നായ്ക്കളുടെ ലൈഫ് റജിസ്റ്റര്‍ ചെയ്യണം: രഞ്ജിനി

നായ്ശല്യം പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹി സംഘടനാ പ്രതിനിധികൾ അലങ്കോലപ്പെടുത്തി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അവിടെ യഥാർഥത്തിൽ സംഭവിച്ചതെന്താണെന്നും നായ്ക്കളെ ഏതെല്ലാം രീതിയിൽ സംരക്ഷിക്കാൻ കഴിയുമെന്നും രഞ്ജിനി തന്നെ പറയുന്നു

‘ ഒരു സ്ഥലത്ത് ഒരു നായയ്ക്ക് പേ ഉണ്ടെന്നു തെളിഞ്ഞാൽ ആ പ്രദേശത്തെ മുഴുവൻ നായ്ക്കളെയും കൊല്ലണമെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഒരു ഡോക്ടർ പറഞ്ഞത്. ഇത് എങ്ങനെ ന്യായീകരിക്കാൻ സാധിക്കും. ഇപ്പോൾ ഒരു ആനയ്ക്ക് മദപ്പാട് കണ്ടെത്തിയാൽ നമ്മൾ എന്താണു ചെയ്യുക, ആ പ്രദേശത്തെ മുഴുവൻ ആനകളെയും കൊലപ്പെടുത്തുന്നുണ്ടോ? മദപ്പാട് കണ്ടെത്തിയ ആനയ്ക്ക് മാത്രം ചികിത്സ നൽകുകയല്ലേ ചെയ്യുന്നത്. ഇപ്പോൾ ഒരു നായയ്ക്ക് പേവിഷ ബാധ കണ്ടെത്തിയെങ്കിൽ ആ പ്രദേശത്തെ മറ്റു നായ്ക്കൾ എന്തു ചെയ്തു? ഒരു ഡോക്ടർ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ആ ചർച്ചയിൽ പറഞ്ഞത്. ഇമോഷണലായി സംസാരിക്കുന്നത് എന്റെ രീതിയാണ്. ഇനി അതൊട്ട് മാറാനും പോകുന്നില്ല.

പേപ്പട്ടികളെ ശിക്ഷിക്കേണ്ട എന്നല്ല പറഞ്ഞത്. ഇതിന് ശാശ്വത പരിഹാര മാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. മൂവാറ്റുപുഴയിൽ ഒരു നായയ്ക്ക് പേവിഷബാധ കണ്ടെത്തിയതിനെ തുടർന്ന് 130 പട്ടികളെയാണ് അവർ കൊന്നത്. ഇത് എങ്ങനെ ശരിയാകും? മനുഷ്യനെ ഉപദ്രവിക്കാത്തവയെ എന്തിനാണ് ദ്രോഹിക്കുന്നത്? തെരുവ്നായ്ക്കൾ എവിടെ നിന്നാണ് ഉണ്ടാകുന്നത്? വയസാകുമ്പോഴും മറ്റ് അസുഖങ്ങൾ ബാധിക്കുമ്പോഴുമെല്ലാം വീട്ടിൽ നിന്ന് ഉപേക്ഷിക്കുന്നവയല്ലേ പിന്നീട് തെരുവ് നായ്ക്കളായി മാറുന്നത്. ടൂ വീലറിലും മറ്റും പോകുമ്പോൾ വരെ തെരുവ്നായ്ക്കൾ കുരച്ചു കൊണ്ടു പിറകേ വരാറുണ്ട്. എന്നുവച്ച് ഇവയെ കൊന്നുകളയുകയാണ് ശാശ്വത പരിഹാരം എന്നു കരുതുകയല്ല വേണ്ടത്. ഒരു പെർമനന്റ് സെല്യൂഷൻ ഉണ്ടാക്കുകയാണ് വേണ്ടത്. പട്ടികളെ കൊന്നൊടുക്കുമ്പോൾ എലിയോ അതുപോലുള്ള മറ്റേതെങ്കിലും ജീവികളോ പെരുകും. അതിനെയും ഇതുപോലെ ചെയ്യാൻ പറ്റുമോ?

ഒരു പട്ടി കടിച്ചാൽ ഇത്രയും പ്രശ്നമുണ്ടാക്കുന്നവർ ഒരു കുഞ്ഞിനെ റെയ്പ് ചെയ്താൽ എന്താണ് പ്രശ്നമുണ്ടാക്കാത്തത്? വാർ‌ത്തയുണ്ടാക്കി ഭീതി പരത്തുന്നതിനു പകരം എന്തു ചെയ്യണം എന്നാണ് ചിന്തിക്കേണ്ടത്.

എബിസി(ആനിമൽ ബെർത് കൺട്രോൾ) യിൽ‌ വെറുമൊരു വന്ധ്യംകരണം മാത്രമല്ല ചെയ്യുന്നത്. വാക്സിനേഷൻ എടുക്കുക കൂടി ചെയ്യുന്നുണ്ട്. ഓരോ പ്രദേശം കേന്ദ്രീകരിച്ച് ഇതിനെക്കുറിച്ചുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്. ഇന്ന് 100 നായ്ക്കൾക്ക് വന്ധ്യംകരണം ചെയ്തുകഴിഞ്ഞാൻ അടുത്ത പ്രവശ്യം അത് 75 ആയി ചുരുങ്ങും. പിന്നീട് ഇതിലും കുറഞ്ഞ് കുറഞ്ഞ് വരികയേ ഉള്ളു. തീരെ കുറയുന്ന സമയമാകുമ്പോൾ തൽക്കാലത്തേക്ക് നിർത്തി വയ്ക്കാവുന്നതാണ്.

ഇപ്പോൾ കൊച്ചി എടുക്കുകയാണെങ്കിൽ അവിടെ മാലിന്യസംസ്കരണം ശരിയാകാതെ തെരുവ്നായ് ശല്യം കുറയാൻ പോകുന്നില്ല. ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കുന്ന സ്ഥലത്താണ് ഇവ കൂട്ടമായി നിൽക്കുന്നത്. ആദ്യം മാലിന്യസംസ്കരണം ശരിയായി നടക്കട്ടെ.

നായ്ക്കൾ‌ക്കും ലൈഫ് റജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഇപ്പോൾ ഒരു വീട്ടിൽ ഒരു പട്ടിയെ വാങ്ങിയാൽ പഞ്ചായത്തിന്റെ കീഴിൽ അതിനെ റജിസ്റ്റർ ചെയ്യാം. അത് മരണപ്പെടുകയാണെങ്കിലും അവിടെ അറിയിക്കാം. അങ്ങനെ ആകുമ്പോൾ ഏതെങ്കിലും നായ തെരുവിൽ അലയുകയാണെങ്കിൽ കൃത്യമായി കണ്ടെത്താൻ കഴിയും. ഇപ്പോൾ എല്ലാവർക്കും ആധാർ കാർഡ് നിർബന്ധമാക്കിയതു പോലുള്ള എന്തെങ്കിലും ഫലപ്രദമായ മാര്‍ഗം ഇതിലും ഉണ്ടായേ മതിയാകൂ.’ രഞ്ജിനി പറഞ്ഞു.