ധോണിയുമായുള്ള പ്രണയബന്ധം; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി

റായി ലക്ഷ്മിയും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും പ്രണയത്തിലാണെന്ന് വർഷങ്ങൾക്ക് മുമ്പ് ഗോസിപ്പുകൾ വന്നിരുന്നു. ഇപ്പോഴിതാ ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ബോളിവുഡിന് അറിയേണ്ടത് സിനിമയിലെ റായി ലക്ഷ്മിയുടെ വേഷത്തെക്കുറിച്ചാണ്. 2008ലെ ഐപിഎല്‍ വേളയിലാണ് ധോണിയും റായിയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് വാർത്തകൾ വന്നുതുടങ്ങിയത്.

അകിര, ജൂലി 2 എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച റായി ലക്ഷ്മിയോട് മാധ്യമങ്ങൾക്ക് ചോദിക്കാനുള്ളതും ഇതേ ചോദ്യം തന്നെ. തന്റെ കഴിഞ്ഞകാലം ചികഞ്ഞെടുത്ത് അനാവശ്യമായ വാർത്തകൾ സൃഷ്ടിക്കരുതെന്ന് റായി ലക്ഷ്മി വ്യക്തമാക്കുന്നു. ‘ഞാനും ധോണിയും അതിൽ നിന്നൊക്കെ ഒരുപാട് മാറിക്കഴിഞ്ഞു. എന്നാൽ ചിലർ അതിൽ തന്നെ നില്‍ക്കുന്നു. ജീവിതത്തിലെ ആ അധ്യായം അടഞ്ഞിട്ട് എട്ടു വർഷമായി കഴിഞ്ഞു.’ റായി വിശദമാക്കി.

ചെന്നൈ സൂപ്പർകിങ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു റായി. ധോണി ആയിരുന്നു ടീം ക്യാപ്റ്റനും. ആ കാലത്ത് ഒരുവർഷത്തോളം ധോണിയുമായുള്ള പ്രണയബന്ധം തുടർന്നായിരുന്നുവെന്ന് റായി തുറന്നുപറഞ്ഞു. എന്നാൽ അതൊരിക്കലും ശക്തമായ പ്രണയബന്ധമായിരുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ലെന്നും റായി വ്യക്തമാക്കി.

ഈ ബന്ധം തുടരനാകില്ലെന്ന് രണ്ടുപേർക്കും മനസ്സിലായതോടെയാണ് പിരിഞ്ഞതെന്നും എന്തിനാണ് ആളുകൾ ഇതിനെക്കുറിച്ച് ഇപ്പോഴും പറഞ്ഞു നടക്കുന്നതെന്നും റായി പറഞ്ഞു.

ധോണിയുടെ ആദ്യകാമുകി പ്രിയങ്ക ഷായെക്കുറിച്ച് പുതിയ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രിയങ്ക ഒരു അപകടത്തിൽ മരണപ്പെടുകയായിരുന്നു. എന്നാൽ തന്നെക്കുറിച്ച് ഈ ചിത്രത്തിൽ പ്രതിപാദിക്കില്ലെന്ന് റായി ഉറപ്പു പറയുന്നു. ധോണി ജീവിതത്തിൽ ഡേറ്റ് ചെയ്തത് തന്നെ മാത്രമല്ലെന്നും മറ്റൊരുപാട് പെൺകുട്ടികള്‍ വന്നുപോയിട്ടുണ്ടെന്നും റായി പറഞ്ഞു. ജീവചരിത്രം സിനിമയാക്കുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ഒഴിവാക്കുകയാണ് സാധാരണയെന്നും റായി പറഞ്ഞു.

‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പേരിൽ പുറത്തിറങ്ങുന്ന ധോണിയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡെയാണ്. സുശാന്ത് സിങ് രാജ്പുത്താണ് ധോണിയാകുന്നത്.

ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത സംഭവങ്ങൾ ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്. ധോണിയുടെ പിതാവ് പാൻസിങ്ങിനെ അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. കിയര അദ്വാനിയാണ് സാക്ഷി ധോണിയായെത്തുന്നത്. ചിത്രം ഒക്ടോബർ ഏഴിന് പുറത്തിറങ്ങും.