Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമാരത്തിൽതന്നെ ചിറക് നഷ്ടപ്പെടുന്ന സുന്ദരി

lady0

വീടും നാടും വിട്ടു പുറത്തൊരു സർവകലാശാലയിൽ പഠിക്കണം. ഹൈസ്കൂൾ വിദ്യാർഥിനിയായ ലേഡി ബേർഡിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. അമ്മ പോലുമറിയാതെ അവൾ അപേക്ഷകളയച്ചു കാത്തിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതി ദയനീയമാണ്. വലിയൊരു സർവകലാശാലയിൽ അയച്ചുപഠിപ്പിക്കാനുള്ള ഗതിയില്ല. വിവാഹമോചനത്തിനു തങ്ങൾ തയ്യാറാകാത്തത് അതിനു ചെലവഴിക്കാനുള്ള സമ്പത്ത് ഇല്ലാത്തതുകൊണ്ടാണെന്നു പറയുന്ന മാതാപിതാക്കളുടെ മകളാണു ലേഡിബേർഡ്.

ഒടുവിൽ കലിഫോർണിയയിൽ താമസിക്കുന്ന ലേഡി ബേർഡിനു ന്യൂയോർക്ക് സിറ്റിയിലെ സർവകലാശാലയിൽ പ്രവേശനം ലഭിക്കുന്നു. പഠിക്കാനുള്ള തുക കണ്ടെത്താനുള്ള അവസരവുമുണ്ട്. അവൾ ഒരുങ്ങിക്കഴിഞ്ഞു; ഭാവിജീവിതത്തിലേക്കുള്ള യാത്രയ്ക്ക്. ആ കൗമാരക്കാരിയെ യാത്രയാക്കാൻ വിമാനത്താവളത്തിൽ അമ്മ വരില്ലേ ?. താനുണ്ടാകില്ലെന്നു പറഞ്ഞിരുന്നു അമ്മ. അവരുടെ അസാന്നിധ്യത്തിൽ ലേഡി ബേർഡ് വിമാനം കയറുകയാണ്. ഇതിനിടെ അമ്മയുടെ മനസ്സു മാറുന്നു. അവർ കുതിച്ചുപായുകയാണു വിമാനത്താവളത്തിലേക്ക്. അപ്പോഴേക്കും അമേരിക്കയുടെ മറ്റൊരു ദിക്കിലേക്കു പോയിക്കഴിഞ്ഞിരുന്നു ലേഡി ബേർഡ്.

ഒരിക്കലും മുറിച്ചുകളയാനാകാത്ത ഒരു ബന്ധമുണ്ടെങ്കിൽ അതാണ് അമ്മയും മകളും തമ്മിലുള്ളത്. കാലം ചെല്ലുംതോറും ദൃഡമാകുന്ന അപൂർവ ബന്ധം. മനുഷ്യബന്ധങ്ങളിൽവച്ച് ഏറ്റവും തീക്ഷ്ണവും തീവ്രവുമായത്. പിരിഞ്ഞിരുന്നാലും ഓർമയിൽനിന്ന് ഒഴിവാക്കാനാകാത്തത്. അകന്നിരുന്നാലും മനസ്സിൽനിന്നു മയ്ച്ചുകളയാനാകാത്തത്.ശരീരവും മനസ്സുകൊണ്ട് ഏറ്റവും അടുത്തും അകലാനാകാത്തതുമായ അമ്മ–മകൾ ബന്ധത്തിന്റെ സങ്കീർണതകളിലൂടെ സഞ്ചരിക്കുന്ന കോമഡി ചിത്രമാണ് ഇത്തവണത്തെ ഓസ്കറിൽ ഒരുകൂട്ടം നോമിനേഷനുകൾ നേടിയ ലേഡി ബേർഡ്.

ചിരിപ്പിക്കുന്ന സിനിമയ്ക്കുതന്നെ ചിന്തിപ്പിക്കാനും കഴിയുമെന്നു തെളിയിക്കുന്ന ചിത്രം. മികച്ച ചിത്രത്തിനും നടിക്കും സഹനടിക്കും തിരക്കഥയ്ക്കുമുൾപ്പടെ ഒരുകൂട്ടം നോമിനേഷനുകൾ ലഭിച്ച ചിത്രം 2017–ൽ അമേരിക്കയിലിറങ്ങിയ ഏറ്റവും മികച്ച 10 ചിത്രങ്ങളിലൊന്നെന്ന് അഭിപ്രായവും സൃഷ്ടിച്ചു. 93 മിനിറ്റു മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും ഗ്രെറ്റ ഗെർവിഗ്. ലേഡിബേർഡിനു ജീവൻനൽകിയ സെർഷാ റൊനൻ എന്ന ഐറിഷ് സുന്ദരി മികച്ച നടിക്കും ലോറി മെറ്റ്കാഫ് സഹനടിക്കുള്ള പുരസ്കാരത്തിലേക്കും കുതിക്കുന്നു. ഇവർക്കൊപ്പം മികച്ച നടനുള്ള പുരസ്കാരത്തിനു മൽസരിക്കുന്ന തിമോതി ഷോൾമേയും ചിത്രത്തിലുണ്ട്.

കലിഫോർണിയയിലെ ഒരു കാതലിക് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് ക്രിസ്റ്റിൻ ലേഡി ബേർഡ് മക്ഫേഴ്സൻ. നഗര സംസ്കാരത്തിൽ പ്രശസ്തമായ ഒരു സർവകലാശാലയിൽ ഉന്നതപഠനമാണു ലേഡി ബേർഡിന്റെ ലക്ഷ്യം. ആ ആഗ്രഹം വച്ചുപുലർത്തുന്നതുപോലും നന്ദിയില്ലായ്മയാണെന്ന് അക്ഷേപിക്കുന്നു അമ്മ. കുടുംബത്തിന്റെ അവസ്ഥ മകൾക്കും അറിയാവുന്നതല്ലേ. പക്ഷേ, മനസ്സു മാറ്റാൻ തയ്യാറല്ല ലേഡി ബേർഡ്.

പഠനത്തിരക്കുകൾക്കിടെ ഏതാനും പ്രണയബന്ധങ്ങളിലൂടെയും കടന്നുപോകുന്നുണ്ടു ലേഡിബേർഡ്. ജൂലിയാണവളുടെ ഏറ്റവുമടുത്ത കൂട്ടുകാരി. രണ്ടുപേരുംകൂടി സ്കൂളിലെ ഒരു തിയറ്റർ പ്രോഗ്രാമിനു ചേരുന്നു. അവിടെവച്ചു ഡാനി ഓ നെയ്ൽ എന്ന ആൺകുട്ടിയുമായി പരിചയത്തിലാകുന്നു. പ്രണയവുമാകുന്നു. താങ്ക്സ് ഗിവിങ് ഡിന്നറിന്റെ അന്ന് ഡാനിയുടെ വീട്ടിലും ലേഡി ബേർഡ് പോകുന്നു.പക്ഷേ, ഡാനി മറ്റൊരു ആൺകുട്ടിയെ ചുംബിക്കുന്നതു കാണുന്നതോടെ തകരുന്നു ലേഡി ബേർഡിന്റെ ആദ്യപ്രണയം.

അമ്മയുടെ നിർബന്ധത്തിനുവഴങ്ങി ഒരു കോഫിഹൗസിൽ ജോലിക്കുപോകുന്ന ലേഡി ബേർഡ് സംഗീതജ്ഞനായ കെയ്‍ലുമായി പരിചയത്തിലാകുന്നു. അടുത്ത സുഹൃത്തു ജൂലിയോടു വേർപിരി‍ഞ്ഞു ലേഡി ബേർഡും കെയ്‍ലും തമ്മിലുള്ള ബന്ധം പ്രണയത്തിലേക്കു വികസിക്കുന്നു. ഇതിനിടെ കുടുംബത്തിലെ അവസ്ഥ സങ്കീർണമാകുന്നു. പിതാവിനു ജോലി നഷ്ടപ്പെടുന്നു. കുടുംബം പുലർത്താൻ നഴ്സായ അമ്മ രാപകൽ പണിയെടുക്കുന്നു. ആഗ്രഹങ്ങൾ പിടികിട്ടാത്ത ഉയരത്തിലേക്കു പോകുന്നതോടെ കൗമാരത്തിൽതന്നെ ചിറകുകൾ നഷ്ടപ്പെട്ട പക്ഷിയാകുകയാണു ലേഡി ബേർഡ്.

ഗ്രെറ്റ ഗെർവിഗിന്റെ ആദ്യചിത്രമാണു ലേഡി ബേർഡ്. സ്വന്തം അനുഭവത്തിൽനിന്നു സംവിധായിക രൂപംകൊടുത്തിരിക്കുന്ന ചിത്രം ഒരു സാധാരണക്കാരിയായ കൗമാരക്കാരിയുടെ ജീവിതത്തിലൂടെ ഹൃദയം കീഴടക്കുന്നു.

related stories
Your Rating: