Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാനദിയിലെ നായിക ഞാനായിരുന്നില്ല: ഐശ്വര്യ ലക്ഷ്മി

I ME MYSELF ft. Aishwarya Lekshmi

മായാനദി എന്ന സിനിമയെയും അതിലെ മാത്തനെയും അപ്പുവിനെയും മലയാളികൾക്ക് അടുത്തെങ്ങും മറക്കാനാകില്ല. സിനിമയിലുടനീളം മാത്തന്റെയും പ്രേക്ഷകരുടെയും  ഇഷ്ടം പിടിച്ചു പറ്റി ആവസാനത്തെ ഷോട്ടിൽ ഏകയായി നടന്നു നീങ്ങിയ അപ്പു മലയാളത്തിലെ മുൻനിര നായികാനിരയിലേക്കാണ് ചെന്നു കയറിയത്. വരത്തൻ എന്ന പുതിയ ചിത്രത്തിലെ പ്രിയ എന്ന കഥാപാത്രത്തെ അപ്പുവിനെ സ്വീകരിച്ചതിനെക്കാൾ ആവേശത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ ഐശ്വര്യ ലക്ഷ്മി സന്തോഷത്തിലാണ്. അത് ഒട്ടും മറച്ചു വയ്ക്കാതെ തന്നെ മനോരമ ഒാൺലൈനിനോട് ഐശ്വര്യ മനസ്സു തുറക്കുന്നു. 

എന്താണ് വരത്തൻ ?

അമൽ നീരദ് സാറിന്റെ സിനിമയാണ് വരത്തൻ. അതാണ് ഇൗ ചിത്രത്തിനു കൊടുക്കാവുന്ന ഏറ്റവും നല്ല നിർവചനം. ഇൗ സിനിമയ്ക്കായി ഏറ്റവും കൂടുതൽ അധ്വാനിച്ചിരിക്കുന്നത് സാറാണ്. എല്ലാവരും അവരാൽ കഴിയുന്നത് ചെയ്തുവെങ്കിലും അമൽ സാറാണ് ഇൗ സിനിമയുടെ എല്ലാം. ബന്ധങ്ങളെ ത്രില്ലർ പശ്ചാത്തലത്തിൽ ഇൗ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. ഫഹദിക്കയുടെ നായികയാകാൻ എനിക്ക് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. മൂന്നാമത്തെ ചിത്രത്തിൽ തന്നെ അതും സാധിച്ചും. 

aishwarya-lekshmi-2

വരത്തനിലെ പ്രിയ ?

കോട്ടയംകാരിയായ പെൺകുട്ടിയാണ് പ്രിയ. ഒരുപാട് ആത്മവിശ്വാസമുള്ളയാളാണ്. പ്രിയയുടെ കഥാപാത്രവും സ്റ്റൈലിങ്ങും കോസ്റ്റ്യൂമും വരെ സിനിമയിൽ പ്രധാനമാണ്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറഞ്ഞാൽ സിനിമ കാണുമ്പോൾ ലഭിക്കുന്ന പുതുമ നഷ്ടമാകും. 

അമൽ നീരദ് എന്ന സംവിധായകൻ ?

ആഷിക്ക് സാറിന്റെ കൂടെ മായാനദി ചെയ്തപ്പോൾ ഫസ്റ്റ് ടേക്ക് അല്ലെങ്കിൽ സെക്കൻഡ് ടേക്ക് ഒക്കെ ആകുമായിരുന്നു. എന്റെ വിചാരം എല്ലാ സിനിമയും അങ്ങനെ തന്നെയാവും എന്നായിരുന്നു. പക്ഷെ അമൽ സാർ ഭയങ്കര പെർഫക്​ഷനിസ്റ്റാണ്. ഒരു സീനിനു വേണ്ടി 36 ടേക്ക് വരെ പോയിട്ടുണ്ട്. അത്രയ്ക്ക് ശ്രദ്ധയോടെയാണ് സാർ ഒാരോ രംഗങ്ങളും ഷൂട്ട് ചെയ്യുന്നത്. 

aishwarya-fahadh

എങ്ങനെയാണ് അഭിനയത്തിലേക്കെത്തുന്നത് ?

മോഡലിങ് വഴിയാണ് അഭിനയത്തിലേക്ക് എത്തുന്നത്. എന്റെ ഒരു സുഹൃത്ത് ഫോട്ടോഗ്രഫി പഠിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മോഡലായി. അങ്ങനെ പരസ്യചിത്രങ്ങളിലെത്തി. പക്ഷെ സിനിമ ഒന്നും പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നില്ല. അൽത്താഫിന്റെ കാസ്റ്റിങ് കോൾ കണ്ട് ശ്രമിച്ചു. അങ്ങനെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ അഭിനയിച്ചു. 

