ആമിറിനെ നീക്കി ബച്ചൻ ഇന്‍ക്രെഡിബിള്‍ ഇന്ത്യ അംബാസിഡർ

ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അമിതാഭ് ബച്ചനെ നിയമിച്ചു. നടന്‍ ആമിര്‍ഖാന്‍റെ കരാ‍ര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന പരാമര്‍ശമാണ് ആമിര്‍ഖാനെ പദവിയില്‍ നിന്നൊഴിവാക്കാന്‍ കാരണമെന്നാണ് സൂചന.

രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാംപയിന്‍ നടത്തുന്നത്. 2002 ല്‍ തുടങ്ങിയ കാംപയിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ കഴിഞ്ഞ പത്ത വര്‍ഷത്തോളമായി ആമീര്‍ ഖാനായിരുന്നു. അതിഥി ദേവോ ഭവാ ക്യാംപയിന്‍ അവതരിപ്പിക്കുന്ന ‍ മക്കാന്‍ വേള്‍ഡ് വൈഡ് ഏജന്‍സിയുമായി കരാര്‍ അവസാനിച്ചതാണ് താരത്തെ ഒഴിവാക്കിയതിന് കാരണമെന്നാണ് ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മയുടെ വിശദീകരണം.

എന്നാല്‍ അസഹിഷ്ണുതാ പരാമര്‍ശത്തെതുടര്‍ന്ന് ‍ കേന്ദ്ര സര്‍ക്കാരിന്‍റെ അതൃപ്തിക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ആമിര്‍ ഖാനെ നീക്കിയതെന്നാണ് സൂചന. തുടര്‍ന്നാണ് ഗുജറാത്ത് ടൂറിസം അംബാസിഡറായ അമിതാഭ് ബച്ചനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ അംബാസിഡറായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നും ഇന്ത്യ വിസ്മയിപ്പിക്കുന്ന രാജ്യമാണെന്നും ആമിര്‍ ഖാന്‍ പ്രതികരിച്ചു.

നരേന്ദ്ര മോദിയുടെ മണ്ണിലെ ടൂറിസം വികസനത്തിന് അമിതാഭ് ബച്ചന്‍റെ സേവനം ഉപകരിച്ചെന്ന വിലയിരുത്തലാണ് കേന്ദ്രസര്‍ക്കാരിന്‍റേത്. അതേസമയം, അസഹിഷ്ണുത പരാമര്‍ശമാണ് ആമിര്‍ ഖാന് വിനയായതെങ്കില്‍ അതേ അസഹിഷ്ണുതയാണ് താരത്തെ നീക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്നും ആരോപണമുയരുന്നു.