പഴയ റഹ്മാനെ ഇനി കാണാൻ സാധിക്കുമോ? റഹ്മാന്റെ മറുപടി

1983ൽ പത്മരാജന്റെ സംവിധാനത്തിൽ പിറന്ന കൂടെവിടെ മലയാളത്തിന് സമ്മാനിച്ചത് റഹ്മാൻ എന്ന താരത്തിന്റെ വസന്തകാലമായിരുന്നു. എൺപതുകളിലെ യുവത്വത്തിന്റെ പ്രണയസങ്കൽപ്പങ്ങൾക്ക് റഹ്മാന്റെ മുഖമായിരുന്നു. മലയാളത്തിൽ നിന്നും തെലുങ്കിലേക്കും തമിഴിലേക്കും തിരക്കുകളിലേക്ക് ഊളിയിട്ട റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് തിരികെ എത്തിയത് പക്വതയുള്ള കഥാപാത്രങ്ങളുമായിട്ടാണ്. അപ്പോഴൊക്കെ മലയാളി ചോദിച്ചുകൊണ്ടേയിരുന്നു. ഇനി എന്നാണ് പഴയ റഹ്മാനെ കാണാൻ സാധിക്കും? വി.എം. വിനു സംവിധാനം ചെയ്ത പുതിയ ചിത്രം മറുപടി ഇതിനുള്ള മറുപടി കൂടിയാണ്. മറുപടിയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി റഹ്മാൻ പങ്കുവെക്കുന്നു.

നായകപ്രാധാന്യം മൂലം സിനിമകളിൽ സ്ത്രീ പ്രാതിനിധ്യം കുറയുന്നു എന്ന് മറുപടിയിലെ നായിക ഭാമ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

മലയാളസിനിമയിൽ മാത്രമല്ല ഹോളീവുഡ് സിനിമയിൽ പോലും അവസ്ഥ അതാണ്. എന്തുകൊണ്ടാണ് അങ്ങനെയെന്ന് കൃത്യമായ ഒരു വിശദീകരണം അറിയില്ല. പണ്ടുമുതൽ തന്നെ നമ്മുടെ കഥകൾ പോലും പുരുഷന്മാർക്ക് പ്രധാന്യം നൽകുന്നതാണല്ലോ. ഒരുടത്ത് ഒരുടത്ത് ഒരു രാജകുമാരിയും രാജകുമാരനും ഉണ്ടായിരുന്നു എന്നാണ് കഥകൾ പോലും തുടങ്ങുന്നത്. എന്റെ സിനിമകളിലാണെങ്കിൽ പോലും നായകപ്രാധാന്യമുള്ളവയാണ്. പ്രേക്ഷകർ സിനിമ കാണാൻ വരുന്നത് വിനോദത്തിനു വേണ്ടിയാണ്. അതല്ലാതെ ഒരു വലിയ സന്ദേശം കിട്ടാൻ വേണ്ടിയല്ല. സിനിമ തുടങ്ങിയ കാലംമുതൽ നായകൻ നായിക എന്ന രീതിയിലാണ് കഥകൾ പുരോഗമിക്കുന്നത്. ഇന്നത്തെ കാലത്ത് കഥാപാത്രപരമായി നായികാപ്രാധാന്യം കുറവുള്ള സിനിമകളാണ് വരുന്നത്. ഞാൻ എല്ലാ സിനിമയും കാണുന്ന കൂട്ടത്തിൽ അല്ല. അങ്ങനെയുള്ളപ്പോൾ വിദഗ്ധമായ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. പൊതുവേ നോക്കുകയാണെങ്കിൽ ഭാമയുടെ വീക്ഷണം ശരിയാണ്.

മറുപടി ഇതിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?

മറുപടി നായികയ്ക്ക് പ്രാധാന്യം നൽകുന്ന സിനിമ തന്നെയാണ്. എപ്പോഴും പക്ഷെ ഇത്തരം സബ്ജക്ടുകൾ വരണമെന്നില്ല. മറുപടി ഒരു മാസ് എന്റർടെയ്ന്റ്മെന്റ് സിനിമാവിഭാഗത്തിൽപ്പെടുത്താൻ പറ്റില്ല. പ്രേക്ഷകർ കാണേണ്ട സമൂഹത്തിന് നല്ല ഒരു സന്ദേശം നൽകുന്ന സിനിമയാണ് മറുപടി. ഇതുപോലെ ഒരു സിനിമയുെട ഭാഗമാകാൻ സാധിച്ചത് ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്.

ഏതു തരം സിനിമകളോടാണ് അഭിനേതാവെന്ന നിലയിൽ താൽപ്പര്യം?

