ആമിർ ഖാനും മുകളില്‍ ഫഹദ്; അഭിനയത്തിൽ അമ്പരന്ന് ശേഖർ കപൂർ

പത്തോളം പുരസ്കാരങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ വീണ്ടും മലയാളത്തിന് തിളക്കമാര്‍ന്ന നേട്ടം. ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലിനും മഹേഷ് നാരായണന്റെ ടേക്ക്ഓഫിനും മൂന്നുപുരസ്കാരങ്ങൾ ലഭിച്ചു. 

ഹിന്ദി സിനിമകൾ യാതൊരു നിലവാരവും പുലർത്തിയില്ലെന്ന് അവാർഡ് ജൂറി ചെയർമാൻ ശേഖർ കപൂർ പറയുന്നു. പ്രാദേശികഭാഷകളിലെ സിനിമകൾ മികച്ച നിലവാരം പുലർത്തിയെന്നും കാൻ ചലച്ചിത്രോത്സവങ്ങൾ പോലുള്ള മേളകളിൽ പുരസ്കാരം കരസ്ഥാക്കാൻ സാധ്യതയുള്ള സിനിമകളാണിതെന്നും ശേഖർ കപൂർ പറഞ്ഞു. ഹിന്ദി സിനിമയിലെ അഭിനേതാക്കള്‍ക്ക് മലയാള സിനിമയിലെ അഭിനേതാക്കളുടെ നിലവാരത്തോളം എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തെ അദ്ദേഹം വാനോളം പുകഴ്ത്തി.

'തൊണ്ടിമുതലും ദൃക്സാക്ഷിയും ബ്രില്യന്റ് ഫിലിം ആണ്. മനോഹരമായ പെര്‍ഫോമന്‍സ്‌.  പ്രേമവും ഒളിച്ചോട്ടവും ഒക്കെയുള്ള ലളിത സിനിമയാണെന്ന് ആദ്യം കരുതും. പക്ഷെ എത്ര ചെറിയ സൂക്ഷ്മമായ കാര്യങ്ങളാണ് അതിലവതരിപ്പിക്കുന്നത്. അവസാനമെത്തുമ്പോള്‍ സിനിമ മുറുകും നിങ്ങള്‍ ഞെട്ടിത്തരിക്കും. അഭിനേതാക്കൾ ഇതുപോലെ മികച്ച രീതിയില്‍ അഭിനയിച്ച ഒരു സിനിമ താന്‍ കണ്ടിട്ടില്ലെന്ന് മലയാളം സിനിമയെ പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

ആമിര്‍ഖാന്റെ സിനിമകള്‍ കണ്ടാല്‍ ഇതില്‍ അഭിനയിക്കുന്നത് ആമിര്‍ഖാനാണെന്ന നിങ്ങള്‍ക്ക് മനസ്സിലാവും. പക്ഷെ ചില മലയാളം സിനിമകളുടെ കാര്യത്തില്‍ അങ്ങനെയല്ല', മലയാള സിനിമയിലെ അഭിനോതാക്കള്‍ വിവിധ റോളുകള്‍ ചെയ്യുന്നു. അതില്‍ കഥാപാത്രങ്ങളെ മാത്രമാണ് കാണാന്‍ സാധിക്കുകയെന്നും ശേഖര്‍ കപൂര്‍ പറഞ്ഞു. 

ഇതുപോലുള്ള പെര്‍ഫോര്‍മന്‍സ് നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഒരു സിനിമയില്‍ അയാള്‍ റേപിസ്റ്റ് ആയിട്ടായിരുന്നു. മറ്റൊരു സിനിമയില്‍ അയാള്‍ ഇരയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ഇയാളെ തന്നെയാണോ നേരത്തെ കണ്ടെതെന്നത് എന്നെ അത്ഭുതപ്പെടുത്തി', ഫഹദിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ശേഖര്‍ കപൂര്‍ പറഞ്ഞു.