ധനുഷിന്റെ പിന്നിൽനിന്ന് രജനിയുടെ മുന്നിലേക്ക്: വിജയ് സേതുപതിയുടെ വിജയ ഗാഥ

vijay-sethupathi-pudhupettai
SHARE

ഒരു പേരിൽ ഒരു സൂപ്പർസ്റ്റാർ. അതാണ് ഏതൊരു സിനിമാ ഇൻഡസ്ട്രിയിലെയും അലിഖിത നിയമം. വിജയ് എന്നു കേട്ടാൽ ഒരു മൂന്നു കൊല്ലം മുമ്പു വരെ ഒറ്റ മുഖം മാത്രമേ ആരുടെയും മനസ്സിലേക്കു വരുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് അങ്ങനെയല്ല. വിജയ് എന്നു കേട്ടാൽ വെറും വിജയ്‌യോ അതോ വിജയ് സേതുപതിയോ എന്ന് ആളുകൾ ചോദിക്കുന്നു. വർഷങ്ങളായി പ്രേക്ഷകമനസ്സിൽ പതിഞ്ഞു കിടന്ന ഒരു ചിത്രത്തിനൊപ്പം തന്റെ മുഖം കൂടി ചേർത്തു വെച്ച ആ നടനെ ആളുകൾ സ്നേഹത്തോടെ വിളിച്ചു: മക്കൾ സെൽവൻ ! 

vijay-sethupathi-sasikumar

സൂപ്പർ താരങ്ങളുടെ പിറന്നാളുകൾ അവരുടെ സിനിമകളെക്കാൾ ആഘോഷമായി കൊണ്ടാടുന്ന തമിഴ്നാട്ടിൽ ജനുവരി 16 ഉം അതുപോലൊരു ആഘോഷരാവായി മാറിയിട്ട് അധികകാലമായിട്ടില്ല. മക്കൾ സെൽവന്റെ പിറന്നാൾ ആരാധകർ ആഘോഷമാക്കുമ്പോൾ തിയറ്ററിൽ നിറഞ്ഞോടുന്ന പേട്ടയിൽ അദ്ദേഹം സാക്ഷാൽ രജനീകാന്തിന്റെ വില്ലനാണ്. സിനിമയും ജീവിതവും രണ്ടായി കാണാത്ത തമിഴ് ജനതയുടെ മുന്നിൽ രജനിയുടെ വില്ലനായി അഭിനയിച്ചിട്ടും ഇത്രയേറെ സ്നേഹം അദ്ദേഹത്തിനു ലഭിക്കുന്നുണ്ടെങ്കിൽ അത് വിജയ് സേതുപതി എന്ന നടന്റെയും മനുഷ്യന്റെയും വിജയമാണെന്നു പറയേണ്ടി വരും. 

vijay-sethupathi-pudhupettai-1
പുതുപേട്ടയിൽ ധനുഷിനൊപ്പം വിജയ് സേതുപതി

സൂപ്പർസ്റ്റാറെന്നും ഉലകനായകനെന്നും ദളപതിയെന്നും താരങ്ങളെ വിളിച്ചവർ മക്കൾ സെൽവൻ എന്ന ജനകീയ പട്ടമാണ് വിജയ് സേതുപതിക്കു ചാർത്തിക്കൊടുത്തത്. ഇളയദളപതിയിൽ നിന്ന് വിജയ് ദളപതിയായതും മക്കൾ സെൽവന്റെ ഇൗ വളർച്ചാകാലത്തു തന്നെ. മറ്റുള്ള വിശേഷണങ്ങൾ കേവലം വിശേഷണങ്ങൾ മാത്രമായി ഒതുങ്ങിയപ്പോൾ മക്കൾ സെൽവൻ എന്ന പേര് തനിക്ക് ഏറ്റവും അനുയോജ്യമാണെന്നു വിജയ് സേതുപതി തന്റെ സിനിമകളിലൂടെ തെളിയിച്ചു. ഒന്നിനൊന്ന് വ്യത്യസ്തമായ, യാഥാർഥ്യത്തോടു ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങൾ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമകൾ. 

