ദൃശ്യത്തിനും ഊഴത്തിനും ശേഷം ജീത്തുവിന്റെ ‘ലക്ഷ്യം’

ജീത്തു ജോസഫ്, അൻസാർ ഖാൻ, ബിജു മേനോൻ, ഇന്ദ്രജിത്ത്

ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതുന്നു. നവാഗതനായ അന്‍സാർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ജീത്തു തൂലിക ചലിപ്പിക്കുക. ലക്ഷ്യം എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണ്. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു എഴുതുന്ന ത്രില്ലർ എന്ന പ്രത്യേകതയും ലക്ഷ്യത്തിനുണ്ട്.

ബിജു മേനോനും ഇന്ദ്രജിത്തുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഴുപതുശതമാനവും കൊടുംവനത്തിനുള്ളിൽ ആയിരിക്കും ചിത്രീകരണം. ചിത്രത്തിൽ നായികയായി എത്തുന്നത് ശിവദയാണ്.

‘ലക്ഷ്യം എന്റെ ആദ്യ സംവിധാനസംരഭമാണ്. വിജി തമ്പിയുടെയും ബ്ലെസിയുടെയും ഒപ്പം അസോഷ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. അതിൽ സംസ്ഥാനപുരസ്കാരവും ലഭിച്ചു. ജീത്തു എന്റെ അടുത്ത സുഹൃത്താണ്. ഒരു കഥ ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് കേൾക്കാൻ ആഗ്രഹം പ്രകടിപ്പിച്ചത് ജീത്തുവാണ്. കഥ കേട്ടതും ഈ സിനിമയ്ക്ക് തിരക്കഥ എഴുതണമെന്ന് ജീത്തു ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.’ അൻസാർ മനോരമ ഓൺലൈനോട് പറഞ്ഞു.

ദൃശ്യത്തിന് ശേഷം ജീത്തു തിരക്കഥ എഴുതുന്ന ത്രില്ലറാണ് ലക്ഷ്യം. രണ്ടുകഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടേറിയതായിരുന്നു ഇതിന്റെ തിരക്കഥ എഴുതുക എന്നതും. വളരെ വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടേറിയ തിരക്കഥയാണ് ഈ സിനിമയുടേത്. ജീത്തു അത് അതിഗംഭീരമായി തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.’ അൻസാർ വ്യക്തമാക്കുന്നു.

ബിജു മേനോന്റെയും ഇന്ദ്രജിത്തിന്റെയും അഭിനയതീവ്രതയുമായായിരിക്കും ലക്ഷ്യം എത്തുക. ഐടി പ്രൊഫഷനലായി ഇന്ദ്രജിത്ത് എത്തുമ്പോൾ, ചേരി നിവാസിയെ ബിജു മേനോൻ അവതരിപ്പിക്കുന്നു. സാങ്കേതികപരമായും ചിത്രം മുന്നിട്ട് നിൽക്കും. സസ്പെൻസ് നിറഞ്ഞ ചിത്രത്തിൽ നർമത്തിനും കുടുംബബന്ധങ്ങള്‍ക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ചിത്രമൊരുക്കുക എന്നും സംവിധായകൻ പറയുന്നു.

കിഷോർ സത്യ, ഷമ്മി തിലകൻ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രാഹകൻ. കലാസംവിധാനം–ബാവ, സ്റ്റണ്ട്–ആർ രാജശേഖർ. ലിന്റ ജീത്തുവാണ് കോസ്റ്റ്യൂം ഡിസൈനർ. ജോയ് തോമസ് ശക്തികുളങ്ങരയാണ് നിർമാണം. നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് നിർമാണം.