ആ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ഉള്ളിലെ അഭിനയമോഹം പുറത്തു വരുന്നത്. നന്നായി ചെയ്യണം നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്നൊക്കെയുള്ള മോഹങ്ങൾ അങ്ങനെയാണ് വരുന്നത്. ഷൂട്ട് കഴിഞ്ഞ സമയത്ത് ഭയങ്കര സങ്കടമായിരുന്നു. അങ്ങനെ അഭിനയം പഠിക്കാനായി ഞാൻ ബോംബെയിൽ ആക്ടേഴ്സ് ട്രൂത്ത് എന്നൊരു വർക്ക്ഷോപ്പിൽ പോയി. അവിടെ ഒരു മാസത്തെ പഠനം. ഒരു മാസം കൊണ്ട് ഒന്നും പഠിക്കാൻ സാധിക്കില്ല. പക്ഷെ അത് ഒരുപാട് ആത്മവിശ്വാസം നൽകി. പൊട്ടത്തെറ്റാണെങ്കിലും അത് ആത്മവിശ്വാസത്തോടെ ചെയ്യാനുള്ള ധൈര്യം ലഭിച്ചത് അവിടെ നിന്നാണ്. 

varathan-trailer

അതിനിടെയാണ് മായാനദിയുടെ ഒാഡീഷനിൽ പങ്കെടുക്കുന്നത്. സെക്കൻഡ് റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അതിൽ ഞാൻ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നില്ല. പക്ഷെ എന്റെ സുഹൃത്തും കോസ്റ്റ്യൂം സ്റ്റൈലിസ്റ്റുമായ സ്റ്റെഫി സേവ്യറാണ് എന്നെ നിർബന്ധിച്ചത്. നീ പങ്കെടുക്കണം അല്ലെങ്കിൽ അത് അഹങ്കാരമാകും എന്നൊക്കെ പറഞ്ഞു. കിട്ടില്ലല്ലോ പിന്നെന്തിനാണ് പോകുന്നത് എന്ന ചിന്താഗതിയായിരുന്നു എനിക്ക്. ആദ്യം എനിക്ക് കിട്ടിയില്ല. പിന്നീട് അവർ വിളിച്ചു കിട്ടിയെന്നു പറയുകയായിരുന്നു. മായാനദി റിലീസിനു ശേഷം രണ്ടു മാസം കഴിഞ്ഞാണ് വരത്തൻ വരുന്നത്. ഒന്നും പ്ലാൻ ചെയ്തല്ല വന്നതെങ്കിലും ഇപ്പോൾ സിനിമ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മായാനദി എന്ന സിനിമയും അപ്പു എന്ന കഥാപാത്രവും  ?

ആ ചിത്രം ഷൂട്ട് ചെയ്തിരുന്ന സമയത്ത് പല വട്ടം ഞാൻ ആഷിക്ക് ഇക്കയോട് ചോദിച്ചിട്ടുണ്ട് ഇത് ജീവിച്ചിരുന്ന ആരുടെയെങ്കിലും കഥയാണോ എന്ന്. കാരണം കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുന്ന ഒരുപാട് അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. ഒരു ദിവസം രാത്രി പത്തു മണിക്കാണ് മിഴിയിൽ നിന്നും എന്ന പാട്ട് ഷൂട്ട് ചെയ്യുന്നത്. അവിടെ റെയിൻ മെഷീൻ ഒക്കെ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. പക്ഷെ കൃത്യം ആ സമയത്തു തന്നെ അവിടെ മഴ പെയ്തു. അതു പോലെ പെട്ടെന്ന് സീനുകൾ‌ സെറ്റ് ആവുന്നു. വളരെ അനായാസമായി ഡയലോഗ് പഠിക്കാതെ തന്നെ പറയുന്നു. അങ്ങനെ ഒരുപാട് അനുഭവങ്ങൾ. 

aishwarya-lekshmi-4

മായാനദിയിലെ പ്രണയരംഗങ്ങളിൽ അഭിനയിക്കാൻ മടിയുണ്ടായിരുന്നോ ? അതു കണ്ട അച്ഛനമ്മമാരുടെ പ്രതികരണം എന്തായിരുന്നു ?

