ആടിപ്പാടി ജാക്കും റോസും; ചിത്രങ്ങൾ കാണാം

അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് മറഞ്ഞുപോയ ജാക്കും, അവനിലേക്ക് മരണമെത്തുന്നതറിയാതെ കൈപിടിച്ച് ആഴക്കടലിൻ നടുവിലെ അർധരാത്രിയില്‍ മയങ്ങിക്കിടന്ന റോസും...സ്വപ്നതുല്യ സൗന്ദര്യവുമായി യാത്രയ്ക്കിറങ്ങിയിട്ട് ഒടുവിൽ ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ടൈറ്റാനിക് എന്ന കപ്പലിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഈ രണ്ട് കഥാപാത്രങ്ങള്‍ എന്നെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. 

കടൽ തീർക്കുന്ന കാഴ്ചകൾ പോലെ വശ്യമായ ഭംഗിയുള്ള റോസ് ആയി വേഷമിട്ടത് കേറ്റ് വിൻസ്‍ലെറ്റ് ആയിരുന്നു. കഥപറയും കണ്ണുള്ള ജാക്കായി വന്നത് വിഖ്യാത നടൻ ലിയനാഡോ ഡി കാപ്രിയോയും. ഇരുവരേയും അത്രമേൽ ജനകീയമാക്കിയത് ഈ ജെയിംസ് കാമറൂൺ ചിത്രത്തിലെ കഥാപാത്രങ്ങളാണെന്നതിൽ തർക്കമില്ല. ടൈറ്റാനിക് പുറത്തിറങ്ങി വർഷങ്ങളിത്ര പിന്നിടുമ്പോഴും ഈ ജോഡികളെ ഏറെ കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇരുവരും അവധിദിവസങ്ങൾ ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

ചിത്രത്തിൽ ഇരുവരും അവതരിപ്പിച്ച കഥാപാത്രങ്ങൾക്കിടയിലുണ്ടായിരുന്ന മാനസിക അടുപ്പം യഥാർഥ ജീവിതത്തിലെ സുഹൃദ് ബന്ധത്തിലുമുണ്ട്. ലിയനാഡോ ഡി കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്‌കർ ലഭിച്ചപ്പോഴുള്ള കേറ്റിന്റെ പ്രതികരണം അതിനുള്ള ഏറ്റവും മനോഹരമായ ഉദാഹരണമാണ്. 

ഫ്രാൻസിന്റെ തെക്കു വശത്തുള്ള ഒരിടത്തുള്ള ലിയനാഡോ ഡി കാപ്രിയോയുടെ ആഡംബര എസ്റ്റേറ്റിലാണ് ഇരുവരുമെത്തിയത്. ബിക്കിനിയണിഞ്ഞ കേറ്റും ബർമുഡ‍യണിഞ്ഞ ലിയനാഡോ ഡി കാപ്രിയോയും നാല്‍പതു പിന്നിട്ടെങ്കിലും  എപ്പോഴത്തേയും പോലെ ഹോട്ടും ഗ്ലാമറസുമാണ്. മൂന്നു കുട്ടികളുടെ അമ്മയാണ് കേറ്റ്. ലിയനാഡോ അവിവാഹിതനായി തുടരുന്നു.