വിഷമമുണ്ട്, പ്രേക്ഷകരോട് മാപ്പ്: തഗ്സ് പരാജയത്തിൽ ആമിർ ഖാൻ

ബിഗ് ബജറ്റ് ചിത്രം തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ പരാജയം ഏറ്റെടുത്ത് ആമിര്‍ ഖാൻ. ചിത്രം റിലീസ് ചെയ്ത് മൂന്നു ആഴ്ചകള്‍ പിന്നിടുമ്പോഴും മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ സിനിമയുടെ പരാജയത്തിന്റെ പൂർണഉത്തരവാദിത്തവും ഏറ്റെടുത്ത് ആമിർ ഖാൻ തന്നെ രംഗത്തുവന്നു.

‘ചിത്രത്തിന്റെ പരാജയത്തില്‍ ഏറെ വിഷമമുണ്ട്. ചിത്രം പരമാവധി നന്നാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ ഞങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണ് കരുതുന്നത്. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. ചിത്രം ഇഷ്ടപ്പെട്ടെന്ന് അറിയിച്ചവരും ഉണ്ട്. അവര്‍ക്ക് നന്ദി അറിയിക്കുന്നു’. ആമിര്‍ പറഞ്ഞു. 

ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആമിര്‍. വലിയ പ്രതീക്ഷകളോടെ ചിത്രം കാണാന്‍ പോയി നിരാശയോടെ തിരിച്ചിറങ്ങേണ്ടി വന്ന പ്രേക്ഷകരോട് ആമിര്‍ ഖാന്‍ മാപ്പ് പറഞ്ഞു. പ്രേക്ഷരെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടെന്നും ആമിര്‍ പറഞ്ഞു.

‘സിനിമയ്ക്കെതിരെ മോശം നിരൂപണങ്ങൾ വന്നതിൽ ഒന്നും തന്നെ പറയാനില്ല. സിനിമ കാണുന്ന പ്രേക്ഷകന് അതിനെ വിമർശിക്കാനും പൂർണഅവകാശമുണ്ട്. ഈ ചിത്രം നന്നാക്കുന്നതിനായി ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.’–ആമിർ വ്യക്തമാക്കി.

ചിത്രത്തിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നു വെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന്‍ എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഏതാണ്ട് ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ആമിർ ഖാന്റെ ഒരു ചിത്രം പരാജയത്തിലേക്കു കൂപ്പുകുത്തുന്നത്. 300 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ നവംബര്‍ 15 വരെ നേടിയ കലക്‌ഷൻ 218 കോടി മാത്രമാണ്.

യാഷ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം ആദ്യദിനം മികച്ച പ്രതികരണത്തോടെയാണ് തുടങ്ങിയത്. 52.25 കോടി രൂപ ആദ്യദിനം ലഭിച്ചപ്പോൾ, വിമർശിച്ചുകൊണ്ടുള്ള നിരൂപണങ്ങള്‍ സിനിമയെ മോശമായി ബാധിച്ചു. ആമിറിന്റെ ഒരു പരാജയം കാത്തിരുന്നതുപോലെയാണ് ചിത്രത്തിനെതിരെ ട്രോളുകൾ എത്തിയതും.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ത്തന്നെ ആളുകൾ കുറയാന്‍ തുടങ്ങി. രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ച സിനിമ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടതോടെ വന്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. 300 കോടിമുടക്കി ചെയ്ത സിനിമയ്ക്ക് ഇന്ത്യയിൽനിന്ന് ഇതുവരെ നേടാന്‍ കഴിഞ്ഞത് 149.96 കോടി രൂപ മാത്രമാണ്. സിനിമ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമായി മാറിയേക്കുമെന്നാണ് സൂചന.