ഞാൻ വീട്ടിലെ ഒറ്റ മോളാണ്. ഭയങ്കര റിബലാണ്. എന്റെയടുത്ത് ആരെങ്കിലും അവിടെ പോകരുത് അതു ചെയ്യരുത് എന്നൊക്കെ പറഞ്ഞാൽ ഞാൻ അവിടെ പോയി എന്തു കൊണ്ട് അവർ അങ്ങനെ പറഞ്ഞു എന്ന് ‘പണി’ മേടിച്ച് അനുഭവിച്ച ശേഷമെ പഠിക്കാറുള്ളൂ. അങ്ങനെയൊരു റിബൽ സ്വഭാവം ഉള്ളതിനാൽ എന്തു കൊണ്ട് അങ്ങനെയൊരു സീൻ ചെയ്യാൻ പാടില്ല എന്നൊരു ചോദ്യം എന്റെ മനസ്സിലുണ്ടായിരുന്നു. ആ സീൻ ചെയ്യാൻ നല്ല പേടിയുണ്ടായിരുന്നു. സമൂഹം എന്തു പറയുമെന്ന പേടി എനിക്കുണ്ടായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കൾ‌ എന്തു പറയുമെന്നുള്ളതായിരുന്നു എന്റെ ഏറ്റവും വലിയ പേടി. 

പക്ഷേ അവർക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. നല്ല പേടിയുണ്ടായിട്ടും ആഷിക്കേട്ടന്റെടുത്തും ശ്യാമേട്ടന്റെടുത്തും ദിലീഷേട്ടന്റടുത്തുമുള്ള വിശ്വാസത്തിന്റെ പുറത്തു ചെയ്തതാണ് ആ സീനുകൾ. അവർ ഒരിക്കലും ഇതൊരു മാർക്കറ്റിങ് ഗിമിക്കായി ഉപയോഗിക്കില്ലെന്നു ഉറപ്പുണ്ടായിരുന്നു. ഒരിക്കലും ഇത് അശ്ലീലമാകില്ല എന്നും വിശ്വാസമുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക് ഇതിൽ അശ്ലീലത കാണാൻ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. 

എന്റെ അമ്മ ഇൗ സീൻ കണ്ടു. അച്ഛൻ കണ്ടു. മറ്റേതൊരു മാതാപിതാക്കളെയും പോലെ അവർക്കും വിഷമമുണ്ടായി. പക്ഷേ അവർ അതു കൊണ്ടു നടക്കുകയോ അതെക്കുറിച്ചോർത്ത് കൂടുതൽ വേദനിക്കുകയോ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടിയാണെന്നുള്ള കാര്യം അവർക്ക് മനസ്സിലായി. മായാനദി നല്ലൊരു സിനിമയാണെന്നു അവർ ഇപ്പോഴും പറയും. 

ഏതു തരം കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ഐശ്വര്യ‌ ഏറ്റവുമധികം ബുദ്ധിമുട്ടുക ? 

ഹൈപ്പർ ആക്ടീവായ കഥാപാത്രങ്ങൾ അഭിനയിക്കാനും അഭിനയിച്ച് പ്രതിഫലിപ്പിക്കാനും ബുദ്ധിമുട്ടായിരിക്കും. അതേ സമയം അപ്പുവിനെ പോലെയോ പ്രിയയെ പോലെയോ ഉള്ള കഥാപാത്രങ്ങൾ അഭിനയിക്കാൻ എനിക്ക് കുറച്ചു കൂടി എളുപ്പമാണ്. എന്റെ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നല്ല പ്രയാസമായിരിക്കും. 

സിനിമയോ പഠനമോ വലുത് ?

ഒരു ഡോക്ടർക്ക് പുസ്തകത്തിൽ നിന്നുള്ള അറിവിനെക്കാൾ കൂടുതൽ അനുഭവസമ്പത്താണ് വേണ്ടതെന്നാണ് എനിക്കു തോന്നുന്നത്. ഹൗസ് സർജൻസി ഞാൻ അഭിനയത്തിനിടെയാണ് പൂർത്തീകരിച്ചത്. ഇക്കാലത്ത് പിജി ഇല്ലാത്ത ഡോക്ടർക്ക് ഒരു വിലയുമില്ല. പക്ഷേ പിജിയെക്കാൾ വലുത് അനുഭവസമ്പത്താണ് വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ എനിക്കും പിജി എടുക്കണം എന്നാണ് ആഗ്രഹം. 

പുതിയ ചിത്രങ്ങൾ ?

ജിസ് ജോയ് സംവിധാനം ചെയ്യുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രമാണ് അടുത്തത്. ആസിഫ് അലിയാണ് നായകൻ. പിന്നെ മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രത്തിൽ കാളിദാസ് ജയറാമിനൊപ്പം. തമിഴിൽ സുന്ദർ സി സാർ സംവിധാനം ചെയ്യുന്ന വിശാൽ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.