പതിനാല് വയസുള്ള ആരാധകന്റെ ആഗ്രഹം സാധിച്ച് ആമിര്‍ ഖാൻ

ആമിര്‍ ഖാൻ ആരാധകനൊപ്പം

തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തെ കൊണ്ട് ചിന്തിപ്പിച്ച ആമിർ ഖാനെ കാണണം ഒരു കുഞ്ഞ് ആരാധകൻ ഫേസ്ബുക്ക് വഴി ആവശ്യപ്പെട്ടു. അവൻറെ ആഗ്രഹം സാധിച്ചുകൊടുക്കാതിരിക്കുവാൻ ബോളിവുഡിലെ ഈ താരരാജാവിന് കഴിഞ്ഞില്ല. അങ്ങനെ അകാലവാർധക്യമെന്ന ജനിതക വൈകല്യത്തിൻറെ പിടിയിലായിപ്പോയ പതിനാലുകാരനെ കാണുവാൻ ബോളിവുഡിലെ താരസാമ്രാട്ട് പറന്നെത്തി. നിഹാൽ ബിത്‌ലയെന്ന ബാലനെ കാണാനാണ് ആമിറെത്തിയത്. നിഹാലിന് സ്വന്തം കയ്യൊപ്പിട്ട താരേ സമീൻ പർ ഡിവിഡിയുൾപ്പെടെയുള്ള മനോഹരമായ സമ്മാനങ്ങളും നൽകി ആമിർ. താരേ സമീൻ പർ സംവിധാനം ചെയ്ത് തന്റെ ജീവിതത്തിന് പ്രചോദനമേകിയ താരത്തിനോട് നിഹാൽ തന്റെ നന്ദി നേരിട്ടറിയിക്കുകയും ചെയ്തു.

പ്രിയപ്പെട്ട നിഹാൽ, എനിക്ക് നിന്നെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. എപ്പോഴും നീ സന്തോഷവാനായിരിക്കട്ടെ. മനോഹരമായ നിന്റെ പുഞ്ചിരി എപ്പോഴും അങ്ങനെ തന്നെ നിലനിൽക്കട്ടെ. സ്നേഹത്തോടെ ആമിർ. എന്നായിരുന്നു വീഡിയോ കവറിനു മുന്നിൽ ആമിർ എഴുതിയിരുന്നത്. താൻ വരച്ച ഗണേശ ഭഗവാന്റെ ചിത്രമാണ് ആമിറിന് നിഹാൽ സമ്മാനമായി നൽകിയത്. സെൽഫിയെടുക്കാനും ഇരുവരും മറന്നില്ല.

ഫേസ്ബുക്കിലൂടെ ആരാധകരാണ് ആമിറിന് മുന്നിലേക്ക് പ്രൊജേറിയ എന്ന അസുഖം ബാധിച്ച കുട്ടിയുടെ പോസ്റ്റ് എത്തിച്ചത്. എനിക്ക് ആമിറിനെ കാണണം താരേ സമീർ പർ എന്ന സിനിമയെടുത്തതിന് നന്ദി പറയണം. ആ ചിത്രമാണ് ജീവിതത്തെ ഇത്രയേറെ ധൈര്യത്തോടെ സമീപിക്കുവാൻ എന്നെ പ്രാപ്തനാക്കിയത്. പോസ്റ്റ് എന്തായാലും ആമിറിന്റെ മനസുതൊട്ടു. പോസ്റ്റിന് മറുപടിയും നൽകി. ഹായ് മൈ ഫ്രണ്ട്, നിന്നെ കാണുവാൻ ഞാനിഷ്ടപ്പെടുന്നു. നീ എവിടെവച്ച് എപ്പോൾ‌ കാണണമെന്നു പറയൂ. ഞാനവിടെയെത്തും. പിന്നെ നിനക്ക് താരേ സമീൻ പർ ഏറെയിഷ്ടമായെന്നറിഞ്ഞതിൽ അതിലേറെ സന്തോഷവും. ആമിർ മറുപടി പറഞ്ഞു.

പഠന വൈകല്യമുള്ള കുട്ടിയുടെ അധ്യാപകനായി ആമിർ അഭിനയിച്ച് 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് താരേ സമീൻ പർ. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലേക്കു വച്ചു തന്നെ ഏറെ മനോഹരമായ ചിത്രം. ചലച്ചിത്രമെന്നതിലുപരി ഇത്തരത്തിൽ പുറംലോകത്തിന് എളുപ്പം മനസിലാക്കാനാകാത്ത ജൈവിക അവസ്ഥകളിലുളളവരുടെ ജീവിതത്തിൽ വെളിച്ചം വീശുന്ന ഒന്നുകൂടിയായിരുന്നു അത്. താരേ സമീൻ പർ ജീവിതത്തിൽ പ്രതീക്ഷകൾ നിറച്ചെങ്കിൽ പ്രൊജേറിയ ബാധിച്ച കുട്ടിയായി അമിതാഭ് ബച്ചൻ അഭിനയിച്ച പാ എന്ന ചിത്രം നിഹാലിന് നല്ല അനുഭവമല്ല സമ്മാനിച്ചത്. അന്ന് സഹപാഠികൾ കളിയാക്കുകയും കഥാപാത്രത്തിന്റെ പേര് വിളിക്കുകയുമൊക്കെ ചെയ്തത് അവനെ വേദനിപ്പിച്ചു. നീ സ്പെഷൽ ആണെന്ന് കളിയാക്കുന്നവരോട് ധൈര്യപൂർവം പറയെന്ന് പറഞ്ഞാണ് പിതാവ് ആശ്വസിപ്പിച്ചത്. ഫേസ്ബുക്കിലൂടെ നിഹാൽ പറഞ്ഞിരുന്നു. യാഥാർഥ്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ചലച്ചിത്രങ്ങൾക്ക് ഇതിലും വലിയ അംഗീകാരമെന്താണ് കിട്ടാനുള്ളത്, ആമിറിനും.