Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടെ നിന്നവരെ വഞ്ചിച്ചെന്ന് പറയുന്നവരോട്; വെളിപ്പെടുത്തലുമായി ജയരാജ്

jayaraj-parvathi-fahad

ദേശീയ ചലച്ചിത്ര പുരസ്കാരദാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങിയത് യേശുദാസും സംവിധായകന്‍ ജയരാജുമാണ്. ഹഫദ് ഫാസിൽ, പാർവതി തുടങ്ങി 10 മലയാളികളടക്കം 68 പേർ വിട്ടുനിന്നപ്പോൾ യേശുദാസും ജയരാജും മാത്രമാണ് പ്രസിഡന്റിന്റെ കയ്യില്‍ നിന്നും പുരസ്കാരം വാങ്ങിയത്. 

ഇതേതുടർന്ന് ഇവർക്കെതിരെ വലിയ വിമർശനങ്ങൾ സമൂഹമാധ്യങ്ങളിൽ ഉയർന്നു. സിനിമാപ്രവർത്തകരും ഇവരുടെ നിലപാടിനെതിരെ രംഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങളോടെല്ലാം പ്രതികരിച്ച് സംവിധായകൻ ജയരാജ്....

Film director Jayaraj

‘ദേശീയ അവാർഡ് എന്ന് പറയുമ്പോൾ ഒരു സിനിമാ സംവിധായകനെ സംബന്ധിച്ചിടത്തോളം ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവർക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ ദേശീയ അവാർഡ് ആര് തരുന്നു എന്നതിനേക്കാൾ കൂടുതൽ ദേശീയ അവാർഡ് നമുക്ക് കിട്ടുന്നു എന്നുള്ളതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ അർഥം എന്നാണെന്റെ വിശ്വാസം.’

1996 മുതൽ ഇപ്പോൾ വരെ എനിക്ക് കിട്ടിയ എല്ലാ അംഗീകാരങ്ങളും, ദേശീയ അംഗീകാരങ്ങളും എന്റെ  ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടുകളായിട്ട് കാണുന്നു. അർഹിക്കുന്ന മാന്യതയോടുകൂടി ജീവിതത്തിൽ ഏറ്റവും വലിയ സ്വപ്ന സാഫല്യവുമായിട്ടാണ് ഞങ്ങൾ അംഗീകാരങ്ങളെ കാണുന്നത്.

നമ്മുടെ കുട്ടികൾ വളരെയധികം കഴിവുകൾ ഉള്ളവരാണ്. സാങ്കേതിക തികവിലും അഭിനയത്തിലും അവരുടെ കഴിവുകൾ മനസിലാക്കിയതുകൊണ്ടാണ് അവർക്ക് ദേശീയ അവാർഡ് കിട്ടിയത്. അവരുടെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയതും മനോഹരവുമായ മുഹൂർത്തമാണ് അത്. കുടുംബാംഗങ്ങളൊക്കെ ചേർന്ന് വന്ന് ദേശീയ അവാർഡ് വാങ്ങുന്ന മുഹൂർത്തം. 

പിറ്റേന്ന് പത്രത്തിൽ എല്ലാവരും ചേർന്ന് ദേശീയ അവാർഡ് വാങ്ങിയിട്ട് നിൽക്കുന്ന ഒരു മുഹൂർത്തം എന്റെ മനസിൽ ഉണ്ടായിരുന്നു. ഒരു സ്വപ്നം എന്റെ മനസിൽ ഉണ്ടായിരുന്നു. കാരണം ഇത്രയധികം സാങ്കേതിക വിദഗ്ധരും നടീനടന്മാരും ചേർന്ന് മലയാള സിനിമയുടെ ഏറ്റവും പുണ്യമായ കാലം ലോകത്തെ മുഴുവൻ അറിയിക്കുന്ന ഒരു മൂവ്മെന്റ് ഉണ്ടായിരുന്നു പക്ഷേ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. 

ഞാൻ മോഹൻലാലിനോട് പൊറുക്കാനാകാത്ത തെറ്റ് ചെയ്തു: ജയരാജ്

നമ്മുടെ പുതിയ കലാകാരന്മാരെ മുഴുവൻ ആരോ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വളരെയധികം വ്യസനമുണ്ട്. അവരെ പറഞ്ഞ് മനസിലാക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ബഹിഷ്കരണം ഒരിക്കലും ചെയ്യാൻ പാടില്ല. നമുക്ക് നിവേദനം പ്രസിഡന്റിന് കൊടുക്കാം വീണ്ടും റീ കൺസ്ട്രന്റ് ചെയ്യാം എന്ന് അവരെ ഓർമിപ്പിച്ചിരുന്നു. 