vijay-sethupathi-bale-pandya
ബലേ പാണ്ഡ്യയയിൽ വിഷ്ണു വിശാലിനൊപ്പം

വിജയ് സേതുപതിയും ശിവകാർത്തികേയനും ഏതാണ്ട് ഒരേ കാലത്ത് തമിഴ് സിനിമയിൽ ഉദിച്ചുയർന്ന രണ്ടു താരങ്ങളാണ്. പക്ഷേ ഇടയ്ക്ക് എവിടെയോ വച്ച് വിജയ് സേതുപതിയുടെ പ്രഭ ഒരൽപം കൂടി. ഇമേജിന്റെ കെട്ടുപാടുകളിൽ തളയ്ക്കപ്പെട്ട താരമല്ല വിജയ് സേതുപതി എന്നതാണ് അദ്ദേഹത്തെ മറ്റു നടന്മാരിൽനിന്നു വ്യത്യസ്തനാക്കുന്നത്. ശിവകാർത്തികേയൻ പോലും ക്ലീഷേ നായകസങ്കൽപങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ വിജയ് സേതുപതി ഒരു ഒറ്റയാനെപ്പോലെ മദിച്ചു നടന്നു. അതുകൊണ്ടു മാത്രമാണ് ജിഗർതണ്ടയും വിക്രം വേദയും പേട്ടയും പോലെ ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ‌ പ്രേക്ഷകർക്കു ലഭിച്ചതും. 

vijay-sethupathi-vishnu-vishal
വെണ്ണിലാകബഡിക്കൂട്ടത്തിൽ വിഷ്ണു വിശാലിനൊപ്പം

ജൂനിയർ ആർട്ടിസ്റ്റായാൽ എന്നും അങ്ങനെതന്നെ തുടരേണ്ടിവരുമെന്ന് ‘ഉദയനാണ് താര’ത്തിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുണ്ട്. എന്നാൽ വിജയ് സേതുപതിയുടെ കരിയറിൽ ആദ്യം അഭിനയിച്ച അഞ്ചു സിനിമകളിലും കഥാപാത്രത്തിനു പേരു പോലും ഉണ്ടായിരുന്നില്ല. പുതുപ്പേട്ടയിൽ ധനുഷിന്റെ പിന്നിൽ നിൽക്കുന്നത് വിജയ് സേതുപതിയാണെന്ന് ഇപ്പോഴാണു പലരും മനസ്സിലാക്കുന്നതു പോലും. പുതുപ്പേട്ടയിൽനിന്ന് പേട്ടയിൽ എത്തുമ്പോൾ വിജയ് സേതുപതി ധനുഷിന്റെ പിന്നിൽനിന്ന് രജനിയുടെ മുന്നിലേക്കാണു മാറിയത്. ആ കരിയറിന്റെ വളർച്ച ഇതിലും മികച്ച രീതിയിൽ എങ്ങനെ അടയാളപ്പെടുത്താനാകും ?

vijay-sethupathi-lee
ലീ സിനിമയിൽ സിബി രാജിനൊപ്പം

ജീവിതത്തിൽ‌ വിജയ് സേതുപതി താരപ്പകിട്ടില്ലാത്ത ഒരു പച്ച മനുഷ്യനാണ്. അദ്ദേഹത്തോട് അടുപ്പമുള്ളവരും അല്ലാത്തവരും അത് പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. സിനിമയ്ക്കു പുറത്ത് രജനീകാന്തിൽ മാത്രം കണ്ടിട്ടുള്ള ‘അസാധാരണമായ ഒരു സാധാരണത്വം’ അതേഅളവിൽ അല്ലെങ്കിൽ അതിനെക്കാൾ കൂടുതൽ വിജയ് സേതുപതിയിൽ കാണുന്നുണ്ട്. മക്കൾ സെൽ‌വൻ ആ പേരിനെ അന്വർത്ഥമാക്കും വിധം സിനിമയിലും ജീവിതത്തിലും പ്രവർത്തിക്കുന്നുവെന്ന് സാരം. 

vijay-sethupathi-naan-mahaan-allai
നാൻ മഹാ‍ൻ അല്ലേയിൽ കാർത്തിക്കൊപ്പം

വിജയ് സേതുപതി ഒരു വലിയ പ്രതീക്ഷയാണ്; തമിഴ് സിനിമയ്ക്കു മാത്രമല്ല ഇന്ത്യൻ സിനിമയ്ക്കും. മക്കൾ സെൽവനിൽനിന്ന് ‘മനിതരിൻ രാജയായി’ അദ്ദേഹം മാറുന്ന കാലം വിദൂരമാവില്ല !

vijay-sethupathi-calender

ഈ വർഷത്തെ മനോരമ ഓൺൈലൻ കലണ്ടറില്‍ തിളങ്ങിയതും വിജയ് സേതുപതിയായിരുന്നു. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

Behind the scene video / Vijay Sethupathi / Calendar 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA