ബോളിവുഡിലേയ്ക്കോ? പാർവതി പറയുന്നു

അഭിനയപ്രകടനത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട പാർവതി ബോളിവുഡിലേയ്ക്ക്. ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായ ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റം. വാർത്ത സത്യമാണെന്നും എന്നാൽ കൂടുതലൊന്നും വെളിപ്പെടുത്താനാകില്ലെന്നും പാർവതി മനോരമ ഓൺലൈനോട് പ്രതികരിച്ചു.

തനൂജാ ചന്ദ്രയാണ് സംവിധാനം. റൊമാന്റിക് കോമഡി എന്റർടെയ്നറാണ് ചിത്രം. അപരിചിതരായ രണ്ടുപേര്‍ ഒരു യാത്രക്കിടെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബിക്കാനിര്‍, ഋഷികേശ്, ഗാങ്ടോക്ക് എന്നിവിടങ്ങളാണ് ലൊക്കേഷൻ.

മലയാളത്തിൽ മാത്രമല്ല തമിഴിലും തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് പാർവതി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ സ്വാഭാവിക അഭിനയശൈലിയിലൂടെ വേറിട്ടതാക്കിയ പാർവതി മലയാളത്തിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ്, പൃഥ്വിരാജ് നായകനായ മൈ സ്റ്റോറി എന്നീ സിനിമകളാണ് മലയാളത്തിൽ പാർവതിയുടെ പുതിയ സിനിമകൾ.