ആമിർ ഖാനെതിരെ ബിജെപിയുടെ കരിഓയിൽ പ്രതിഷേധം

ആമിർ ഖാന്റെ പോസ്റ്ററിൽ കരിഓയില്‍ ഒഴിച്ചും കോലം കത്തിച്ചും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. ഇന്ത്യയിൽ കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്നും രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ചു ഭാര്യ കിരൺ സംസാരിച്ചെന്നുമുള്ള പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും മുസ്‍ലിമുകൾക്ക് നല്ല ജീവിത സൗകര്യം നൽകില്ലെന്നും ഹിന്ദുവിനെപ്പോലൊരു നല്ല അയൽക്കാരനെ കിട്ടില്ലെന്നും ബിജെപി. ഇന്ത്യയാണ് ആമിറിനെ താരമാക്കിയത് എന്ന കാര്യം മറക്കരുത്. ഇന്ത്യയെക്കാളും സുരക്ഷിതമായ മറ്റൊരു രാജ്യം ആമിറിന് കിട്ടില്ല. മതത്തിന്റെ പേരിൽ ഒരു താരത്തെയും അവഗണിക്കാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്നും ബിജെപി.

ഡൽഹിയിൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പങ്കെടുത്ത രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയാണ് ആമിർ ഖാൻ രാജ്യത്തെ അരക്ഷിതാവസ്ഥയെക്കുറിച്ചു പ്രതികരിച്ചത്. ഇന്ത്യ വിട്ടുപോകുന്നതിനെക്കുറിച്ച് തന്റെ ഭാര്യ കിരൺ ആദ്യമായി പറഞ്ഞതായി ആമിർ പറഞ്ഞു. മക്കളെക്കുറിച്ചോർത്ത് അവൾ പേടിക്കുന്നു. ഇതു തന്നെയും അസ്വസ്ഥനാക്കുവെന്നും ആമിർ പറഞ്ഞിരുന്നു. ഇതാണ് പുതിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്