ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ത്യ ‘ഇൻക്രെഡിബിൾ’ തന്നെ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്പയിന്‍ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്നും ബോളിവുഡ് താരം ആമിര്‍ ഖാനെ നീക്കിയതായി വാർത്തകൾ വന്നിരുന്നു. ഇതിനെ തുടർന്ന് വിവാദങ്ങളുണ്ടായെങ്കിലും കാലാവധി കഴിഞ്ഞപ്പോഴാണ് ആമിറിനെ ഒഴിവാക്കിയതെന്ന് വിനോദസഞ്ചാര വകുപ്പ് വിശദീകരണം നൽകിയിരുന്നു.

ഇപ്പോൾ ഇതിന് തക്ക മറുപടിയുമായി ആമിർ ഖാൻ തന്നെ രംഗത്തെത്തി. ‘കഴിഞ്ഞ പത്ത് വർഷമായി ഇൻക്രെഡിബിൾ ഇന്ത്യ പ്രചരണത്തിന്റെ ബ്രാൻഡ് അംബാസിഡറായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എന്റെ രാജ്യത്തിന് വേണ്ടി ഇങ്ങനെയൊരു സേവനം ചെയ്തതിൽ സന്തോഷമുണ്ട്. ഇനിയും അത് തുടരും. ആമിർ ഖാൻ പറഞ്ഞു.

ഗവൺമെന്റിന്റെ ഏതെങ്കിലും പ്രചരണത്തിന് ബ്രാൻഡ് അംബാസിഡറിനെ വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവരുടെ അധികാരത്തിൽപ്പെട്ടതാണ്. ബ്രാൻഡ് അംബാസിഡറിനേ വേണമെങ്കിൽ അത് ആരാവണം എന്നു തീരുമാനിക്കേണ്ടതും അവർ തന്നെ. ഗവൺമെന്റിന്റെ ഇപ്പോഴത്തെ ഈ തീരുമാനത്തെ ആദരവോടെ തന്നെ അംഗീകരിക്കുന്നു. രാജ്യത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി ഉചിതമായ തീരുമാനമെടുക്കാൻ അവർക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാൻ ബ്രാൻഡ് അംബാസിഡർ ആയാലും ഇല്ലെങ്കിലും ഇന്ത്യ ‘ഇൻക്രെഡിബിൾ’ ആയി തന്നെ നിലനിൽക്കും. ആമിർ പറഞ്ഞു.