ഒരു അഭിനേതാവെന്ന നിലയിൽ മാസ് സിനിമയിലെ നായകൻ ആകണമെന്ന് എല്ലാവരെയും പോലെ എന്റെ മനസ്സിലുമുണ്ട്. പക്ഷെ യഥാർഥ ജീവിതത്തിൽ കൊമേഷ്യൽ സിനിമകളിലെ നായകനെ കാണാനാകില്ല. അവർ ചെയ്യുന്നതുപോലെയുള്ള സ്റ്റണ്ട്, അനീതിയ്ക്കെതിരെയുള്ള പോരാട്ടം അതൊക്കെ സിനിമയിൽ മാത്രമാണുള്ളത്. അത് കണ്ടിരിക്കാനും ഭാവനയിൽ കാണാനുമൊക്കെ രസമാണ്. പക്ഷെ ഒരു അഭിനേതാവെന്ന നിലയിൽ മറുപടി പോലെ എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സിനിമകളാണ് ചെയ്യാൻ കൂടുതൽ ഇഷ്ടം.

മറുപടി എങ്ങനെയാണ് ഹൃദയത്തെ സ്പർശിച്ചത്?

ഈ കഥ എന്നോട് സംവിധായകൻ വി.എം.വിനു ഫോണിലൂടെയാണ് പറയുന്നത്. ഇതൊരു സ്ത്രീയുടെ കാഴ്ച്ചപാടിലുള്ള സിനിമയാണ്. തിരക്കഥാകൃത്ത് റഹ്മാനെയാണ് മനസ്സിൽ കണ്ടിരിക്കുന്നതെന്ന്. മലയാളത്തിൽ ഞാൻ പലസിനിമയും കഥ അത്ര ഇഷ്ടമാകാത്തതുകൊണ്ട് ഒഴിവാക്കിയിരുന്ന സമയമാണ്. ഇതിന്റെ കഥ കേട്ടപ്പോൾ ഞാൻ ഇതിലുണ്ട്, നമ്മൾ ഇത് എപ്പോൾ ചെയ്യും എന്നാണ് ചോദിച്ചത്. അത്രയധികം വൈകാരികമായ അടുപ്പം എനിക്ക് ആ കഥയോട് തോന്നി. എന്റെ കഥാപാത്രം എബിയുമായി വേഗം താദാത്മ്യം പ്രാപിക്കാൻ സാധിച്ചു.

ഇതിന്റെ തിരക്കഥാക‍ൃത്ത് ഒരു സ്ത്രീയാണ് ഗുജറാത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് അവർ സിനിമയൊരുക്കിയിരിക്കുന്നത്. ഏതു കുടുംബത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ആനുകാലിക സംഭവമാണ് കഥയ്ക്ക് ആധാരം. കുടുംബത്തിന്റെ സന്തോഷം മുഴുവൻ തകർത്ത സംഭവവികാസങ്ങളിലൂടെ അവരുടെ ജീവിതം മുന്നോട്ടുപോകുന്നതാണ് പ്രമേയം. നിയമത്തിന്റെയും വിചാരണയുടെയും ഇടയിലുള്ള ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് മറുപടിയിൽ കാണിക്കുന്നത്. നിയമത്തിന്റെ മുന്നിൽ എത്തിയിട്ടുപോലും ഒരുപാട് നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാനുള്ള പതിനാല് ദിവസം കുടുംബം കടന്നുപോകുന്ന അവസ്ഥകൾ യാഥാർഥ്യബോധത്തോടെ കാണിക്കുന്ന സിനിമയാണ് മറുപടി. പലർക്കുമുള്ള ഒരു മറുപടി കൂടിയാണ് ഈ ചിത്രം.

വി.എം.വിനു എന്ന സംവിധായകനെക്കുറിച്ച്?

എന്റെ ലിസിറ്റിലെ മികച്ച സംവിധായകരിൽ ഒരാളാണ് വിനു. അദ്ദേഹത്തിന്റേതായ ഒരു പ്രേക്ഷകർ തന്നെയുണ്ട്. അത്തരം പ്രേക്ഷകരിൽ ഒരാളാണ് ഞാൻ. വിനുവിന്റെ ആരാധകൻ കൂടിയാണ് ഞാൻ. ഈ സിനിമയുടെ സംവിധായകൻ വിനു ആയതുകൊണ്ടു മാത്രമാണ് ഞാൻ അഭിനയിച്ചത്. പ്രേക്ഷകർ ഈ സിനിമ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ട്രാഫിക്ക് ഇറങ്ങിയ സമയത്ത് ഞാൻ പ്രേക്ഷകരോടൊപ്പം ഇരുന്ന് സിനിമ കണ്ടിരുന്നു. അന്ന് ആദ്യമായിട്ടാണ് മലയാളിപ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്നത് കണ്ടത്. മറുപടിയും ഞാൻ പ്രേക്ഷകർക്കൊപ്പമാണ് കണ്ടത്. സാധാരണ പറയുന്നത് പോലെയുള്ള ഔപചാരികമായ വാക്കുകളാവും അവർ പറയുക എന്ന് കരുതി. എന്നാൽ പ്രേക്ഷകർ ഈഗോയെല്ലാം മാറ്റിവച്ച് കെട്ടിപിടിക്കുകയായിരുന്നു. ആ ഒരു ചെയ്തിയിൽ എല്ലാസ്നേഹവുമുണ്ടായിരുന്നു.

