ജാക്കി ചാനെ ചുമ്മാ കൊന്നതിന് പത്ത് ലക്ഷം ലൈക്ക് !

ഇതിപ്പോൾ എത്രാമത്തെ തവണയാണ് ജാക്കി ചാൻ കൊല്ലപ്പെടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഹോളിവുഡ് സൂപ്പർആക്ഷൻ താരം ജാക്കി ചാൻ കൊല്ലപ്പെട്ടുവെന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്. ലോകമെമ്പാടുമുള്ള ആരാധകരെ വാർത്ത പരിഭ്രാന്തിയിലാഴ്ത്തി. ഇതും ആരോ കെട്ടിച്ചമച്ച വാർത്തയായിരുന്നു.

ആർ.ഐ.പി ജാക്കി ചാൻ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വാർത്ത പടർന്നത്. പത്ത് ലക്ഷത്തോളം ലൈക്സും ഈ പേജിന് ഇതിനകം ലഭിക്കുകയുണ്ടായി. ‘ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രിയപ്പെട്ട താരം ജാക്കി ചാൻ ലോകത്തോട് വിടവാങ്ങിയെന്നും അപടകത്തിൽപ്പെട്ടാണ് താരം മരണമടഞ്ഞതെന്നുമായിരുന്നു പേജിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പ്. നിങ്ങളുടെ സ്നേഹവും ആദരാഞ്ജലികളും ഈ പേജ് കമന്റ് ചെയ്തും ലൈക് ചെയ്തും രേഖപ്പെടുത്തുകയെന്നായിരുന്നു അവസാന വരി.

ഈ കുറിപ്പ് കണ്ട നൂറുകണക്കിന് ആളുകൾ പേജ് ഷെയർ ചെയ്യുവാനും ലൈക് ചെയ്യുവാനും തുടങ്ങി. വാർത്ത വൈറലായി അടുത്ത ദിവസമാണ് ഇത് തെറ്റാണെന്ന വിവരം ജാക്കി ചാനോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ‘ലോകത്തിൽ ഏറ്റവുമധികം കൊല്ലപ്പെടുത്തുന്ന നടനായി അദ്ദേഹം മാറിയെന്നും ദയവു ചെയ്ത് ഇന്റർനെറ്റിൽ വരുന്ന കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും ജാക്കി ചാന്റെ വക്താവ് പറഞ്ഞു.

നേരത്തെ സിൽവസ്റ്റർ സ്റ്റാലന്റെ വ്യാജമരണവാർത്തയും ഇതുപോലൊരു ഫേസ്ബുക്ക് പേജ് വഴിയാണ് പടർന്നത്. ഇതേ രീതിയിൽ തന്നെയായിരുന്നു കുറിപ്പും. താരങ്ങളുടെ മരണവാർത്തയുടെ പേരിൽ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ലക്ഷങ്ങൾ ലൈക്സ് സമ്പാദിക്കുക. ആവശ്യത്തിന് ലൈക്സ് ലഭിച്ചു കഴിയുമ്പോൾ പേജിന്റെ പേരുമാറ്റി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുക.