എന്തുകൊണ്ടു ഫഹദ് ?

മമ്മൂട്ടിക്കും പൃഥ്വിരാജിനും ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി മാർത്താണ്ഡൻ ചിത്രമൊരുക്കുന്നു. കേരളം നിർത്താതെ ചിരിച്ച വെള്ളിമൂങ്ങ എഴുതിയ ജോജിയുടേതാണു തിരക്കഥ. പേരു നിശ്ചയിച്ചിട്ടില്ല. താരനിർണയവും പൂർത്തിയായില്ല. കഥയുടെ മിനുക്കുപണിക്കിടെ മാർത്താണ്ഡൻ മനോരമയോട്....

പാവാടയുടെ വിജയത്തിൽ നിന്നുള്ള പാഠമെന്താണ് ?

ശക്തമായ സ്ക്രിപ്റ്റാണു നല്ല സിനിമയ്ക്ക് അടിസ്ഥാനം. ജനപിന്തുണയുള്ള നായകൻ കൂടി ചേരുമ്പോൾ വിജയം തീരുമാനിക്കപ്പെടും. പാവാടയുടെ കഥാപരിസരവും മുഹൂർത്തങ്ങളും ഹൃദ്യവും നാടകീയവുമായിരുന്നു. പൃഥ്വിരാജിനെ ഉപയോഗിക്കാനായതും ബിപിൻ ചന്ദ്രന്റെ കഥാവതരണ രീതിയുമാണു പാവാടയിൽ വിജയം നിർണയിച്ചത്. മണിയൻപിള്ള രാജുവും അനൂപ്മേനോനും ആന്റോ ജോസഫും പിന്തുണച്ചു.

അടുത്ത പ്രതീക്ഷ ?

വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജിയുടെ രണ്ടാം ചിത്രമാണിത്. നിറഞ്ഞ ചിരി തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ‘നിർത്താതെ ചിരി’, ഇതാണു ഞങ്ങൾ നൽകാൻ ശ്രമിക്കുന്നത്. പാവാട കണ്ടശേഷം അമൽനീരദും അൻവർ റഷീദും വിളിച്ചഭിനന്ദിച്ചപ്പോൾ കിട്ടിയ ആത്മവിശ്വാസത്തിൽ നിന്നാണു ചിരിയുടെ പശ്ചാത്തലമുള്ള ചിത്രം തന്നെയാകാം അടുത്തതെന്നു തീരുമാനിച്ചത്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണു നിർമാണം. അടുത്തവർഷം ആദ്യം ചിത്രീകരണം തുടങ്ങും.

മമ്മൂട്ടി, പൃഥ്വിരാജ്, ഇപ്പോൾ ഫഹദ്. ഇനി എന്നാണൊരു ലാൽ ചിത്രം ?

മമ്മൂട്ടിയും മോഹൻലാലും ഏതൊരു സംവിധായകന്റെയും സ്വപ്നമാണ്. മമ്മൂട്ടിയെ വച്ചു രണ്ടു ചിത്രങ്ങളെടുക്കാനായി. ഓരോ ദിവസവും കേൾക്കുന്ന കഥകളിൽ മോഹൻലാലിനു പറ്റിയതിനായി പ്രത്യേകം തിരയാറുണ്ട്. കഥയ്ക്കായുള്ള കാത്തിരിപ്പിലാണു ഞാൻ. അങ്ങനെയൊരു കഥ വന്നിട്ടുവേണം അദ്ദേഹത്തെ ചെന്നു കാണാൻ.

എന്തുകൊണ്ടു ഫഹദ് ?

ജോജി കഥ പറഞ്ഞപ്പോൾത്തന്നെ മനസ്സിൽ ഫഹദിന്റെ രൂപമായിരുന്നു. ഫഹദിന്റെ അഭിനയ മികവു കണ്ടറിഞ്ഞവരാണു നമ്മൾ. ഫഹദിലൊരു നിഷ്കളങ്കതയുണ്ട്. കഥ കേട്ടപ്പോൾ ഫഹദിനും താൽപര്യമായി. ജോജി നന്നായി കഥ പറയുന്ന ആളാണ്. ഒരു ഇന്ത്യൻ പ്രണയ കഥയിലും മഹേഷിന്റെ പ്രതികാരത്തിലും ഫഹദ് ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൂടിയുണ്ടു ഫഹദിനെ അടുത്ത ചിത്രത്തിന്റെ നായകനാക്കാനുള്ള തീരുമാനത്തിനു പിന്നിൽ.