വിട പറഞ്ഞത്, ഇന്ത്യയിലെത്തി ഓട്ടോയിൽപ്പാഞ്ഞ ജയിംസ് ബോണ്ട്

അതുവരെ നിരത്തുകളിലൂടെ ‘ടുക് ടുക്’ ശബ്ദവുമായി പോകുന്ന മുച്ചക്രവണ്ടി മാത്രമായിരുന്നു ഓട്ടോറിക്ഷ. പക്ഷേ 1983ൽ കഥ മാറി, അതിനു കാരണമായതാകട്ടെ ജയിംസ് ബോണ്ടും. ഇന്ത്യയിൽ ആദ്യമായി ചിത്രീകരിച്ച ബോണ്ട് ചിത്രമായ ‘ഒക്ടോപസി’യിലാണ് ഓട്ടോറിക്ഷയ്ക്ക് ‘പറക്കാനുമുള്ള’ കഴിവുണ്ടെന്ന് ലോകത്തിനു മനസിലായത്. വില്ലന്മാരിൽ നിന്നു രക്ഷപ്പെടാൻ വിജയ് എന്ന സഹപ്രവർത്തകനുമൊത്ത് ഓട്ടോയിൽ പായുന്നതിനിടെയാണ് ഒരു ഒട്ടകത്തിന്റെ തലയ്ക്കു മുകളിലൂടെ ഓട്ടോ പാഞ്ഞുപോകുന്നത് ഇതാദ്യമായി ഹോളിവുഡ് കാണുന്നത്. അത്തരത്തിൽ അവിസ്മരണീയമായ ഇന്ത്യൻ കാഴ്ചകൾ സമ്മാനിച്ച ഒക്ടോപസിയിലെ നായകൻ വിടപറഞ്ഞിരിക്കുന്നു– ഇന്ത്യയുടെ സ്വന്തം ജയിംസ് ബോണ്ട് റോജർ മൂർ. 

ബോണ്ട് സീരീസിലെ പതിമൂന്നാമത്തെ ചിത്രമായ ഒക്ടോപസി 1983ലാണ് പുറത്തിറങ്ങുന്നത്. ബോണ്ട് ആയി വേഷമിട്ടുള്ള റോജർ മൂറിന്റെ ആറാമത്തെ ചിത്രം കൂടിയായിരുന്നു അത്. ‘ഒക്ടോപസി’യുടെ നിർമാണസംഘത്തെ പിന്തുടർന്ന് തയാറാക്കിയ ഡോക്യുമെന്ററിയിൽ തന്റെ ആദ്യ ഇന്ത്യൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട് റോജർ മൂർ. താജ്മഹലും ഉദയ്പുരിലെ കൊട്ടാരക്കെട്ടുകളുമെല്ലാം മൂറിനെ ഹരം പിടിപ്പിച്ചെങ്കിലും ഒരു കാര്യത്തെ മാത്രം നേരിടാനാകാതെ അദ്ദേഹം തളർന്നു പോയി– ഇന്ത്യയിൽ കൊടും ചൂടായിരുന്നു അത്. ഷൂട്ടിനിടെ ഷർട്ട് പല തവണ മാറ്റേണ്ടി വന്നതായി അദ്ദേഹം കുറിച്ചിട്ടുണ്ട്. 

