അയാളല്ല ഇടിയിലെ വില്ലന്‍; സാജിദ് വ്യക്തമാക്കുന്നു

ഇടി തിയറ്ററുകളിൽ ഇടിച്ചു കയറുവാനുള്ള തയ്യാറെടുപ്പിലാണ്. സാജിദ് യഹിയയും അനുജനും ചേർന്നു സൃഷ്ടിച്ച ഇബ്രാഹി ദാവൂദെന്ന ഇൻസ്പെക്ടർ എങ്ങനെയാണ്. ആദ്യ ചിത്രത്തിന്റെ വഴികളെ കുറിച്ച് സംവിധായകൻ സാജിദ് യഹിയ സംസാരിക്കുന്നു...

കുറേ അലഞ്ഞു, ഒടുവിൽ

ഏതെങ്കിലും രീതിയിൽ സിനിമയായി ചേർന്നു പ്രവർത്തിക്കണമെന്നതു കുഞ്ഞിലേ മുതൽക്കുള്ള സ്വപ്നമായിരുന്നു. 2007 മുതൽക്കേയുണ്ട് സിനിമയിൽ. സംവിധാനം എന്റെ മാത്രം സ്വപ്നമായിരുന്നില്ല. അനിയന്റെയും കൂടിയായിരുന്നു. അതു തിരിച്ചറിഞ്ഞ അന്നു മുതൽക്കേ ഒരുമിച്ചായി സിനിമയെ കുറിച്ചുള്ള ചിന്ത. അതാണിപ്പോള്‍ യാഥാർഥ്യമായത്. ഒരുപാടു പ്രതീക്ഷയോടെയാണു സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

ജയസൂര്യയുടെ ഇടി

ജയസൂര്യയുടെ ഇടിപ്പടം തന്നെയാണു ഇടി. ഈ സിനിമ സിനിമയാകുന്നതിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഏറെയാണു. പ്രൊഡക്ഷന്‍ കമ്പനിയുമായി പരിചയപ്പെടുത്തിയതൊക്കെ അദ്ദേഹമാണ്. ഗംഭീര അഭിനയം അതു മാത്രമേ അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചു പറയുവാനുള്ളൂ. ജനുവരി, ഫെബ്രുവരി മാസത്തിൽ മുഴുവൻ ഈ സിനിമയ്ക്കായി അദ്ദേഹം വർക്ക് ഔട്ടിൽ ആയിരുന്നു. എന്നിട്ട് ഓരോ ദിവസവും അതിന്റെ ഫോട്ടോയൊക്കെ അയച്ചു തരുമായിരുന്നു.

അത്രയേറെ ഡെഡിക്കേഷനോടെയാണ് ഈ സിനിമയെ അത്രയും വലിയൊരു നടന്‍ സമീപിച്ചത്. പിന്നെ ചിത്രത്തിലെ ചില തമാശ സീനുകളും മറ്റും ഒന്നുകൂടി മെച്ചപ്പെടുത്തുവാനും പുതിയതു ക്രിയേറ്റു ചെയ്യുവാനുമുള്ള ചർച്ചയിൽ അദ്ദേബവും പങ്കാളിയായി. എട്ടു ദിവസമെടുത്താണ് ഇടിയുടെ ക്ലൈമാക്സ് പൂർത്തീകരിച്ചത്. മംഗലാപുരത്തെ ഒരു ഗോഡൗണിൽ വച്ചായിരുന്നു അത്. സാധാരണ ഒരാളായിരുന്നുവെങ്കിൽ തീർച്ചയായും മടുത്തു പോയേനെ. പക്ഷേ അദ്ദേഹം ഓരോ ദിവസവും ഊർജ്ജസ്വലനായി. അതു നമുക്കും ആവേശം പകരുമല്ലോ.

ബംഗാളികളെ പോലെ പണിയെടുക്കണം

കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശരിക്കും അഭിനയം എളുപ്പമാണ്. സംവിധായകൻ പറ‍ഞ്ഞു തരുന്നത് ചെയ്താൽ മതി. എന്നാൽ സംവിധാനം അതുപോലെയല്ല. ശരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിൽ വന്നു ബംഗാളികൾ പണിയെടുക്കും പോലെ ചെയ്യണം. വലിയൊരു സംഘം നമുക്കൊപ്പമുണ്ടാകും. അവരിൽ പലരേയും ഒരു വട്ടം കണ്ട പരിചയമൊക്കെയേ ഉണ്ടാകൂ. അവരെ നമ്മള്‍ ക്രൗഡിനെ നിയന്ത്രിക്കണം എന്നു മാത്രമല്ല, നമ്മളും നല്ല ആത്മ നിയന്ത്രണം പാലിക്കണം. എന്നാലേ സിനിമ നന്നായി ചെയ്യുവാനാകൂ. നമ്മൾ ടെൻഷനടിച്ചാൽ ആകെ സെറ്റും അതുപോലെയാകും. ഇതെല്ലാം മെയിന്റെയ്ൻ െചയ്തു വേണം കൊണ്ടുപോകുവാൻ. അതൊരു വെല്ലുവിളിയാണ്.

ഇടി എങ്ങനെയാണ്?

കംപ്ലീറ്റ് എന്റർടെയ്ൻമെന്റ്. രണ്ടു രണ്ടര മണിക്കൂർ തീയറ്ററിൽ പോയിരുന്നു നന്നായി എൻ‍ജോയ് ചെയ്യുവാൻ പ്രേക്ഷകർക്കൊരു സിനിമ. അതാണ് ഇടി. എന്തെങ്കിലും സന്ദേശമോ അല്ലെങ്കിൽ വലിയ ആശയങ്ങളോ ഒന്നും പ്രേക്ഷകർക്കു നൽകുന്ന ചിത്രമല്ല. ആ ലെവലിലുള്ള സിനിമയല്ല. എന്റെർടെയ്ൻമെന്റ് എന്നതാണ് ഇടിയുടെ പ്രത്യേകത.

ഇബ്രാഹിം ദാവൂദെന്ന കഥാപാത്രത്തെ ഞങ്ങൾക്കു മുൻ പരിചയമൊന്നുമില്ല. മൊത്തത്തിൽ ഞങ്ങളുടെ സങ്കൽപത്തിലുള്ള കഥാപാത്രമാണ്. ഇബ്രാഹിം, ദാവൂദ് എന്നീ പേരുകൾ പ്രവാചകന്റേതാണ്. ആ പേരിനൊരു ഊർജ്ജമുണ്ട്. അതുകൊണ്ടാണ് ആ പേരു നൽകിയത്. പിന്നെ ഇടി എന്നു ചുരുക്കിയത് ഞാൻ തന്നെയാണ്.

ജയസൂര്യയുടെ രണ്ടു സിനിമകൾ ഒരുമിച്ചെത്തുന്നല്ലോ?

അതിന്റെ ടെൻഷനൊന്നുമില്ല. രണ്ടും രണ്ടു തരത്തിലുള്ള ചിത്രമാണ്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമയാണിത്. അതുകൊണ്ട് പ്രേക്ഷക പിന്തുണ കിട്ടുമെന്ന പ്രതീക്ഷയുണ്ട്.

വില്ലൻ അറസ്റ്റിലായെന്ന വാർത്ത

ഞങ്ങളുടെ സിനിമയിൽ അങ്ങനെയൊരു കഥാപാത്രമില്ല. കാസർഗോഡ് ഷൂട്ടിങ് നടന്നപ്പോൾ നല്ലൊരിടം കാണിച്ചു തരുവാൻ വന്നൊരാളാണ്. അയാളെ കുറിച്ച് മറ്റൊന്നുമേ അറിയില്ല. അദ്ദേഹത്തിന്റെ ലുക്കിൽ ഒരു വ്യത്യസ്തത തോന്നി. പിന്നെ സിനിമയിൽ അഭിനയിക്കുവാൻ ഇഷ്ടമുള്ളതായും. അങ്ങനെയാണു ക്ലൈമാക്സ് സീനിൽ നിർത്തിയത്. വെടിയേറ്റു മരിക്കുന്ന ഒരാളായിട്ടായിരുന്നു അത്. ഒരു ഡയലോഗു പോലും പറയുന്നില്ല. അല്ലാതെ വില്ലനൊന്നുമല്ല.

മാധ്യമങ്ങളിലൊക്കെ വന്നത് അങ്ങനെയാണ്. സിനിമയെ അതു മോശമായി ബാധിക്കുമോയെന്ന ആശങ്കയിലാണു ഞാൻ. ഒരുപാടു പ്രതീക്ഷയോടെ ചെയ്ത ആദ്യ ചിത്രത്തിനു ഇത്തരമൊരു തെറ്റിദ്ധാരണ കൊണ്ടു ദോഷം വരുന്നത് ഒരുപാട് സങ്കടകരമല്ലേ.

ഇനി

സ്ത്രീ കേന്ദ്രീകൃതമായൊരു സിനിമയുടെ പണിപ്പുരയിലാണ്. ഒന്നും തീരുമാനമായിട്ടില്ല. എല്ലാത്തരം ചിത്രങ്ങളും ചെയ്യണമെന്നാണു ആഗ്രഹം. ആദ്യ സിനിമ അതിനു ആത്മവിശ്വാസം നൽകി. ‌‌‌‌‌