25 വർഷത്തിനിടെ ഞങ്ങൾ ഒരുമിച്ചെടുത്ത ആദ്യചിത്രം: ഷാരൂഖ്

ബോളിവുഡിന്റെ സൂപ്പർതാരങ്ങളായ ഷാരൂഖും സൽമാനും അടുത്ത സുഹൃത്തുക്കളാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഷാരൂഖും ആമിർ ഖാനും അത്ര രസത്തിലല്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതൊക്കെ ഇനി പഴയകഥ.

ഷാരൂഖ് ഖാൻ ട്വിറ്ററിൽ പങ്കുവച്ച സെൽഫി കണ്ട ബോളിവുഡ് ഒന്നടങ്കം ഞെട്ടി. ആമിർ ഖാനൊപ്പമുള്ള സെൽഫിയായിരുന്നു അത്. ഇതിന് വലിയൊരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ 25 വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഇവർ ഒരുമിച്ചെടുക്കുന്ന ആദ്യ ചിത്രമാണിത്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ചിത്രം എവിടെനിന്നാണ് എടുത്തതെന്ന് ഷാരൂഖ് പറഞ്ഞിട്ടില്ല. ഒരു സുഹൃത്തിന്റെ പിറന്നാൾ പാർട്ടിക്കിടെ എടുത്ത ചിത്രമാണെന്ന് ബി ടൗണ്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന് ഇതുവരെ 7244 റിട്വീറ്റും 23,924 ലൈക്സും ലഭിച്ചു കഴിഞ്ഞു.