എല്ലാവര്‍ക്കും 'ഓസ്‌കര്‍' വേണം....പക്ഷേ: സോഹന്‍ റോയ് പറയുന്നു

sohan-roy
SHARE

91-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇന്ത്യയില്‍ നിന്ന് ഇക്കുറി ഓസ്‌കര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന 347 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത് വെറും 6 ചിത്രങ്ങള്‍ മാത്രം. പ്രതിവര്‍ഷം 1800ലധികം ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ ചലച്ചിത്രരംഗത്തിന് ഇന്നും ഓസ്‌കര്‍ എന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നതിന്റെ കാരണങ്ങള്‍ തുറന്നു പറയുകയാണ് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. 

'ലോകത്താകമാനം ഒരു വര്‍ഷം പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ പകുതിയോളം വരും ഇന്ത്യയില്‍ വര്‍ഷം തോറും പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ എണ്ണം. അത്രത്തോളം വലിയ സിനിമ മേഖലയാണ് ഇന്ത്യയിലേത്. ഭൂരിഭാഗം ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നവയായിട്ടും ഓസ്‌കര്‍ പുരസ്‌കാരം എന്നത് ഇന്നും ഇന്ത്യന്‍ സിനിമയ്ക്ക് കിട്ടാക്കനിയാണ്. സ്ലംഡോഗ് മില്യണയറും, ലൈഫ് ഓഫ് പൈയും, ഗാന്ധിയുമൊക്കെ ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുണ്ടെങ്കിലും ഇവയുടെയൊക്കെ ആശയവും,സംവിധാനവും, നിർമാണവുമെല്ലാം ഇന്ത്യയ്ക്കു പുറത്തുള്ളവരാണ്. ഇവയൊക്കെ അഭിമാനിക്കാന്‍ അല്‍പം വക നല്‍കുന്നുണ്ടെങ്കിലും എന്തുകൊണ്ട് ഇന്ത്യന്‍ സിനിമകള്‍ നാമനിര്‍ദേശപട്ടികയിലേക്ക് മല്‍സരിക്കാന്‍ പോലും യോഗ്യത നേടുന്നില്ല എന്ന ചോദ്യത്തിന്റെ ഏക ഉത്തരം ഓസ്‌കറിനെപ്പറ്റിയുള്ള അജ്ഞത എന്നത് മാത്രമാണ്. ' സോഹന്‍ റോയ് പറയുന്നു.

മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേക്ക് മാത്രമാണ് ഓരോ രാജ്യത്തിനും ഔദ്യോഗികമായി ഒരു ചിത്രം നാമനിര്‍ദേശം ചെയ്യാനാവുക. ആ ചിത്രം നാമനിർദേശം ചെയ്യേണ്ടത് അതാതു രാജ്യങ്ങളിലെ ഫിലിം ഫെഡറേഷന്‍ അല്ലെങ്കില്‍ ഉന്നത കൗണ്‍സിലാണ്. പക്ഷേ മറ്റുവിഭാഗങ്ങളിലേക്ക് ഏതു സംവിധായകനും, നിര്‍മ്മാതാവിനും തങ്ങളുടെ ചിത്രങ്ങള്‍ അയക്കാവുന്നതാണ്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി തുടങ്ങി 26ഓളം വിഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ എന്‍ട്രികള്‍ അയക്കാനാകും. 

ഏഴു ദിവസം ലോസ്ആഞ്ചല്‍സ് കൗണ്ടിയിലെ ഏതെങ്കിലും തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്നതുള്‍പ്പടെയുള്ള ഓസ്‌കര്‍ അവാര്‍ഡ് കമ്മിറ്റിയുടെ ഒരു കൂട്ടം നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഈ ചലച്ചിത്രങ്ങള്‍ക്ക് ഓസ്‌കറില്‍ മത്സരിക്കാന്‍ യോഗ്യത നേടാം. 

ചിത്രം ഇംഗ്ലിഷ് ഭാഷയില്‍ അല്ലെങ്കില്‍ ഇംഗ്ലിഷ് സബ്ടൈറ്റിലോടു കൂടി പ്രദര്‍ശിപ്പിക്കണം. ഇതടക്കം വിവിധങ്ങളായ കടമ്പകള്‍ കടന്നു വേണം ഓസ്‌കാര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്ന ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടാന്‍. പക്ഷേ ഇതൊക്കെ എങ്ങിനെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്ത്യന്‍ സിനിമയെ ഓസ്‌കാര്‍ പോരാട്ടത്തില്‍ പിന്നോട്ടടിക്കുന്നത്. ഒട്ടുമിക്ക ഇന്ത്യന്‍ സിനിമ സംവിധായകര്‍ക്കും എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട വഴികള്‍ സംബന്ധിച്ച് കൃത്യമായ ധാരണയില്ലെന്നതാണ് വസ്തുതയെന്ന്  സോഹന്‍ റോയ് വ്യക്തമാക്കുന്നു.

ഓരോ ചിത്രത്തിന്റെയും 'ഡോക്യുമെന്റേഷന്‍ പ്രകൃയ ' എന്നത് അതീവ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒന്നാണ്. ഒരു ചെറിയ പിഴവു വന്നാല്‍ പോലും ചിത്രം തിരസ്‌കരിക്കപ്പെടാം. 

