ഭാര്യയോട് മുംബൈ വിടാന്‍ ആമിര്‍ ഖാന്റെ നിര്‍ദേശം

രാജ്യത്ത് അസഹിഷ്ണുത നിലനിൽക്കുന്നുവെന്ന പ്രസ്താവന വിവാദമായതോടെ ഭാര്യ കിരണോടും കുട്ടിയോടും മുംബൈ വിടുന്നതാണ് നല്ലതെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കുടുംബത്തിന്റെ സുരക്ഷ മുന്നിൽ കണ്ടാണ് ആമിർ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നതെന്നും പറയുന്നു.

ആമിര്‍ ഖാനെതിരെ മുംബൈയില്‍ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് ഈ നിര്‍ദേശം. മുംബൈയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കട്ടേ എന്നും വിവാദങ്ങളോട് പ്രതികരിക്കണ്ട എന്നാണ് ഇരുവരുടെയും തീരുമാനം എന്നും റിപ്പോർട്ട് ഉണ്ട്.

ആമിറിന്റെ വീടിന് മുന്നിലും ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആമിര്‍ ഖാന്റെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു.

എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു അസഹിഷ്ണുതയ്ക്കെതിരെ ആമിറിന്റെ പ്രതികരണം.രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആമിർ പറഞ്ഞു.

ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അയാളെ മുസ്‍ലിം ഭീകരനെന്നോ ഹിന്ദു ഭീകരനെന്നോ മുദ്രകുത്തി ആദ്യത്തെ തെറ്റ് നമ്മൾ ചെയ്യുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മുസ്‍ലിം കുടുംബത്തിൽ പിറന്ന തനിക്ക് ഐഎസ് എന്ന പേരിൽ ഭീകരവാദം നടത്തുന്നവരെ ഇസ്‍ലാം മതത്തിൽപ്പെട്ടവരായി കാണാനാകില്ല.

പുരസ്കാരങ്ങൾ മടക്കി നൽകിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. എല്ലാ വ്യക്തികൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശരിയെന്നു തോന്നുന്ന ഏതു രീതിയിലും അവർക്ക് പ്രതിഷേധിക്കാം. പക്ഷേ അതൊരിക്കലും നിയമത്തെ കയ്യിലെടുത്താകരുതെന്നും ആമിർ കൂട്ടിച്ചേർത്തു.