ഇന്ത്യയിലേക്ക് ബോണ്ട് വന്നിറങ്ങുന്നത് താജ്മഹലിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുറത്തിറങ്ങി നടക്കുമ്പോഴാണ് ജയിംസ് ബോണ്ടിനു മാത്രം സ്വന്തമായിട്ടുള്ള ആ ‘ട്യൂൺ’ ഒരു പാമ്പാട്ടിയുടെ മകുടിയിൽ നിന്നു കേൾക്കുന്നത്. പിന്നെ കോഡ് പറഞ്ഞു. പാമ്പാട്ടിയായി വന്ന ബ്രിട്ടന്റെ ഇന്ത്യയിലെ സീക്രട്ട് സർവീസ് ഏജന്റ് വിജയ് അദ്ദേഹത്തെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ബോണ്ടിനെ സഹായിക്കാനായി ഏർപ്പെടുത്തിയ രഹസ്യ ഏജന്റ് വിജയ് ആയി വേഷമിട്ടത് ടെന്നിസ് താരം കൂടിയായ പത്മശ്രീ വിജയ് അമൃതരാജായിരുന്നു. ഉദയ്പുരിലായിരുന്നു ഒക്ടോപസിയുടെ ഷൂട്ടിങ്ങിലേറെയും. പിച്ഛോലാ തടാകക്കരയിലുള്ള ശിവ് നിവാസ് പാലസായിരുന്നു ബോണ്ടിന്റെ സിനിമയിലെ താമസസ്ഥലം. തടാകത്തിനു നടുവിലുള്ള ലേക്ക് പാലസും ജഗ്മന്ദിർ പാലസുമായിരുന്നു ‘വില്ലത്തി’ ഒക്ടോപസിയുടെ കൊട്ടാരമായത്. ഒരു കുന്നിൻ മുകളിലുള്ള മൺസൂൺ പാലസ് വില്ലൻ കമാൽ ഖാന്റെ കൊട്ടാരവുമായി. 

ഖാനു വേണ്ടി കൊല്ലിനും കൊലയ്ക്കും തയാറായ കൂട്ടാളി ഗോവിന്ദയായെത്തിയത് ബോളിവുഡിന്റെ സ്വന്തം കബീർ ബേദിയായിരുന്നു. വിജയ്‌യുടെ ഓട്ടോയുടെ പുറകിലിരുന്ന് ഗോവിന്ദയുടെയും സംഘത്തിന്റെയും കയ്യിൽ നിന്നു രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു ബോണ്ടിന്റെ പ്രശസ്തമായ ‘ഓട്ടോ ചേസ്’ ആയി അറിയപ്പെടുന്നത്. ഉദയ്പുരിൽ ‘ഒക്ടോപസി’ ചിത്രീകരിച്ച കൊട്ടാരങ്ങളെല്ലാം ഇന്ന് ആഡംബര ഹോട്ടലുകളാണ്. അവയുടെ പ്രധാന പരസ്യവാചകമാകട്ടെ റോജർ മൂർ താമസിച്ച അല്ലെങ്കിൽ ജയിംസ് ബോണ്ട് ചിത്രീകരണം നടന്ന ഇടം എന്നും. 34 വർഷമായിട്ടും അതിന് മാറ്റമൊന്നുമില്ല. 

കബീർ ബേദിക്കൊപ്പം റോജർ മൂർ ‘ഒക്ടോപസി’യിൽ.

അൻപത്തിയഞ്ചാം വയസ്സിലാണ് മൂർ ഒക്ടോപസിയിലഭിനയിക്കുന്നത്. ചിത്രത്തിലെ ഷൂട്ടിനു വേണ്ടി 5000 എക്സ്ട്രാ നടന്മാരെ ആവശ്യമുണ്ടായിരുന്നു. പക്ഷേ ബോണ്ട് ചിത്രമെന്നു കേട്ടതും ഓടിയെത്തിയത് പതിനായിരക്കണക്കിനു പേർ. എല്ലാവർക്കും നൽകാനുള്ള റോളും ഉണ്ടായിരുന്നു. തെരുവിലൂടെ വില്ലന്മാരെ വെട്ടിച്ചുള്ള വിജയ്‌യുടെയും ബോണ്ടിന്റെയും ‘ഓട്ടോയോട്ടം’ പാതി ഇന്ത്യയിലും ശേഷിച്ചത് യുകെയിലെ പൈൻവുഡ് സ്റ്റുഡിയോസിൽ സെറ്റിട്ടുമായിരുന്നു ചിത്രീകരിച്ചത്. 