ഇതിനു പുറമേ, ചിത്രത്തിന്റെ പ്രമോഷന്‍, ചിത്രത്തിന്റെ റിവ്യൂ റിപ്പോര്‍ട്ടുകളും മറ്റും മുന്‍ നിര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുക, തുടങ്ങി 3 മില്യണ്‍ മുതല്‍ 10 മില്യണ്‍ ഡോളര്‍ വരെ ചിലവു വരും ഒരു ചിത്രത്തിന്റെ ഓസ്‌കര്‍ ക്യാംപെയിനു മാത്രം. ഒട്ടുമിക്ക ഹോളിവുഡ് ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ വാര്‍ണര്‍ ബ്രോസ് പോലുള്ള ലോകത്തിലെ മുന്‍നിര കമ്പനികളാണ്. അവരെ സംബന്ധിച്ചിടത്തോളം ഓസ്‌കാര്‍ ക്യാമ്പെയിനു വേണ്ടി ഈ തുക മുടക്കുക എന്നത് നിസ്സാരമാണ്. 

എന്നാല്‍ ഇന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് അപ്രായോഗികമാണ്.

ഈ സാഹചര്യത്തിലാണ് പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ സിനിമ പ്രവര്‍ത്തകര്‍ക്ക് ഓസ്‌കാറുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം നല്‍കി വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകള്‍ ഇത്തരത്തില്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലുള്‍പ്പടെ ഇടം നേടി. ബല്ലാഡ് ഓഫ് റസ്റ്റം, കാമസൂത്ര 3ഡി, പുലിമുരുഗന്‍, ഡാം 999, കളര്‍ ഓഫ് സ്‌കൈ തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഓസ്‌കാര്‍ ശ്രേണിയിലേക്ക് എത്തപ്പെട്ടവയാണ്. ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ ഓസ്‌കാര്‍ യോഗ്യത നേടിയവയില്‍ ഇന്ത്യന്‍ സിനിമകള്‍ മാത്രമല്ല നിരവധി വിദേശ സിനിമകളും ഉള്‍പ്പെടും.

സുസജ്ജമായ ഒരു ടീമാണ് ആള്‍ ലൈറ്റ്‌സ് ഫിലിം സർവീസസിന്റെ ഭാഗമായുള്ളത്. 

ഓസ്‌കര്‍ ഡോക്യുമെന്റേഷന്‍, ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ പ്രദര്‍ശനം, പ്രമോഷന്‍ തുടങ്ങി എല്ലാ സാങ്കേതിക സഹായങ്ങളും ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ നല്‍കി വരുന്നു. ഇക്കുറി ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 6 ചിത്രങ്ങളില്‍ 4ഉം ആള്‍ ലൈറ്റ്‌സ് ഫിലിം സര്‍വ്വീസസിലൂടെ എത്തിയവയാണ്. 

ഗജേന്ദ്ര അഹിരേ സംവിധാനം ചെയ്ത ഇംഗ്ലിഷ് ചിത്രം ഡിയര്‍ മോളി, പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ബിജു മജീദ് സംവിധാനം ചെയ്ത ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ തുടങ്ങിയവയാണ് ഇക്കുറി ആള്‍ ലൈറ്റ്‌സ് ഫിലിം സർവീസസിലൂടെ ഓസ്‌കാര്‍ പോരാട്ടത്തിന് യോഗ്യത നേടിയത് . മേതില്‍ ദേവിക സംവിധാനം ചെയ്ത ഡോക്യുമെന്ററി സര്‍പ്പതത്വവും ഇക്കൂട്ടത്തിലുണ്ട്. 

ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. 5000 വര്‍ഷത്തോളം പഴക്കമുള്ള ആയുര്‍വേദ ചികിത്സയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ വരുമാനം പൂർണമായും അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. 

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിർമിച്ച് ബിജു മജീദ് സംവിധാനം ചെയ്ത 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' മികച്ച ചിത്രം എന്ന വിഭാഗത്തിലേക്ക് മാത്രമല്ല, മികച്ച അഭിനേതാക്കള്‍, സംവിധാനം, രചന, ചിത്ര സംയോജനം, പ്രൊജക്ട് ഡിസൈന്‍, സൗണ്ട് ഡിസൈന്‍, സൗണ്ട് മിക്സിങ്, സിനിമാറ്റൊഗ്രഫി, കോസ്റ്റ്യൂം ഡിസൈന്‍, എന്നീ വിഭാഗങ്ങളിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍  സോഹന്‍ റോയ് പ്രൊജക്ട് ഡിസൈനറായ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഷിബുരാജ് കെ. ആണ്. 

ഗാനരചന സോഹന്‍ റോയ്, സംഗീതം ബി ആര്‍ ബിജുറാം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍സണ്‍ ഇരിങ്ങോളാണ്. ക്യാമറ പി.സി ലാല്‍.  175ല്‍ അധികം പുതുമുഖങ്ങള്‍ അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എന്ന ചിത്രത്തിനുണ്ട്.

 ജനുവരി 22ന് നാമനിര്‍ദേശം ചെയ്യുന്ന ചിത്രങ്ങള്‍  അറിയിക്കും. ഫെബ്രുവരി 24ന് ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാരച്ചടങ്ങ്.

 പ്രൊജക്റ്റ് ഇന്‍ഡിവുഡ് 

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്ലെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2കെ ഹോം തീയറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8കെ/4കെ സിനിമ സ്റ്റുഡിയോകള്‍, 100 അനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ ലോകോത്തര നിലവാരമുളള സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA