പാക്കിസ്ഥാൻ വെളിവില്ലാത്ത രാജ്യം: മേജർ രവി

കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയെന്നോണം, നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിൽ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ കമാൻഡോ ആക്രമണം ലോകമൊട്ടാകെ ചര്‍ച്ചയാണ്. രാജ്യവും യുദ്ധത്തെ ഭയപ്പെടുന്നു. സൈന്യത്തിന്റെ ശക്തിയെയും ഇപ്പോഴത്തെ സ്ഥിതിഗതികളുടെ വാസ്തവും എന്താണെന്ന് അറിയാൻ സാധാരക്കാർക്കുള്ള മാർഗം അതിന്റെ ഉന്നതങ്ങളിൽ സേവനമനുഷ്ടിച്ചവരിൽ നിന്നുള്ള വാക്കുകൾ തന്നെയാണ്. മലയാളസിനിമയിൽ പട്ടാളക്കാരുടെ ജീവിതം യാഥാർഥ്യം ഒട്ടുംചോരാതെ ആവിഷ്കരിച്ച സംവിധായകൻ മേജർ രവി ഈ വിഷയത്തിൽ സംസാരിക്കുന്നു....

∙ കാർഗിൽ യുദ്ധത്തിന്റെ അവസ്ഥയിലേക്കാണല്ലോ രാജ്യം നീങ്ങുന്നത്, അതിനെക്കുറിച്ച് ഒന്നു പറയാമോ

നമ്മുടെ പിക്കറ്റുകളിൽ അവർ വന്നു കയറിയപ്പോൾ നമ്മൾ യുദ്ധം ചെയ്യുകയായിരുന്നു. അതൊരു ലിമിറ്റഡ് യുദ്ധമായിരുന്നു. ആ സമയത്ത് അവരുടെ പട്ടാളക്കാരെ അടക്കം പിന്നിലോട്ട് തള്ളി നമ്മുടെ സ്ഥലങ്ങൾ പിടിച്ചെടുത്തിട്ട് അതൊരു യുദ്ധമായിട്ട് മാറാതെ ലിമിറ്റഡ് യുദ്ധമായിട്ടാണ് കാർഗിലിൽ നിറുത്തിയത്. ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത് പാക്കിസ്ഥാൻ അധിനിവേശകശ്മീരിലുള്ള തീവ്രവാദ ക്യാമ്പുകളിലാണ്. അവിടെയുള്ളത് പാകിസ്ഥാൻ സ്പോൺസേർഡ് മി‍ലിറ്റൻസി ആണ്. പാകിസ്ഥാൻ ഒരിക്കലും പറയില്ല അത് അവരുടേതാണെന്ന്. അങ്ങനെയുള്ള സ്ഥലത്തുപോയിട്ടാണ് നമ്മുടെ പട്ടാളക്കാർ ക്യാംപുകൾ തകർത്തിട്ട് തിരിച്ചുപോന്നത്.

ഒരു ആളപായം പോലും പറ്റാതെ ക്യാംപുകൾ മുഴുവൻ മനോഹരമായിട്ട് തുടച്ചുനീട്ടിയിട്ടാണ് പോന്നിരിക്കുന്നത്. ഇതിനൊരു യുദ്ധം എന്നു പറയാൻ പറ്റില്ല. പക്ഷേ ഒരു സൈഡിൽ പാക്കിസ്ഥാൻ നാണംകെട്ടുപോയല്ലോ എന്ന തോന്നൽ അവർക്കുണ്ടെങ്കിൽ പാക്കിസ്ഥാന്റെ മിലിട്ടറി അത് സീരിയസായിട്ട് എടുക്കുകയും അവർ തിരിച്ചടിക്കണം എന്നു പറയുകയും ചെയ്യും. പക്ഷേ നവാസ് ഷെരീഫിനെ സംബന്ധിച്ചിടത്തോളം അങ്ങനെ ചെയ്യാൻ പറയാൻ പറ്റില്ല. കാരണം തീവ്രവാദ ക്യാംപ് ഇന്ത്യൻ ആർമി തകർത്തു എന്നു പറയുന്ന സമയത്ത് മറ്റു രാജ്യങ്ങൾ ചോദിക്കും നിങ്ങളല്ലേ പറഞ്ഞത് നിങ്ങളുടെ രാജ്യത്ത് അങ്ങനെയൊരു സംഭവം ഇല്ല എന്നുള്ളത്’ അതുകൊണ്ട് നവാസ് ഷെരീഫ് ഒന്നും പറയാനുള്ള സാധ്യത കുറവാണ്.

കാരണം അങ്ങനെ ചെയ്തുകഴിഞ്ഞാൽ ഇന്ത്യ ചെയ്തിട്ടുള്ളത് സത്യമാണെന്നുള്ളതും, പാക്കിസ്ഥാൻ തിരിച്ചടിക്കാനുള്ള പ്ലാൻ ചെയ്തുകഴിഞ്ഞാൽ പാക്കിസ്ഥാൻ പറഞ്ഞതു മുഴുവൻ നുണയാണെന്ന് തീർച്ചപ്പെടുത്താം. ഒരിക്കലും അങ്ങനെ ഒരു അറ്റംപറ്റ് നടത്തുമെന്ന് തോന്നുന്നില്ല. പക്ഷേ ഇന്ത്യാഗവൺമെന്റ് വളരെ ജാഗരൂഗരായിട്ട് കഴിഞ്ഞ പത്തു ദിവസം കൊണ്ട് എല്ലാ ബോർഡേഴ്സും എല്ലാവിധ സന്നാഹത്തിലും നിൽക്കുന്നുണ്ട്. എന്തു വന്നാലും നമ്മൾ നേരിടാൻ തയാറാണ്.

തീവ്രവാദ ക്യാംപാണല്ലോ ആക്രമിച്ചിരിക്കുന്നത്. അവർ തിരിച്ച് ഏതു രീതിയിൽ വേണമെങ്കിൽ ആക്രമിക്കാം അതിനെ എങ്ങനെയാണ് നേരിടാൻ പറ്റും?

നവാസ് ഷെരീഫ് പറഞ്ഞിരിക്കുന്നത് തീവ്രവാദ ക്യാംപ് ഞങ്ങൾക്കില്ല എന്ന്. അപ്പോൾ ലോകരാഷ്ട്രങ്ങൾ ചോദിക്കും നിങ്ങൾ അല്ലേ പറഞ്ഞിരിക്കുന്നത് അങ്ങനെയൊന്നില്ല എന്ന്. അവരുടെ ചോദ്യത്തിന് നവാസ് ഷെരീഫിന് പ്രതികരിക്കാൻ പറ്റാതെ വരും. തീവ്രവാദികൾക്ക് ഒരു ആർമിയുടെ സപ്പോർട്ടില്ലാതെ ആക്രമിക്കാൻ പറ്റില്ല. നമ്മുടെ ആർമിക്കാർ കണ്ണും തുറന്ന് ഇരിക്കുകയാണ്. നിങ്ങൾ ഇളകിയാൽ ഞങ്ങൾ അടിക്കും. ഒരിക്കലും പാകിസ്ഥാൻ ആർമിക്കാർ ഇവിടെ വന്ന് മരിക്കാൻ ആഗ്രഹിക്കില്ല. ഒരിക്കലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല.

നമ്മുടെ പ്രധാനമന്ത്രി മോദിജി പറഞ്ഞ ഒരു കാര്യത്തിൽ അഭിമാനിക്കുന്നു. കറക്ട് സമയത്ത് ചെയ്യേണ്ടപ്പോൾ ചെയ്തിരിക്കും. അല്ലാതെ അവരിവിടെ വന്നു അടിച്ചു. ആ സമയത്ത് തിരിച്ചടിക്കുക എന്നു പറഞ്ഞാൽ അതൊരു ബോധം കെട്ട പരിപാടിയാണ്. ഇപ്പോൾ നമ്മുടെ നേടേണ്ട നേട്ടം നമ്മൾ നേടി. അവിടെയാണ് ഒരു രാഷ്ട്രത്തിന് സമന്വയത്തം പാലിക്കുക എന്നു പറയുന്നത്. ഗവൺമെന്റ് പ്ലാൻ ചെയ്ത് ഇന്ത്യൻ ആർമിക്കാരെ കൊന്നു എന്നു പറയാനുള്ള മനസ്ഥിതി വരുന്ന രീതിയിലോട്ടൊക്കെ രാജ്യം എത്തി എന്നു പറയുന്നവരുണ്ട്.

രാഷ്ട്രത്തെ ആദ്യം കാണൂ പിന്നീട് രാഷ്ട്രീയം. ഒരു രാജ്യത്തിന്റെ 17 പട്ടാളക്കാർ മരിച്ച സമയത്ത് അവരോടു സഹതാപം കാണിക്കാതെ, അവരെ സെൻട്രൽ ഗവൺമെന്റിന്റെ ആൾക്കാർ പ്ലാൻ ചെയ്ത് കൊന്നതാണ് എന്നു പറയുന്നു. അങ്ങനെയാണെങ്കിൽ എന്തിനാണ് ഇന്ത്യൻ ആർമി അവരുടെ ക്യാംപുകൾ തകർത്തത്.

∙പാക്കിസ്ഥാൻ ഒരു ന്യൂക്ലിയർ പവറുള്ള രാജ്യമാണ് അതിനെ എങ്ങനെ വിലയിരു‌ത്തുന്നു?

പാക്കിസ്ഥാൻ ന്യൂക്ലിയർ പവറുള്ള തലയ്ക്ക് യാതൊരു വെളിവില്ലാത്ത രാജ്യമാണ്. അവരുടെ ഭയംകൊണ്ടാണ് ഇതൊക്കെ സംസാരിക്കുന്നത്. അതിൽ ഒരു ടെൻഷനും വേണ്ട. ഇന്ത്യൻ ആർമി എല്ലാ സന്നാഹത്തിലുമാണ് ഇരിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ ആ രാജ്യം പോലും കാണില്ല. അത് അവർക്കുമറിയാം. ലോകരാഷ്ട്രങ്ങൾ പാകിസ്ഥാനെ തുടച്ചു നീക്കും.

ഇപ്പോൾ പാക്കിസ്ഥാനുകൊടുക്കുന്ന സഹായങ്ങൾ യു എസ് സ്തംഭിപ്പിച്ചു. അത് പാക്കിസ്ഥാനെ അക്ഷരാർഥത്തിൽ തകര്‍ക്കുന്നതാണോ?

പാകിസ്ഥാന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 3.2 ആണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 8.5 ലാണ്. അങ്ങനെയുള്ള രാഷ്ട്രവുമായിട്ട് പൊരുതാനുള്ള രീതിയിലല്ല അവർ നിൽക്കുന്നത്. അമേരിക്ക മാത്രമല്ല മിക്ക ലോകരാഷ്ട്രങ്ങളും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന രീതിയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

∙ഒരു യുദ്ധം തുടങ്ങിയാൽ എത്ര നാൾ വരെ നീളം

ഒരു യുദ്ധം തുടങ്ങിയാൽ വർഷങ്ങളോളം നീണ്ടുപോകും. ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം 13 ദിവസംകൊണ്ട് തീർന്ന യുദ്ധമുണ്ട്. 27,000 പട്ടാളക്കാർ അടിയറവ് ചെയ്തു.

∙ ചൈനയും പാക്കിസ്ഥാനും ഒത്തുചേർന്നാൽ

1971ൽ ഇന്ത്യ പാകിസ്ഥാൻ യുദ്ധം നടന്ന സമയത്തും ഇതേപോലെ ചൈന പിന്തുണ നൽകി. അമേരിക്കയുടെ കപ്പൽപട അടക്കം സപ്പോർട്ട് ചെയ്തു. അങ്ങനെയുള്ളവരെയാണ് നമ്മൾ നേരിട്ടിരിക്കുന്നത്. അതിലും കൂടുതൽ ടെക്നോളജികളും ആയുധ സന്നാഹവും വന്ന സ്ഥിതിക്ക് എന്തിന് നമ്മൾ പേടിക്കണം.

സമാധാനചർച്ചയ്ക്ക് പാക്കിസ്ഥാൻ തയ്യാറാകുമോ?

സാർക്ക് മീറ്റിങിൽ പങ്കെടുക്കുന്നില്ല എന്ന ഇന്ത്യയുടെ തീരുമാനം വളരെ നല്ലതാണ്. പാക്കിസ്ഥാൻ മാനസികമായി തളരും. നമ്മുടെ ഗവൺമെന്റ് കൊടുക്കാനുള്ളത് കൊടുക്കുന്നുണ്ട്. പാക്കിസ്ഥാനെ എല്ലാ രീതിയിലും ഒറ്റപ്പെടുത്തുക. ഇങ്ങനെയൊരു നയം ഇതിന് മുമ്പുള്ള ഒരു സർക്കാരും പാക്കിസ്ഥാനെതിരെ എടുത്തിട്ടില്ല.

യുദ്ധം വന്നാൽ അതിന്റെ പ്രത്യാഘാതകങ്ങൾ പലതാണ്. യുദ്ധം ഒഴിവാക്കാൻ ഏത് നേതാവും ശ്രമിക്കും. എന്നാൽ നമ്മുടെ അഭിമാനത്തിന് ക്ഷതം സംഭവിച്ചാൽ യുദ്ധം ചിലപ്പോൾ അനിവാര്യമായെന്നുവരാം. എന്നാൽ കഴിവതും അത് ഒഴിവാക്കുന്നതാകും നല്ലത്.

അധികാരത്തിൽ കയറി ഇരിക്കുമ്പോൾ നമ്മുടെ രാഷ്ട്രീയക്കാർ തന്നെയാണ് ജാതിയുടെയും മതത്തിന്റെയും പേരിൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലും ബഹളവുമുണ്ടാക്കുന്നത്. അങ്ങനെ ഉളളവർ ഈ സാഹചര്യത്തിൽ നന്നായൊന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.