ട്രാഫിക്കിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം പ്രേക്ഷകർ അംഗീകരിക്കുമോ എന്ന ഭയമുണ്ടായിരുന്നോ?

എന്നോടാണ് ആദ്യമായിട്ട് ബോബി സഞ്ജയ് കഥ പറയുന്നത്. സ്വാഭാവികമായും നടന്മാർ നോ പറയാൻ സാധ്യതയുള്ള ഒരു കഥാപാത്രമായിരുന്നു അത്. എന്നാൽ എനിക്കത് ഒരുപാട് ഇഷ്ടമായി, അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാൻ പോയില്ല. സിനിമയുടെ വിജയാഘോഷ സമയത്ത് കമൽഹാസൻ ഈ കഥാപാത്രം അദ്ദേഹത്തിന് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഒരു അഭിനേതാവെന്ന രീതിയിൽ ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു. ഒരുപാട് പ്രശംസ കിട്ടിയ കഥാപാത്രമാണ് ട്രാഫിക്കിലേത്.

ലാവൻഡർ സിനിമയ്ക്ക് ശേഷം മലയാളത്തിൽ ഇടവേള എടുത്തത് എന്തുകൊണ്ടാണ്?

ലാവൻഡറിന് ശേഷം മലയാളത്തിൽ നിന്നും ഒരുപാട് കഥകൾ കേട്ടു. പലതും ഇഷ്ടമായില്ല. നല്ല ഒരു സിനിമയിലൂടെ മലയാളത്തിലേക്ക് ഒള്ളൂ എന്ന ഒരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. ആ കാത്തിരിപ്പ് കാരണമാണ് ഇടവേള വരുന്നത്.എന്റെ ജന്മനാട് ഇതാണ്. ഇവിടെ ഒരു സിനിമ ചെയ്യുമ്പോൾ അൽപ്പം കൂടുതൽ ശ്രദ്ധവേണം എന്നുണ്ടായിരുന്നു. മലയാളത്തിൽ ഇടവേള വരുത്തിയ സമയത്ത് ഞാൻ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായിരുന്നു.

തമിഴിൽ സൂര്യയോടൊപ്പമുള്ള സിങ്കം 2, ജ്യോതികയ്ക്കൊപ്പമുള്ള 36 വയതിനിലെ ഈ സിനിമകളെക്കുറിച്ച്?

സിങ്കം 2വിൽ സൂര്യയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അടുപ്പമാണ് 36 വയതിനിലെയിലേക്ക് നയിച്ചത്. സിങ്കം 2വിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. കുടുംബത്തിലെ ആഘോഷങ്ങൾക്കും പാർട്ടികൾക്കുമൊക്കെ ക്ഷണിക്കാറുണ്ടായിരുന്നു. ജ്യോതികയെ നായികയാക്കി സിനിമ നിർമിക്കാൻ പോകുന്ന കാര്യം സൂര്യ പറഞ്ഞിരുന്നു, അതിലേക്ക് എന്നെ ക്ഷണിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. റോഷൻ ആൻഡ്രൂസുമായി മുംബൈ പോലീസ് മുതൽ അടുപ്പമുണ്ട്. ഹൗ ഓൾഡ് ആർയു കണ്ട് ഇഷ്ടമായിട്ടാണ് ഞാൻ 36 വയതിനിലെയിൽ അഭിനയിച്ചത്.

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്താണ് ശ്രദ്ധിക്കുന്നത്?

കഥ എനിക്ക് ഇഷ്ടപ്പെടണം. എനിക്കത് ഉൾക്കൊള്ളാൻ സാധിക്കണം. കാശിന് വേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നത്. അഭിനേതാവെന്ന രീതിയിൽ എന്നെക്കൂടി തൃപ്തിപ്പെടുത്തുന്ന എനിക്ക് ചെയ്യാൻ സാധിക്കുന്ന കഥയും കഥാപാത്രവുമാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ഹാ!! കൊള്ളാല്ലോ എന്ന് കേൾക്കുമ്പോൾ തോന്നണം. ഈ കഥാപാത്രം എനിക്ക് ചെയ്യാൻ പറ്റുമെന്ന് എന്ന് ചിന്തിച്ചതിന് ശേഷമേ സ്വീകരിക്കൂ. പലരും പറഞ്ഞു, മറുപടി എന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസാണെന്ന്. ഇതിലും പ്രയാസമുള്ള ഒരുപാട് കഥാപാത്രങ്ങൾ ഇതിനുമുമ്പും ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ചില കഥാപാത്രങ്ങൾ എഴുതി ഫലിപ്പിക്കുന്നതിന്റെ ഗുണമാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമാകാൻ കാരണം. അത്രയധികം ആഴമുള്ള കഥാപാത്രമാണ് എബി.

