‘അർജുൻ റെഡ്ഡി’ ലുക്കിൽ ഷാഹിദ് കപൂർ; കബീർ സിങ് തുടങ്ങി

വിജയ് ദേവരക്കൊണ്ടയുടെ സൂപ്പർഹിറ്റ് ചിത്രം ‘അർജുൻ റെഡ്ഡി’ ഹിന്ദി റീമേയ്ക്കിൽ ഷാഹിദ് കപൂർ ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയിലെ തന്റെ ആദ്യ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഷാഹിദ് കപൂര്‍. കബീർ സിങ് എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.

സിനിമയിലെ അർജുൻ റെഡ്ഡിയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെ ലുക്ക് ആണ് ഷാഹിദ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ഡല്‍ഹിയിലും മുംബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.

അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായികയാകുക. ടി-സീരിസാണ് നിർമാണം. 2019 ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

തമിഴ് റീമേയ്ക്കിൽ ധ്രുവ് വിക്രമാണ് നായകനാകുന്നത്. പ്രശസ്ത സംവിധായകൻ ബാല ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം മേഘ ചൗദരിയാണ് നായിക.