Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഞ്ചേർസ് 4 ലും അതിഥിയായി സ്റ്റാൻ ലീ; കണ്ണീരോടെ സൂപ്പർഹീറോസ്

stan-lee-cameo

ലൊസാഞ്ചലസ്: സൂപ്പര്‍ഹീറോകളുടെ സ്രഷ്ടാവും അമേരിക്കന്‍ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാന്‍ ലീക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം. സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, തോര്‍, ഡോക്ടര്‍ സ്‌ട്രേഞ്ച് തുടങ്ങിയ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്‌സിലൂടെ അവതരിപ്പിച്ചയാളാണ് സ്റ്റാന്‍ ലീ. ജാക്ക് കേര്‍ബി, സ്റ്റീവ് ഡിറ്റ്‌കോ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളുമായി ചേര്‍ന്നാണ് സ്റ്റാന്‍ ലീ സൂപ്പര്‍ഹീറോകളെ മാര്‍വല്‍ കോമിക്‌സുകളിലൂടെ രംഗത്തിറക്കിയത്. 

Stan Lee Tribute - All Of His Marvel Universe Cameos

ബ്ലാക്ക് പാന്തര്‍, എക്‌സ് മെന്‍, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങി ലീ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. മാര്‍വല്‍ സൂപ്പര്‍ഹീറോകളെ ആധാരമാക്കിയെടുത്ത സിനിമകള്‍ പിന്നീട് വന്‍ഹിറ്റുകളായി. ഇവയില്‍ മിക്കതിലും മുഖം കാണിച്ചിട്ടുള്ള ലീ ‘അവഞ്ചേർസ് ഇന്‍ഫിനിറ്റി വാറി’ല്‍ ഒരു ബസ് ഡ്രൈവറായെത്തി. 

അവഞ്ചേര്‍സിന്റെ അവസാന ചിത്രം അവഞ്ചേർസ് നാലാം ഭാഗത്തിലും അദേഹം അതിഥിയായി എത്തുന്നുണ്ട്. അവ‍ഞ്ചേർസ് 4 ആണ് സ്റ്റാൻ ലീ അവസാനമായി അഭിനയിച്ച ചിത്രവും. അടുത്തവർഷം മെയ് 3ന് ചിത്രം റിലീസ് ചെയ്യും.

നർമഭാവത്തോടെയുളള അഭിനയപ്രകടനത്താൽ സ്റ്റാൻ ലീ മാർവല്‍ സിനിമകളിൽ തിളങ്ങി. മാർവൽ സിനിമകളിലെ ടെയ്‍ൽ എൻഡ് രംഗം കാണാനുള്ള അതേ ആകാംക്ഷയോടെ സ്റ്റാൻ ലീയുടെ വരവിനായും പ്രേക്ഷകർ കാത്തിരുന്നു.

1922 ഡിസംബര്‍ 28നാണ് ജനനം. റുമാനിയയില്‍ നിന്നു യുഎസിലേക്കു കുടിയേറിയ ജൂതകുടുംബത്തിലാണ് സ്റ്റാന്‍ ലീയുടെ ജനനം. രണ്ടാം ലോക യുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്‌നല്‍ വിഭാഗത്തില്‍ ജോലിക്കു ചേര്‍ന്ന ലീ പിന്നീട് പരിശീലന ചിത്രങ്ങള്‍ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി. 

യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാര്‍വല്‍ കോമിക്‌സില്‍ എത്തുകയായിരുന്നു. അന്നുവരെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളില്‍ ഡിസി കോമിക്‌സ് എന്ന കമ്പനിക്കുള്ള മേല്‍ക്കൈ മാര്‍വല്‍ കോമിക്‌സ് തകര്‍ത്തത് ലീയുടെ സൃഷ്ടികളിലൂടെയാണ്. പരേതയായ നടി ജോന്‍ ലീയാണു ഭാര്യ.