പ്രായത്തിനനുസരിച്ചുള്ള കഥാപാത്രം മാത്രമേ ചെയ്യൂ എന്ന നിർബന്ധത്തിലാണോ?

പ്രായം മാത്രമല്ല വിഷയം. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതാകണം. ഒരു കൊളേജിൽ പഠിക്കുന്ന പയ്യന്റെ കഥ ഇപ്പോൾ എന്നോട് പറഞ്ഞാൽ ഞാൻ രണ്ടുവട്ടം ആലോചിക്കും ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന്. എന്റെ പ്രായത്തിന് അനുസരിച്ചുള്ള മെച്യൂരിറ്റിയുള്ള കഥാപാത്രങ്ങളല്ലേ എനിക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കൂ. എന്നാൽ കഥ ആവശ്യപ്പെട്ടാൽ കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെടാൻ തയ്യാറാണ്. മറുപടിയിൽ എബിയുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങൾ ഞാൻ അവതരിപ്പിക്കുന്നുണ്ട്. ഫ്ലാഷ്ബാക്ക് പറയുന്ന ഒരു ഭാഗം സിനിമയിലുണ്ട്. അതിൽ ഈ കഥാപാത്രത്തിന്റെ കൗമാരകാലം കാണിക്കുന്നുണ്ട്. ഞാൻ തന്നെയാണ് അതും അഭിനയിച്ചിരിക്കുന്നത്.

അതിനുവേണ്ടി വെയ്റ്റ് കുറയ്ക്കാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. കഥ അത്രയധികം ഇഷ്ടമായതുകൊണ്ട് അതിന് തയ്യാറായി. മൂന്നുമാസം കൊണ്ട് പതിനൊന്ന് കിലോ കുറച്ചു. പലരും എന്നോട് ചോദിക്കാറുണ്ടായിരുന്നു. എന്നാണ് ഞങ്ങൾക്ക് പഴയ റഹ്മാനെ കാണാൻ സാധിക്കുന്നത്. അത് ഇനി ഒരിക്കലും ഉണ്ടാകില്ല എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ എന്റെ ചെറുപ്പകാലം കാണാൻ ആഗ്രഹിച്ച് പ്രേക്ഷകർക്കുള്ള സമ്മാനം കൂടിയാണ് മറുപടി. ശരീരഭാരം കുറച്ചത് ഒഴിച്ചാൽ ഒരു മെത്തേഡ് ആക്ടിങ്ങിന്റെ രീതി ഒന്നും ഞാൻ സ്വീകരിച്ചില്ല. വീട്ടിൽ എങ്ങനെയാണോ പെരുമാറുന്നത് അതുപോലെയാണ് സിനിമയിലെ എബിയും പെരുമാറുന്നത്.

മലയാളസിനിമയിലെ മാറ്റങ്ങളെക്കുറിച്ച്?

കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ മലയാളസിനിമയിൽ വരുന്നുണ്ട്. പണ്ടും ഇപ്പോഴും നല്ല കഥകൾ പറയുന്നതിൽ മലയാളം മറ്റുഭാഷകളേക്കാൾ മുമ്പിലാണ്. ഇപ്പോഴത്തെ അഭിനേതാക്കളാണെങ്കിലും വളരെയധികം എനർജെറ്റിക്കാണ്. സാങ്കേതികവിദ്യയോടൊപ്പം പ്രേക്ഷകന്റെ മനസ്സും വളർന്നിട്ടുണ്ട്. ഇന്ന് എല്ലാ ഭാഷയിലുള്ള സിനിമകൾ കാണാനുള്ള അവസരം കൂടിയത് കൊണ്ട് മത്സരവും താരതമ്യവും ഉയർന്നിട്ടുണ്ട്. ഏതെങ്കിലും സീൻ കോപ്പിയടിച്ചാൽ പോലും പ്രേക്ഷകർക്ക് മനസ്സിലാകും. സിനിമകളുടെ എണ്ണം കൂടിയത് അനുസരിച്ച് തീയറ്ററുകളുടെ എണ്ണം കൂടാതിരിക്കുന്നത് ഒരു പ്രശ്നമാണ്. സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള പ്രയാസം നേരിടുന്നുണ്ട്. തീയറ്ററുകൾ ലഭിക്കാത്തതുകൊണ്ട് നല്ല സിനിമകൾ കാണാനുള്ള അവസരം നഷ്ടമാകുന്നുണ്ട്.