വിജയ് അമൃതരാജിനൊപ്പം റോജർ മൂർ.

ബോണ്ട് ചിത്രത്തിലെ അഭിനേത്രിമാരെ സാരിയുടുപ്പിച്ച ‘ഒക്ടോപസി’ 1983 ജൂൺ ആറിന് പുറത്തിറങ്ങി. ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. 2.75 കോടി ഡോളർ മുടക്കി നിർമിച്ച ചിത്രം വാരിയെടുത്തത് 18.37 കോടി ഡോളർ! ആദ്യത്തെ ജയിംസ് ബോണ്ടായ ഷോൺ കോണറിക്കും രണ്ടാമൻ‌ ജോർജ് ലാസൻബിക്കും ശേഷമാണ് ബോണ്ട് ചിത്രങ്ങളിലേക്ക് റോജർ മൂറിന് നറുക്ക് വീഴുന്നത്. യുകെയിലെ സ്‌റ്റോക്വെല്ലിലാണ് 1927ൽ മൂറിന്റെ ജനനം. ബോണ്ടായിട്ടുള്ള ലാസൻബിയുടെ പ്രകടനം വളരെ മോശമായിരുന്നുവെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ കോണറിയെ വീണ്ടും ക്ഷണിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം നിർദേശിച്ചത് തന്റെ സമകാലീനനായിരുന്ന റോജർ മൂറിന്റെ പേരും. അങ്ങനെ മൂറിന്റെ കനത്ത ശബ്ദവും മൂർച്ചയേറിയ കണ്ണുകളുമായി ജയിംസ് ബോണ്ട് തിയേറ്ററുകളിലെത്തി. 

‘ഒക്ടോപസി’യിലെ ‘ഓട്ടോ ചേസിങ്’ രംഗം.

ആദ്യചിത്രം 1973ലിറങ്ങിയ ‘ലിവ് ആൻഡ് ലെറ്റ് ഡൈ’. ‘ദ് മാൻ വിത്ത് ഗോൾഡൻ ഗൺ’ തൊട്ടടുത്ത വർഷമിറങ്ങി. 1977ലിറങ്ങിയ ‘ദ് സ്‌പൈ ഹൂ ലവ്‌ഡ് മി’ക്കു മൂന്ന് ഓസ്‌കർ നാമനിർദേശങ്ങൾ ലഭിച്ചു.മൂൺ റേക്കർ(1979), ഫോർ യുവർ ഐസ് ഒൺലി(1981), ഒക്‌ടോപസി(1983), എ വ്യൂ ടു എ കിൽ(1985) എന്നിവ ഉൾപ്പെടെ ഏഴ് ബോണ്ട് ചിത്രങ്ങളിലാണ് മൂർ വേഷമിട്ടത്. അവസാനത്തെ ബോണ്ട് ചിത്രത്തിനു ശേഷം അഞ്ചു വർഷത്തോളം ഒരൊറ്റ സിനിമ പോലും അദ്ദേഹം ചെയ്തില്ല. 1990 മുതൽ വീണ്ടും സിനിമകളിലും ടിവി സീരീസുകളിലും സജീവമായി. 2011ലിറങ്ങിയ ‘എ പ്രിൻസസ് ഫോർ ക്രിസ്മസ്’ ആണ് അവസാന ചിത്രം. 2003ൽ മൂറിന് എലിസബത്ത് രാജ്‌ഞി പ്രഭുസ്‌ഥാനം നൽകി ആദരിച്ചു. രാജ്യാന്തര ശിശുക്ഷേമ സംഘടനയായ യൂനിസെഫിന്റെ അനൗപചാരിക സ്‌ഥാനപതിയായുള്ള 12 വർഷത്തെ സേവനത്തിന്റെ അംഗീകാരമായിട്ടായിരുന്നു പുരസ്‌കാരം.