ദംഗൽ–ബാഹുബലി താരതമ്യം വേണ്ട; ആമിർ ഖാൻ

ആരാകും ഇന്ത്യൻ ബോക്സ്ഓഫീസിലെ ഒന്നാമനെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ആഗോളകലക്ഷനിൽ ആമിറിന്റെ ദംഗലും രാജമൗലിയുടെ ബാഹുബലിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എന്നാൽ ഇതൊരു മത്സരമായാണ് ആരാധകരും കണക്കാക്കുന്നത്. ബോളിവുഡിൽ ബാഹുബലിക്കെതിരെ തുറന്നപ്രസ്താവനയുമായി പലരും രംഗത്തെത്തിയിരുന്നു.

‘രണ്ടു സിനിമകളെയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് പ്രതികരണവുമായി ആമിർ ഖാൻ രംഗത്തെത്തി. ദംഗൽ സിനിമയ്ക്ക് ചൈനയിൽ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ട്. എന്നാൽ അതിൽ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല. ബാഹുബലി 2 ഞാൻ ഇതുവരെയും കണ്ടിട്ടില്ല. അത് വലിയ വിജയമായ സിനിമയാണ്. സിനിമയെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ കേൾക്കുകയുണ്ടായി.– ആമിർ പറഞ്ഞു.

‘ദംഗല്‍ സിനിമയുമായി ഒരിക്കലും ബാഹുബലിയെ താരതമ്യം ചെയ്യരുത്. ഇതുമാത്രമല്ല ഒരു സിനിമയെയും മറ്റുസിനിമകളുമായി താരതമ്യം ചെയ്യരുത്. ഇതു രണ്ടും നല്ല സിനിമകളാണ്. മാത്രമല്ല രണ്ടും ഇന്ത്യൻ സിനിമകളാണെന്നതിൽ നമ്മൾ ഓരോരുത്തരും അഭിമാനിക്കണം. ലോകം മുഴുവൻ ബാഹുബലി തരംഗമായി മാറി. ഒരു ഇന്ത്യൻ ആരാധകൻ എന്ന നിലയിൽ ബാഹുബലിയോട് അഭിമാനം തോന്നുന്നു.–ആമിർ പറഞ്ഞു.

സച്ചിൻ തെൻഡുൽക്കറുടെ സിനിമയുടെ പ്രീമിയർ ഷോ കാണാന്‍ എത്തിയപ്പോഴായിരുന്നു ആമിറിന്റെ പ്രതികരണം.