കാലാ; രജനിയുടെ മാസ് ടീസര്‍

രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലാ സിനിമയുടെ ടീസർ പുറത്ത്. കറുപ്പിന്റെ ആഘോഷമാണ് ടീസർ നിറയെ. പ.രഞ്ജിത്തിന്റെയും സിനിമയുടെയും രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ടീസര്‍. സന്തോഷ് നാരായണന്റെ സംഗീതം മികച്ച അനുഭവമാകുമെന്നുറപ്പ്. അംബേദ്കറിന്റെ വാചകമായ ‘സംഘടിക്കുക, പഠിക്കുക, പോരാടുക’ എന്ന മുദ്രാവാക്യം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി കേൾക്കാം.

കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രത്തിൽ കാല സേട്ട് എന്ന അധോലോക നായകനായാണ് രജനി എത്തുന്നത്. മുംബൈയാണ് പശ്ചാത്തലം. ബോളിവുഡ് താരം ഹുമ ഖുറേഷിയാണു നായിക. മുംബൈയിൽ താമസിക്കുന്ന തമിഴരിൽ ചിലർ കരികാലനെ ദൈവത്തിന്റെ പ്രതിപുരുഷനായാണു കാണുന്നത്. മുംബൈയിൽ ജീവിക്കുന്ന തമിഴ്നാട്ടുകാരുടെ കഥ പറയന്ന ചിത്രമായതിനാലാണു കരികാലൻ എന്ന പേര് തിരഞ്ഞെടുത്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

ബോളിവുഡ് താരം നാന പടേക്കര്‍, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടില്‍, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ രജനിയുടെ മരുമകന്‍ കൂടിയായ നടന്‍ ധനുഷാണ് നിർമാണം.