1996 ൽ ആദ്യത്തെ ദേശീയ അവാർഡ് എനിക്ക് കിട്ടുമ്പോൾ അത് തന്നത് പ്രസിഡന്റ് ആയിരുന്നില്ല. അവസാന നിമിഷം പ്രസിഡന്റ് പറഞ്ഞു കുറച്ചുപേർക്ക് മാത്രമേ അവാർഡ് കൊടുക്കുന്നുള്ളൂ എന്ന്. അന്ന് ദാദാ സാഹബ്, ഫാൽക്കേ അവാർഡ് കിട്ടിയ ഡോ. രാജ്കുമാറാണ് എനിക്ക് അവാർഡ് തന്നത്.

ഞാനും ദാസേട്ടനും കൂടെ നിന്നവരെ വഞ്ചിച്ച് അവരെ നിരാകരിച്ച് അവാർഡ് വാങ്ങിയെന്ന ആരോപണം വളരെ ശക്തമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പക്ഷേ ഒരുകാര്യം മനസ്സിലാക്കണം. ഞാനും ദാസേട്ടനും ഈ പ്രതിഷേധിച്ചവരോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ അവാർഡ് ഒരിക്കലും ബഹിഷ്കരിക്കരുത്. ‘നിവേദനം വേദനയാണ്, നമ്മുടെ കൂടെ നിൽക്കുന്നവരുടെ വേദന.’–ഇങ്ങനെയാണ് ദാസേട്ടൻ പറഞ്ഞത്. ആ വേദനക്കൊപ്പം നമ്മളും പങ്കുചേരുന്നു, ഒപ്പിടുന്നു, പ്രസിഡന്റിന് നൽകുന്നു. അദ്ദേഹം തീരുമാനിക്കട്ടെ എന്തുവേണമെന്ന്. പക്ഷേ എന്ത് തീരുമാനിച്ചാലും നമ്മൾ അവാർഡ് ബഹിഷ്കരിക്കാൻ പാടില്ലെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞതിന് ശേഷം മാത്രമാണ് അവാർഡ് വാങ്ങാനായി പോയത്.

‘അച്ചാർ കച്ചവടക്കാരിൽ നിന്നും അവാര്‍ഡ് മേടിക്കാം’

അതുപോലെ തന്നെ എന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, ‘നമുക്ക് വേദിയിലേക്ക് പോകാം അവിടെവെച്ച് ഒരുപക്ഷേ എല്ലാ അവാർഡുകളും പ്രസിഡന്റ് തന്നെ തരും, അഥവാ തന്നില്ലെങ്കിൽ തന്നെ സമരം ചെയ്യാൻ ഒരുപാട് വഴികളുണ്ട്. പ്രസിഡന്റ് തന്നില്ലെങ്കിൽ പോലും ആരാണോ തരുന്നത് അത് വാങ്ങിയതിന് ശേഷം നമുക്കെല്ലാവർക്കും അവിടെ ഇരുന്ന് സമരം ചെയ്യാം. ചേർന്ന് പ്രതിഷേധിക്കാം. അത് കുറച്ചുകൂടി ജനശ്രദ്ധ കിട്ടുന്ന രീതിയിൽ പ്രസിഡന്റ് അറിയുന്ന രീതിയിൽ ആകാം എന്നും പറഞ്ഞിരുന്നു.’

‘വ്യക്തിസ്വാതന്ത്ര്യം എന്നത് ഇന്ന് ഈ തലമുറ ആവർത്തിച്ച് ആവർത്തിച്ച് ആഗ്രഹിക്കുന്ന കാര്യമാണ്. അതിനെക്കുറിച്ച് വിവാദങ്ങളും ഉണ്ടാകാറുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന നമ്മുടെ സുഹൃത്തുക്കൾ എന്തുകൊണ്ട്, ഞാനും ദാസേട്ടനും ഞങ്ങളുടെ വ്യക്തിതാൽപര്യത്തിനനുസരിച്ച് അവാർഡ് വാങ്ങിയപ്പോൾ പ്രതികരിക്കുന്നു.’–ജയരാജ് പറഞ്ഞു.