ആമിർ ഖാനെതിരെ പൊലീസ് പരാതി

രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന് ആമിര്‍ ഖാന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖർ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ മിസ്റ്റർ പെർഫെക്ഷനിസ്റ്റിന്റെ ഈ പ്രസ്താവന കൂടുതൽ വിവാദങ്ങളിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.

താരത്തിനെതിരെ ഹ്രസ്വചിത്രസംവിധായകനായ ഉൽഹാസ് പി ആർ ഡൽഹിയിലെ ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നു. ‘ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നമുക്ക് മൗലികാവകാശങ്ങൾ ഉണ്ട്. അതായത് രാജ്യത്തെ സമാധാനം നിലനിർത്താൻ നമ്മൾ‌ ബാധ്യസ്ഥരായിരിക്കണം. ആമിറിനെപോലുള്ള സിനിമാതാരങ്ങൾ ഇത്തരം പ്രസ്താവനകള്‍ പറയുന്പോൾ അത് ഏത് സമൂഹത്തിലാണെന്നും എവിടെയാണ് അസഹിഷ്ണുതയാൽ ജനങ്ങള്‍ ഭയന്ന് ജീവിക്കുന്നതെന്നും വ്യക്തമാക്കണമെന്നും ഉൽഹാസ് പറഞ്ഞു.

നേരത്തെ പികെ സിനിമയുമായി ബന്ധപ്പെട്ടും ആമിറിനെതിരെ ഉൽഹാസ് പരാതി നൽകിയിരുന്നു. ചിത്രത്തിലൂടെ പൊലീസുകാരെ അപമാനിച്ചെന്നായിരുന്നു പരാതി.

സിനിമാതാരങ്ങളെപ്പോലുള്ളവർക്ക് രാജ്യത്ത് സമാധാനം നിലനിർത്തുന്നത് സഹായിക്കാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് മറ്റുള്ളവരുടെ സമാധാനം കൂടി നഷ്ടമാക്കുന്ന പ്രസ്താവനകൾ പറയുന്നതെന്നും ഉൽഹാസ് ചോദിക്കുന്നു.

എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു അസഹിഷ്ണുതയ്ക്കെതിരെ ആമിറിന്റെ പ്രതികരണം.രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആമിർ പറഞ്ഞു.

ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അയാളെ മുസ്‍ലിം ഭീകരനെന്നോ ഹിന്ദു ഭീകരനെന്നോ മുദ്രകുത്തി ആദ്യത്തെ തെറ്റ് നമ്മൾ ചെയ്യുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മുസ്‍ലിം കുടുംബത്തിൽ പിറന്ന തനിക്ക് ഐഎസ് എന്ന പേരിൽ ഭീകരവാദം നടത്തുന്നവരെ ഇസ്‍ലാം മതത്തിൽപ്പെട്ടവരായി കാണാനാകില്ല.

പുരസ്കാരങ്ങൾ മടക്കി നൽകിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. എല്ലാ വ്യക്തികൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശരിയെന്നു തോന്നുന്ന ഏതു രീതിയിലും അവർക്ക് പ്രതിഷേധിക്കാം. പക്ഷേ അതൊരിക്കലും നിയമത്തെ കയ്യിലെടുത്താകരുതെന്നും ആമിർ കൂട്ടിച്ചേർത്തു.