അവരെന്റെ ഫ്ലെക്സിൽ ചാണകം തേച്ചു; സംവിധായകൻ വി.സി.അഭിലാഷ്

vc-abhilash
SHARE

ഷാർജ∙ ആളൊരുക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഇന്ദ്രൻസിന് ലഭിച്ചപ്പോൾ നാട്ടിലെ ബിജെപിക്കാർ സ്ഥാപിച്ച തന്റെ ഫ്ലെക്സിൽ, ദേശീയ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചതിന്റെ പേരിൽ അവർ തന്നെ ചാണകം തേച്ചതായി ചിത്രത്തിന്റെ സംവിധായകൻ വി.സി.അഭിലാഷ് പറഞ്ഞു. ഷാർജയിൽ മനോരമഒാൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ഞാനൊരു ഇടതുപക്ഷക്കാരനാണെന്ന കാര്യം അറിയാമായിരുന്നിട്ടും നാട്ടുകാരായ ബിജെപിക്കാരാണ് ആദ്യമായി ഫ്ലക്സ് സ്ഥാപിച്ചത്. അവാര്‍ഡ് പ്രശ്നം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കണ്ടത് ആ ഫ്ലക്സിൽ അവർ തന്നെ ചാണകം തേച്ചതായിട്ടും. സത്യം പറഞ്ഞാൽ  അതുകണ്ടപ്പോൾ ചിരിയാണ് വന്നത്. പിന്നീട് അവർക്ക് കുറ്റബോധം തോന്നി. ഗുസ്തിയില്‍ ദേശീയ തലത്തിൽ മത്സരിക്കാൻ പോയ നാട്ടുകാരനായ ഒരു യുവാവിന്റെ ഫ്ലക്സ് അവിടെ സ്ഥാപിച്ചു. അപ്പോൾ ഞാൻ പ്രതികരിച്ചു, ഇത് അദ്ദേഹത്തെ അപമാനിക്കലാണ്. കാരണം, എന്റെ  ഫ്ലക്സ് മാറ്റാൻ വേണ്ടിയാണ് അവരാ ഫ്ലക്സ് ചെയ്തത്–അഭിലാഷ് പറഞ്ഞു.

അന്ന് വാങ്ങിക്കാത്തവർക്കൊന്നും ഇതുവരെ അവാർഡ് ലഭിച്ചിട്ടില്ല. എന്നാൽ അവാർഡ് തുക ഉടൻ തന്നെ അക്കൗണ്ടിലേയ്ക്ക് വന്നിരുന്നു. അവാര്‍ഡ് ചടങ്ങ് ബഹിഷ്കരിച്ചവരെല്ലാം ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി, അതിൽ ഇതുസംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. എന്താണ് അവരുടെ അടുത്ത നീക്കം, അവാർഡ് എപ്പോഴാണ് അവരയക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ സാകൂതം ശ്രദ്ധിച്ചിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായത്, ഇതുസംബന്ധമായി ഒരു തീരുമാനവും സംഘാടകർ ഇതുവരെ എടുത്തിട്ടില്ലെന്നതാണ്. 

ദേശീയ അവാര്‍ഡ് പ്രസിഡന്റ് ഒപ്പിട്ടിട്ടുള്ള അവാർഡാണിത്. ആ ചടങ്ങ് ബഹിഷ്കരിച്ചവർക്ക് അതെത്തിച്ചുകൊടുക്കാനുളള തീരുമാനമെടുത്തിട്ടില്ലെന്ന തീരുമാനത്തിൽ അത്ഭുതം തോന്നുന്നു. മന്ത്രി സ്മൃതി ഇറാനിയെ തത്സഥാനത്ത് നിന്ന് മാറ്റിയ സ്ഥിതിക്ക് ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും ന്യായമുണ്ടെന്നും തെളിഞ്ഞു കഴിഞ്ഞു. 

എന്നിട്ടും ഒരു മെയിലുപോലും വന്നില്ല. അവാർഡ് ചടങ്ങിന് മുൻപ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നവരെ ഫോൺ വിളിച്ചപ്പോൾ അവർക്ക് ഇൗ പ്രശ്നത്തിൽ ഇടപെടാൻ താത്പര്യമില്ലെന്ന് മനസിലായി. ഇൗ പ്രശ്നത്തിൽ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ എന്ന് അറിയില്ല. ഒരു ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് അവാർഡ് കൊറിയർ വഴി അയച്ചുകൊടുക്കുന്ന പതിവ് നേരത്തെയുണ്ട്. അതുകൊണ്ട് എന്താണ് ഉദ്ദേശ്യമെന്ന് അറിയില്ല. ഇതൊരു ശരിയായ കീഴ് വഴക്കമല്ല.  ഏതായാലും ഒരു മാസം കൂടി കാത്തിരിക്കാനാണ് ഞങ്ങളുടെ തീരുമാനം. ‌ 

ദേശീയ അവാർഡ് എന്ന് പറയുന്നത് ഒരാളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് ആദ്യ സിനിമയിൽ കിട്ടുക എന്നത് വലിയൊരു അംഗീകാരമാണ്. ആ അവാർഡ് ചടങ്ങിൽ പ്രസിഡൻ്റ് തരുന്നില്ല എന്നറിയുമ്പോഴുണ്ടാകുന്ന വേദനയും അപമാനവും ഏറെ. അന്ന് ഇതെല്ലാം ചേർന്നുണ്ടായ 

മാനസികാവസ്ഥയിലാണ് മാധ്യമങ്ങളെ കണ്ട് വികാരാധീനനായി സംസാരിച്ചത്. അത് എന്നെപ്പോലുള്ള ഒരു പുതുമുഖ കലാകാരന്റെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. അതു വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നി. 

വൈകാരിക ഭാഷയും പ്രതികരണങ്ങളും നമ്മളെ ലക്ഷ്യ സ്ഥാനത്തെത്തിക്കുകയില്ല. എല്ലാത്തിലും ഒരു പക്വത പാലിക്കേണ്ടിയിരുന്നു. അത്തരം വൈകാരികതയിലേയ്ക്ക് ഞാൻ ഇനിയും പോകില്ല. ഇൗ പ്രശ്നത്തെ മറ്റൊരു രീതിയിലേയ്ക്ക് കൊണ്ടുപോകാൻ ഞങ്ങളാരും തന്നെ ആഗ്രഹിക്കുന്നില്ലെന്നും അഭിലാഷ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA