തീവ്രം ഉണ്ടാക്കിയ നഷ്ടം 42 ലക്ഷം; രൂപേഷിന് മറുപടിയുമായി നിർമാതാവ്

ദുൽഖറിനും രൂപേഷിനുമൊപ്പം ഇസ്മയിൽ

2012ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച സിനിമയായിരുന്നു തീവ്രം. രണ്ടേകാൽ കോടി മുടക്കി എടുത്ത ചിത്രത്തിന് 42 ലക്ഷം രൂപയാണ് നഷ്ടമുണ്ടായതെന്ന് നിർമാതാവായ വി എസ് ഇസ്മയിൽ പറയുന്നു. സിനിമയെ എല്ലാ ഭാഷകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡബ്ബിങ് അവകാശം നൽകിയതെന്നും മറ്റൊരു വൃത്തികെട്ട നീക്കവും നടത്തിയിട്ടില്ലെന്നും സംവിധായകൻ രൂപേഷിന് മറുപടിയായി ഇസ്മയിൽ പറഞ്ഞു.

ദുല്‍ഖര്‍ നായകനായി എത്തിയ തീവ്രം തമിഴിൽ ഡബ്ബ് ചെയ്ത് പുറത്തിറക്കുന്നതിനെതിരെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ രംഗത്തെത്തിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തീവ്രത്തിന്റെ നിർമാതാവായ വി സി ഇസ്മയില്‍ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും ഡബ്ബ് ചെയ്ത് ചിത്രത്തെ നശിപ്പിച്ചെന്നുമായിരുന്നു രൂപേഷിന്റെ ആരോപണം. രൂപേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തീവ്രം സിനിമയുടെ നിർമാതാവ് വി സി ഇസ്മയില്‍ മനോരമ ഓൺലൈനിൽ..

‘2012ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച സിനിമയായിരുന്നു തീവ്രം. രണ്ടേകാൽ കോടി മുടക്കി എടുത്ത ചിത്രത്തിന് 42 ലക്ഷം രൂപയാണ് എനിക്ക് നഷ്ടം സംഭവിച്ചത്.

ഒരു നിർമാതാവിന്റെ മകൻ കൂടിയായ രൂപേഷിനെ 42 ലക്ഷം രൂപ നഷ്ടം സഹിച്ച് സംവിധായകനാക്കാൻ തലശേരിയിലെ ഇസ്മായിൽ വേണ്ടിവന്നു. ഒരു പുതുമുഖ സംവിധായകന് അതിനുളള എല്ലാ പരിഗണനയും നൽകി കൂടെ നിന്ന് സിനിമ ചെയ്ത എനിക്ക് നഷ്ടം മാത്രമാണ് സംഭവിച്ചിട്ടൊള്ളൂ. സ്വന്തം അച്ഛൻ പോലും മകന് വേണ്ടി സിനിമ ചെയ്യാൻ തയാറായില്ല. ആ നന്ദി ഇങ്ങനെയാണോ രൂപേഷ് രേഖപ്പെടുത്തേണ്ടത്.

മറ്റു സംവിധായകർ പോലും എന്റെ അരികിൽ നിന്ന് ഓടി രക്ഷപ്പെടണമെന്നാണ് രൂപേഷ് പറയുന്നത്. മാത്രമല്ല ഇപ്പോൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ വിവരക്കേടാണ്. അങ്ങനെയൊരു ആരോപണം ഉന്നയിക്കാൻ രൂപേഷിന് യാതൊരു അവകാശവുമില്ല. തീവ്രം സിനിമയുടെ ഡബ്ബിങ് അവകാശമാണ് വിറ്റിരിക്കുന്നത്, അല്ലാതെ റീമേയ്ക്ക് അവകാശമല്ല. അതിനുള്ള അധികാരം നിർമാതാവിന് മാത്രമാണ്. ഇതൊരു റീമേയ്ക്ക് ആണെങ്കില്‍ രൂപേഷ് പറയുന്നതിലും കാര്യമുണ്ടെന്ന് ഞാൻ പറഞ്ഞേനെ.

