക് ശേഷം ജോസൂട്ടി. ലൈഫ് ഓഫ് ജോസുകുട്ടിയിലൂടെ പ്രേക്ഷകർക്കു തരുന്ന വിരുന്ന് എന്താണ്?

മെമ്മറീസും ദൃശ്യവും പോലെ ഇതിൽ യാതൊരുവിധ സസ്പൻസുകളും ട്വിസ്റ്റുകളും ഒന്നുമില്ല. പ്രേക്ഷകർക്ക് നിരാശ തോന്നാത്ത നല്ല ഒരു സിനിമയായിരിക്കും ലൈഫ് ഓഫ് ജോസൂട്ടി. പിന്നെ ദിലീപ് സിനിമകളിൽ സ്ഥിരം കാണാറുള്ള കോമഡികൾ ഇതിൽ ഇല്ല, കുറച്ചുകൂടി കഥാപാത്ര കേന്ദ്രീക്രിതമായ സിനിമയായിരിക്കും ലൈഫ് ഓഫ് ജോസൂട്ടി.

പ്രത്യേകിച്ച് സസ്പൻസുകൾ ഒന്നുമില്ല എന്ന് ഉറപ്പിക്കാനാണോ ട്വിസ്റ്റില്ല, സസ്പൻസില്ല, ഒരു ജീവിതം മാത്രം എന്ന ടാഗ് ലൈൻ?

എനിക്ക് സിനിമ കാണാൻ വരുന്ന പ്രേക്ഷനെ ചതിക്കാനാവില്ല അതുകൊണ്ടാണ് ഇത്തരമൊരു ടാഗ്‌ലൈൻ നൽകിയത്. ഒരുപാടു പേർ എന്നോട് ചോദിച്ചു മെമ്മറീസു പോലെ ദൃശ്യം പോലെ ക്ലൈമാക്സിൽ എന്തെങ്കിലും സസ്പൻസ് കാണുമായിരിക്കും അല്ലേ എന്ന്? അങ്ങനെയാതൊരു സസ്പൻസുകളുമില്ല. അത്തരം പ്രതീക്ഷയോടെ പ്രേക്ഷകർ ഈ സിനിമ കാണാൻ വരരുത് അതുകൊണ്ടാണ് ഇങ്ങനെയൊരു ടാഗ്‌ലൈൻ നൽകിയത്.

ദൃശ്യത്തിന്റെ വിജയം സംവിധായകൻ എന്ന നിലയിൽ ഉത്തരവാദിത്വം കൂട്ടിയോ?

അങ്ങനെയൊരും ഭാരമൊന്നും എനിക്ക് ഇല്ല. എടുക്കുന്ന സിനിമ പ്രേക്ഷകർ അയ്യേ എന്ന് പറയരുത് അത്രേ എനിക്ക് ആഗ്രഹമൊള്ളൂ. ദൃശ്യം ഇറങ്ങിയപ്പോഴും പ്രതീക്ഷ അതായിരുന്നു. കണ്ടിട്ട് ആരും മോശം പറയാത്ത സിനിമയാകണം. അതോടൊപ്പം നിർമാതാവിനും എന്നേക്കൊണ്ട് നഷ്ടം ഉണ്ടാക്കരുത്. അതിനുവേണ്ടിയുള്ള പരിശ്രമമാണ് ഓരോ സിനിമയും. പിന്നെ വിജയ പരാജയങ്ങളെല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

ലൈഫ് ഓഫ് ജോസൂട്ടി എന്ന പേരിന്റെ രഹസ്യം എന്താണ്?

അത് ഒരാളുടെ പത്തു വയസ്സു മുതൽ മുപ്പതു വയസ്സുവരെയുള്ള ജീവിതകഥയാണ്. ആത്മകഥാസ്പർശമുള്ള സിനിമ എന്നു പറയാം. അയാൾ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങൾ, അയാളുടെ ജീവിതത്തിൽ കടന്നു വരുന്ന കഥാപാത്രങ്ങൾ, അയാളുടെ ജീവിതത്തിലെ കാലഘട്ടങ്ങൾ അതെല്ലാമാണ് ലൈഫ് ഓഫ് ജോസൂട്ടി പറയാൻ ശ്രമിക്കുന്നത്. ജോസൂട്ടിയുടെ കട്ടപ്പനയിൽ നിന്നും ന്യൂസിലാൻഡിലേക്കുള്ള യാത്ര കൂടിയാണിത്. കുഗ്രാമത്തിൽ ജനിച്ച ആൾ ന്യൂസിലാൻഡിലെത്തുമ്പോഴുള്ള കാര്യങ്ങളും സിനിമയിൽ കാണിക്കുന്നുണ്ട്. ജോസൂട്ടിയുടെ രണ്ടു തലങ്ങൾ ലൈഫ് ഓഫ് ജോസൂട്ടി.

ജോർജ്ജുകുട്ടിയും ജോസൂട്ടിയും തമ്മിൽ എന്തെങ്കിലും സമാനതകൾ ഉണ്ടോ?

രണ്ടു കഥാപാത്രങ്ങളും കർഷക കുടുംബത്തിൽ നിന്നുള്ളവരാണെന്ന സമാനത മാത്രമേ ഒളളൂ. ജോർജ്ജുകുട്ടിയെക്കാൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവിവാഹിതനായ ചെറുപ്പക്കാരനാണ് ജോസൂട്ടി. അയാൾക്ക് രണ്ടു പെങ്ങന്മാരുണ്ട്, കാമുകിയുണ്ട് അവരിലൂടെയെല്ലാം ജോസൂട്ടിയുടെ കഥ അനാവരണം ചെയ്യുകയാണ് ഈ സിനിമ.

ആരൊക്കെയാണ് ജോസൂട്ടിയിലെ പ്രധാനകഥാപാത്രങ്ങൾ?

ജ്യോതികൃഷ്ണ, രചന നാരായണൻ കുട്ടി, കൃഷ്ണ പ്രഭ, സുരാജ് വെഞ്ഞാറമൂട്, സുനിൽ സുഗദ, പാഷാണം ഷാജി, ശശി കലിംഗ, ഹരീഷ് പേരാടി, വിജയകുമാരി അങ്ങനെ വലുതും ചെറുതുമായ ഒരുപാട് കഥാപാത്രങ്ങളുണ്ട്. എന്റെ മറ്റു സിനിമകളെ അപേക്ഷിച്ച് താരങ്ങളുടെ എണ്ണം ലൈഫ് ഓഫ് ജോസൂട്ടിയിൽ കൂടുതലാണ്.