എനിക്ക് പെന്‍ഷന്‍ വേണ്ട, അത് പാവങ്ങള്‍ക്ക് നല്‍കൂ; അമിതാഭ്

യു.പി സര്‍ക്കാര്‍ ബച്ചന്‍ കുടുംബത്തിന് പ്രതിമാസം 50000 രൂപ പെന്‍ഷന്‍ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ബഹുമതിയായ യാഷ് ഭാരതി സമ്മാന്‍ ലഭിക്കുന്നവര്‍ക്കാണ് പ്രതിമാസം 50,000 രൂപ പെന്‍ഷന്‍ കിട്ടുക. ബച്ചനും ജയ ബച്ചനും അഭിഷേകിനും ഈ അവാര്‍ഡിന് മുമ്പ് അര്‍ഹരായതോടെയാണ് പെന്‍ഷന് അര്‍ഹത നേടിയത്.

എന്നാല്‍ ഈ പ്രഖ്യാപനം വിവിധകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. അവസാനം ഈ വിഷയത്തില്‍ അമിതാഭ് ബച്ചന്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ' യു.പി സര്‍ക്കാരിനോടുള്ള എല്ലാ ബഹുമാനം കൊണ്ടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, എന്റെ കുടുംബത്തിനായി അനുവദിച്ച തുക പാവപ്പെട്ടവരുടെ ഉന്നമനത്തിനായോ ഏതെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയോ ഉപയോഗിക്കണം. ഇതെന്റെയൊരു അപേക്ഷയാണ്.' അമിതാഭ് ബച്ചന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിവരങ്ങള്‍ വിശദമാക്കിയത്.

അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരാണ് അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും 50,000 രൂപ വീതം പ്രതിമാസം പെന്‍ഷനായി ജീവിതകാലം മുഴുവന്‍ നല്‍കാന്‍ തീരുമാനിച്ചത്. 1994 ലിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ആദ്യവര്‍ഷം ബച്ചന്റെ പിതാവ് ഹരിവംശറായ് ബച്ചനാണ് ഈ അവാര്‍ഡ് ലഭിച്ചത്. ഈ വര്‍ഷം 56 പേരെയാണ് സര്‍ക്കാര്‍ യാഷ് ഭാരതി പുരസ്‌കാരം നല്‍കി ആദരിച്ചത്.

ഇന്ദിരാഗാന്ധി വാര്‍ദ്ധക്യ പെന്‍ഷന്‍ അനുസരിച്ച് വികലാംഗനായ ഒരാള്‍ക്ക് പ്രതിമാസം കിട്ടുന്നത് 300 രൂപയാണ്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും പെന്‍ഷന്‍ 20,129 രൂപ മാത്രമാണ്. 10 വര്‍ഷം രംഗത്ത് തുടര്‍ന്ന കലാകാരന്മാര്‍ക്ക് 2000 രൂപയാണ് മാസ പെന്‍ഷന്‍.