Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായം: മുഖ്യമന്ത്രി

cm

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കലാകാരന്മാർ നിഷേധിച്ചതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ശക്തമായ വാദ പ്രതിവാദങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. സിനിമാ പ്രവർത്തകർ തന്നെ താരങ്ങളുടെ നിലപാടിനെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ അവാർഡ് ബഹിഷ്കരിച്ചവരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ വാക്കുകൾ–

ദേശീയ ചലച്ചിത്ര പുരസ്‌‌കാര വിതരണത്തില്‍ ഉണ്ടായ അസ്വാരസ്യവും അസ്വസ്ഥതകളും കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്‌ണുതയുടെ ഉല്പന്നമാണ്. പുരസ്‌‌കാര വിതരണം നടത്താന്‍ മന്ത്രി സ്‌മൃതി ഇറാനി കൂടി വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ഫലത്തിൽ രാഷ്‌ട്രപതിയെ അപമാനിക്കലായി മാറി. കീഴ്‌വഴക്കം ലംഘിച്ചു പുരസ്‌കാര വിതരണത്തിൽ എന്തിനു പന്തിഭേദം സൃഷ്ടിച്ചു എന്ന് കേന്ദ്ര ഭരണ നേതൃത്വം വിശദീകരിച്ചിട്ടില്ല.സ്‌മൃതി ഇറാനിക്കുവേണ്ടി രാഷ്‌ട്രപതിയെ വിവാദത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്‌തത്.

അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണ്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്കാരം തിരസ്‌ക്കരിച്ചിട്ടില്ല. അര്‍ഹമായ കൈകളില്‍ നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയർത്തിയത്. അർഹതയ്ക്കുള്ള ഉന്നതമായ അംഗീകാരം ഏറ്റുവാങ്ങേണ്ടുന്ന വേളയെ ത്യാഗമനസ്സോടെ അനീതിക്കെതിരായ സമരമാക്കി മാറ്റിയ ചലച്ചിത്ര പ്രതിഭകൾ സാമൂഹിക ഉത്തരവാദിത്തമാണ് നിർവഹിച്ചത്.

എതിർ സ്വരങ്ങളെ ഇല്ലാതാക്കി ഏകാധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിനിടയിലാണ് ഇത്തരം അവഹേളനങ്ങൾ ഉണ്ടാകുന്നത്. അത് ആസൂത്രിത പദ്ധതിയുടെ ഭാഗമായി കാണണം. ആ പശ്ചാത്തലത്തിൽ, ചലച്ചിത്ര പ്രതിഭകളുടെ പ്രതിഷേധത്തിനും പ്രതികരണത്തിനും വലിയ പ്രാധാന്യമുണ്ട്. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും കോയ്മക്കെതിരെ രാജ്യത്താകെ വളർന്നുവരികയും ശക്തിപ്പെടുകയും ചെയ്യുന്ന പ്രതിഷേധത്തിന്റെ കനലാണ് ചലച്ചിത്ര രംഗത്തും എരിയുന്നത്.