‘ബുദ്ധിജീവികളേ ക്ഷമിക്കൂ, ‘ലീല’ ആർട്ട് ഫിലിമല്ല’

ലീല പോസ്റ്റർ, ഉണ്ണി ആർ

ഇഎംഎസ്, മർലിൻ മൺറോ, ബ്രൂസ് ലീ ഇവർ മൂന്നുപേരുമാണ് കുട്ടിയപ്പന്റെ ഹീറോസ്. കുട്ടിയപ്പൻ മറ്റാരുമല്ല. നമ്മുടെ മാമച്ചൻ. ‘ലീല’യിലെത്തിയപ്പോൾ വെള്ളിമൂങ്ങയിലെ മാമച്ചൻ കുട്ടിയപ്പനായെന്നു മാത്രം. പക്ഷേ ചിരിയിൽ മാമച്ചനെ കടത്തി വെട്ടാനാണ് കുട്ടിയപ്പൻ എത്തുന്നത്.

ഒരുപാടുപേർ വായിച്ചിട്ടുള്ള കഥയാണു ലീല. സിനിമാപ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന ചിത്രം. അതുകൊണ്ടുതന്നെ ഈ സിനിമയെപ്പറ്റി പല മുൻധാരണകളും പ്രേക്ഷകരുടെ ഉള്ളിലുണ്ട്.

‘ബുദ്ധിജീവികളേ ക്ഷമിക്കൂ, ഇതൊരു ആർ‌ട് പടമല്ല...ഓരോ മലയാളി പുരുഷന്റെ ഉള്ളിലും ഓരോ കുട്ടിയപ്പന്മാരുണ്ട്. അതിന്റെ ഒരു ചികഞ്ഞെടുക്കൽ ആയിരിക്കും ഈ ചിത്രം’. പറയുന്നത് ലീലയുടെ രചന നിർവഹിച്ച ഉണ്ണി ആർ ആണ്.

യഥാർത്ഥ കഥയിൽ നിന്നൊരു പൊളിച്ചെഴുത്താണ് ഈ സിനിമ. കഥയിലില്ലാത്ത പല കാര്യങ്ങളും സിനിമയിൽ ചേർത്തിട്ടുണ്ട്. ഈ പോസ്റ്റർ അതിനൊരു ഉദാഹരണം മാത്രം. എന്റർടെയ്ൻമെന്റ് എന്നതിലപ്പുറം ഈ സിനിമ മലയാളപ്രേക്ഷകരെ രസിപ്പിക്കും. കുട്ടിയപ്പൻ സീരിയസായിട്ടാണ് ഓരോ കാര്യവും ചെയ്യുന്നതെങ്കിലും കണ്ടു നിൽക്കുന്നവർക്ക് അതു തമാശയാണ്. സിനിമയുടെ ആകർഷണ ഘടകവും അത് തന്നെയാകും. ഉണ്ണി പറയുന്നു.

കഥ വായിച്ചവർക്കും വായിക്കാത്തവർക്കും ചിത്രം പുത്തൻ അനുഭവമായിരിക്കും. ലീല എന്ന പേരും പോസ്റ്ററുമൊക്ക കണ്ട് തെറ്റിദ്ധരിച്ചവർ അതൊന്നുമല്ല ചിത്രമെന്ന് മനസ്സിലാക്കുക. ഒരുപാട് മികച്ച സിനിമകൾ നമുക്ക് തന്ന രഞ്ജിത്തിന്റെ മറ്റൊരു മാസ്റ്റർ പീസ് ആയിരിക്കും ഇത്. ഉണ്ണി കൂട്ടിച്ചേർത്തു.