വയനാട്ടിൽ നിന്നൊരു ദേശീയപുരസ്കാരം

കൽപറ്റ ∙ ദേശീയ ചലചിത്ര പുരസ്കാര തിളക്കത്തിൽ വയനാടും. കഥേതര വിഭാഗത്തിൽ മികച്ച ആന്ത്രോപോളജി ചിത്രമായി  മുട്ടിൽ പരിയാരം സ്വദേശി അനീസ് കെ. മാപ്പിള സംവിധാനം ചെയ്ത ''ദ സ്ലേവ് ജെനെസിസ്'' തിരഞ്ഞെടുക്കപ്പെട്ടു. വയനാട്ടിലെ പണിയ സമുദായത്തെ കുറിച്ചുള്ള ചിത്രമാണിത്. 

ഭൂമിയുടെ ഓരോ താളവും നെഞ്ചോടു ചേർത്ത് കഴിഞ്ഞിരുന്നവർ കുടിയേറ്റക്കാരുടെ വരവോടെ ഭൂമിയിൽ നിന്നു പറിച്ചെറിയപ്പെട്ടതിന്റെ രാഷ്ട്രീയമാണ് ഡോക്യുമെന്ററി പങ്കുവയ്ക്കുന്നത്. പണിയ സമുദായക്കാരെ കുറിച്ച് അറിയേണ്ടതെല്ലാം ഈ ഡോക്യുമെന്ററിയിലുണ്ട്. കുടകിലെ ഇഞ്ചിത്തോട്ടങ്ങളിൽ ആദിവാസികൾ നേരിടുന്ന ചൂഷണങ്ങളെയും പോക്സോ നിയമം ചുമത്തപ്പെട്ട ജയിലിൽ കഴിയുന്ന ആദിവാസി യുവാക്കളെയും കുറിച്ച്  ‍ഡോക്യുമെന്ററി ചർച്ച ചെയ്യുന്നുണ്ട്. പണിയരുടെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തിയതിനു ശേഷമാണ് ചിത്രീകരണം ആരംഭിച്ചത്. 

മൂന്നര വർഷം കൊണ്ടാണു ചിത്രീകരണം പൂർത്തിയാക്കിയത്. പനമരം, ചേകാടി, ഏച്ചോം, വള്ളിയൂർക്കാവ്, കെല്ലൂർ, അപ്പപ്പാറ, ഇടിയംവയൽ എന്നിവിടങ്ങളിലെ ആദിവാസി കോളനികളിലും കർണാടകയിലെ കൂർഗ്, ഹുൻസൂർ എന്നിവിടങ്ങളിലെ ഇഞ്ചിത്തോട്ടങ്ങളിലുമായിരുന്നു ചിത്രീകരണം. 2014ൽ വിബ്ജിയോർ യങ് ഫിലിം മേക്കർ ഫെലോഷിപ്പിന് അനീസ് അർഹനായിരുന്നു. അതുപയോഗിച്ചായിരുന്നു ആദ്യഘട്ട ചിത്രീകരണം. 

മുട്ടിൽ പരിയാരം സ്വദേശിയാണ്. ഫാറൂഖ് കോളജിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്നു ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ അനീസ് ഇതിനോടകം തന്നെ ഒട്ടേറെ അവാർഡുകൾക്കും അർഹനായിട്ടുണ്ട്. മിയാ കുൽപ ആണ് ആദ്യത്തെ ഹ്രസ്വ സിനിമ. 2006ൽ മികച്ച ഹ്രസ്വ സിനിമയ്ക്കുള്ള അല അവാർഡ് ഈ ചിത്രത്തിനായിരുന്നു.