ഒറ്റ മോശം സിനിമയുടെ പേരിൽ ആമിറിനെ ക്രൂശിക്കരുത്: ഷാരൂഖ്

ബോളിവുഡിൽ നല്ലചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ആമിർ ഖാനെ വെല്ലാൻ സമീപകാലങ്ങളിൽ ആരും തന്നെയില്ല. മികച്ച തിരക്കഥയുടെ ബലമില്ലാതെ ഷാരുഖ് ഖാൻ മുൻനിരയിൽ ആഘോഷിക്കപ്പെടാതെ പോയപ്പോൾ മികച്ച ചിത്രങ്ങളുടെ പിന്തുണയോടെ ആമിർ ഖാനും ആരാധക പിന്തുണയോടെ സൽമാൻ ഖാനും ബോളിവുഡ് ഭരിച്ചു. ത്രി ഇഡിയറ്റസ്, ലഗാൻ, പികെ, ദംഗൽ തുടങ്ങിയ ചിത്രങ്ങൾ നിരൂപക ശ്രദ്ധയോടോപ്പം ബോക്സ് ഓഫിസുകളിലും മികച്ച വിജയമായി. 

എന്നാൽ ഇത്തവണ ആമിർ ഖാന് പിഴച്ചു. യാഷ് രാജ് ഫിലിംസ് നിര്‍മിച്ച സൂപ്പര്‍ താര ചിത്രം തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ബോക്സ് ഓഫിസിൽ തലകുത്തി വീണു. ആമിര്‍ ഖാന്‍ അമിതാബ് ബച്ചന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണു താനും. പ്രേക്ഷകർ കടുത്ത പരിഹാസത്തോടെയാണ് ഈ ചിത്രത്തിന്റെ പരാജയത്തെ വരവേറ്റത്.  എന്നാൽ ആമിർ ഖാന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ കിങ്ങ് ഖാൻ. ഒരു മോശം സിനിമയുടെ പേരിൽ ആമിർ ചെയ്ത നിരവധി നല്ല ചിത്രങ്ങളെ വിസ്മരിക്കരുതെന്നും ചില പ്രതികരണങ്ങൾ അതിരു വിട്ടെന്നും ഷാരൂഖ് കുറ്റപ്പെടുത്തി.

വർഷങ്ങളായി നല്ല സിനിമകൾ സമ്മാനിക്കുന്ന അതുല്യ പ്രതിഭകളാണ് ആമിറും അമിതാഭ് ബച്ചനും ഒരു തെറ്റായ തെരഞ്ഞെടുപ്പിന്റെ പേരിൽ അതിരുവിട്ട വിമർശനം ശരിയല്ല. എല്ലായ്പ്പോഴും നല്ല സിനിമകൾ നൽകാൻ കഴിയണമെന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ബോളിവുഡിലെ മികച്ച സിനിമകളിൽ പലതും ആമിറിന്റെ സംഭാവനകളാണ് ഷാരൂഖ് പറഞ്ഞു.