ഒരു ലക്ഷം രൂപയാണ് ഇതിലൂടെ ആകെ കിട്ടിയത്. എന്റെ പേര് പോലും തമിഴിൽ ഉപയോഗിച്ചിട്ടില്ല. നിർമാതാവിന്റെ സ്ഥാനത്ത് മറ്റൊരാളുടെ പേരാണ്. രൂപേഷിന്റെ അടക്കമുള്ളവരുടെ പേരുകൾ അപ്പോഴും അവിടെ ഉണ്ട്. ഈ സിനിമ എല്ലായിടത്തും എത്തിപ്പെടട്ടെ എന്ന ആഗ്രഹം കൊണ്ടാണ് ഇങ്ങനെയൊരു നീക്കത്തിന് തയാറായത്. ഡബ്ബിങിലൂടെ ചിത്രത്തെ ഞാൻ നശിപ്പിച്ചു എന്നു പറയുന്നതെങ്ങനെയാണ്. അത് വേറൊരാൾ ചെയ്തതാണ്. എല്ലാ നിർമാതാക്കളും ഡബ്ബിംഗ് അവകാശം മറ്റൊരാൾക്ക് നൽകാറുണ്ട്.

രൂപേഷ് ചീപ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിനിമയുടെ ചിത്രീകരണസമയത്തോ സിനിമ പരാജയമായ ശേഷമോ ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. തീവ്രത്തിന് ശേഷം രൂപേഷ് ഞാന്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ല. എന്റെ മോളുടെ കല്യാണം വിളിക്കാന്‍ ബന്ധപ്പെട്ടപ്പോള്‍ പോലും ഫോണ്‍ എടുത്തിട്ടില്ല.

ഈ സിനിമ പരാജയമാപ്പോൾ ദുല്‍ഖർ വന്നു പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഈ ചിത്രത്തിന്റെ നഷ്ടം നമുക്ക് ഒരുമിച്ച് മറ്റൊരു ചിത്രത്തിലൂടെ നികത്താം എന്നാണ് എന്നോട് പറഞ്ഞത്.

2012ൽ റിലീസ് ചെയ്തപ്പോൾ സംവിധാനം കൊണ്ട് പൊട്ടിയ ഏക പടമായിരുന്നു തീവ്രം. തീവ്രത്തിൽ ദുൽഖറിന്റെ അഭിനയത്തെപ്പറ്റി പ്രശംസിച്ചപ്പോഴും എല്ലാവരും പറഞ്ഞത് സംവിധാനത്തിന്റെ തകർച്ചയെ പറ്റിയായിരുന്നു. എനിക്ക് ഉറപ്പാണ് തീവ്രം പരാജയമായത് സംവിധാനത്തിന്റെ കുഴപ്പം കൊണ്ട് മാത്രമാണ്. ഇതിന്റെ പേരിൽ രൂപേഷിനെതിരെ എവിടെയും സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന് സംവിധാനം അറിയില്ല എന്നതിന് തെളിവല്ലേ രണ്ടാമത് ചെയ്ത ചിത്രത്തിന്റെ പരാജയം. തീവ്രത്തിൽ സംവിധാനം അറിയാതെ വന്നതുകൊണ്ട് ഒരു സീൻ ഞാനാണ് സംവിധാനം ചെയ്ത് കൊടുത്തത്.

ഈ സിനിമയുടെ റീമേയ്ക്കിന് രൂപേഷ് എനിക്ക് വാക്കാൽ അനുവാദം തന്നിട്ടുണ്ട്. തീവ്രം പൂര്‍ത്തിയായപ്പോള്‍ റീമേക്ക് റൈറ്റ്‌സ് ആവശ്യപ്പെട്ട് ഒരു കൂട്ടര്‍ എത്തിയിരുന്നു. തമിഴിൽ നിന്ന് അലക്സ് കുര്യൻ വഴിയാണ് റീമേയ്ക്കിന് വന്നത്. പതിനഞ്ച് ലക്ഷം തരാമെന്നും പറഞ്ഞു. അപ്പോള്‍ തന്നെ രൂപേഷിനെ വിളിച്ച് അനുവാദം ചോദിച്ചു. പടം പരാജയമല്ലേ ഇക്കായ്ക്ക് നഷ്ടം വന്നതല്ലേ ഈ തുക ഇക്ക എടുത്തോളൂ എന്നാണ് രൂപേഷ് അന്ന് പറഞ്ഞത്. എന്നാൽ കേരളത്തില്‍ പടം വലിയ പരാജയമാണ് എന്നറിഞ്ഞപ്പോള്‍ റീമേക്ക് വാങ്ങാനെത്തിയവരും പിന്‍മാറി.

രൂപേഷിനോട് എനിക്ക് ഒരു പരാതിയുമില്ല. കാര്യങ്ങൾ തിരിച്ചറിഞ്ഞ ശേഷം മാത്രം ഒരു കാര്യത്തിൽ പ്രതികരിക്കണമെന്നേ എനിക്ക് പറയാനൊള്ളൂ. കാരണം നഷ്ടം സംഭവിച്ചത് എനിക്കാണ്.’–ഇസ്മയിൽ പറഞ്ഞു.