ആരാധ്യയെ എപ്പോഴും ഒക്കത്തിരുത്തുന്നതിന് ഒരു കാരണമുണ്ട്

മാധ്യമങ്ങളിൽ നിന്നും, തിരക്കുകളില്‍ നിന്നും മകളെ രക്ഷിക്കാന്‍ ഐശ്വര്യ റായിക്ക് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും ലോകത്തെവിടെ പോയാലും ഐശ്വര്യയുടെ ഒക്കത്ത് നാലു വയസുകാരിയായ ആരാധ്യയുമുണ്ടാകും.

കാന്‍ ചലച്ചിത്ര മേളയിലേക്കായാലും അതുപോലെ വിദേശത്തെ മറ്റിടങ്ങളിലേക്കായാലും ആരാധ്യയുമുണ്ടാകും ഐശ്വര്യയ്ക്കൊപ്പം. ഇപ്പോൾ ഐശ്വര്യയുടെ ഒട്ടുമിക്ക ചിത്രങ്ങളിലെല്ലാം ഒക്കത്തിരിക്കുന്ന ആരാധ്യയുമുണ്ട്. എന്തുകൊണ്ടാണ് നാലു വയസു കഴിഞ്ഞിട്ടും മകളെയിങ്ങനെ എപ്പോഴും ഒക്കത്തിരുത്തുന്നതെന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ ഐശ്വര്യയോട് ചോദിച്ച ചോദ്യം.

‘യാത്രകൾക്കിടയിൽ തിരക്കൊന്നുമില്ലെങ്കിൽ നമ്മൾക്കൊപ്പം നടന്നുപോകുവാൻ ഏറെയിഷ്ടമായിരിക്കും ആരാധ്യയ്ക്ക്. അവൾ ഏറെ സന്തോഷവതിയുമായിരിക്കും. ആളുകൾ ശ്രദ്ധിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നതൊന്നും അന്നേരം ആരാധ്യയ്ക്കൊരു ബുദ്ധിമുട്ടേയല്ല. തമാശയൊക്കെ പറഞ്ഞു ചിരിച്ചു കളിച്ചങ്ങ് പോകും. പക്ഷേ ജനത്തിരക്കു വരികയാണെങ്കിൽ കുഞ്ഞു മകൾ‌ അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്. പ്രത്യേകിച്ച് ഫോട്ടോഗ്രാഫർമാരെ കാണുമ്പോൾ ആരാധ്യ അസ്വസ്ഥയാകാറുണ്ട്. ആ അന്തരീക്ഷത്തിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് അവൾ ആഗ്രഹിക്കുന്നത്. എന്റെ ഒക്കത്തിരിക്കുവാൻ ആരാധ്യ ആഗ്രഹിക്കുന്നുവെന്നു തോന്നിയതിനാലാണ് എപ്പോഴുമങ്ങനെ എടുക്കുന്നത്. ആരാധ്യ ജനിച്ച സമയം മുതൽക്കേ കാണുന്നതാണ് ഈ തിരക്ക്. അവൾക്കു കാര്യങ്ങളെല്ലാം അറിയാം. അതിനോടു അവൾ പൊരുത്തപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്’.– ഐശ്വര്യ റായ് പറഞ്ഞു.