Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് പ്രേംനസീറിന്റെ നായിക, പിന്നീട് തെരുവിൽ അനാഥ വാർധക്യം; നടിയുടെ തിരോധാനത്തില്‍ ദുരൂഹതകള്‍

sadhana-malayalam-actress

ഈ ചിത്രത്തിൽ കാണുന്നത് ഒരുകാലത്ത്‌ പ്രേംനസീർ അടക്കമുള്ളവരുടെ നായികയായിരുന്ന നടി സാധന തന്നെയോ? ഒരു വർഷം മുമ്പ് സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തയാണിത്. വാർത്തയ്ക്കും ചിത്രത്തിനും പതിനായിരണകണക്കിന് ലൈക്കുകളും ഷെയറും ലഭിച്ചെങ്കിലും പിന്നീടുള്ള നടിയുടെ അവസ്ഥ എന്തെന്ന് ആരും ചിന്തിച്ചില്ല. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും ഓടിനടന്ന് അഭിനയിച്ചിരുന്ന സാധനയുടെ (അന്തരിച്ച ബോളിവുഡ് നടിയല്ല) ഇന്നത്തെ അവസ്ഥ എന്ത്.

2016 ആഗസ്റ്റില്‍ ആ പഴയകാല സുന്ദരിയുടെ ദയനീയത നിറഞ്ഞ ചിത്രങ്ങള്‍ ജീവിതസാഹചര്യം ചൂണ്ടിക്കാട്ടി ആലപ്പി അഷ്‌റഫ് സോഷ്യല്‍ മീഡിയയില്‍ നല്‍കിയ ഒരു പോസ്റ്റിലൂടെ ഈ നടിയുടെ അവസ്ഥ വലിയ ചര്‍ച്ചയായിരുന്നു. വാര്‍ധക്യത്തില്‍ ആരോരും സഹായത്തിനില്ലാതെ ചെന്നൈയിലെ തെരുവില്‍ അനാഥയെപ്പോലെ അവര്‍ ജീവിക്കുന്നു എന്ന വിവരവും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.

uthara swayamvaram

ആ നായികയുടെ ദുരവസ്ഥ രണ്ടുവര്‍ഷം മുമ്പ് ഇത്തരത്തില്‍ ചര്‍ച്ചയായെങ്കിലും പിന്നീട് അവരെപ്പറ്റി വിവരമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ചെന്നൈയില്‍ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് അടുത്തിടെ അന്വേഷിച്ചുപോയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സാധനയെ കണ്ടെത്താനായില്ല. മുംബൈക്കാരനായ ഡ്രൈവറായിരുന്നു ഭര്‍ത്താവ്. അയാള്‍ക്കൊപ്പം താമസിച്ചിരുന്ന സാധന കൊടുംപീഡനത്തിന് ഇരയായിരുന്നുവെന്നും ഒടുവില്‍ മനോനില തെറ്റിയ സ്ഥിതിയിലേക്കുവരെ എത്തിയെന്നും ആണ് പ്രേംനസീര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാധനയെ തേടിയെത്തിയ ചലച്ചിത്രപ്രവര്‍ത്തകര്‍ അറിയുന്നത്. അവരെ കാണാതായെന്നും മരിച്ചുപോയിരിക്കാമെന്നും ഉള്ള വിവരം ആ പ്രദേശത്ത് താമസിക്കുന്നവരും അടുത്ത് പരിചയമുള്ളവരും പങ്കുവച്ചതോടെ ഇക്കാര്യം ചര്‍ച്ചയാകുന്നു.

പ്രേംനസീര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്‍.ഗോപാലകൃഷ്ണന്‍ സമൂഹമാധ്യമത്തിൽ നല്‍കിയ കുറിപ്പില്‍ ആ കലാകാരിക്കായി നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിശദമായി തന്നെ വ്യക്തമാക്കുന്നു. ആ നടിക്ക് ചെന്നൈയിലെ അവസാനകാല ജീവിതം സമ്മാനിച്ച ദുരിതപൂര്‍ണമായ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് കുറിപ്പ്.

സാധന മരിച്ചുപോയി എന്ന തരത്തിലാണ് ചെന്നൈയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ ഒരു സ്ഥിരീകരണവുമില്ല. ഭര്‍ത്താവ് റാമിനൊപ്പം തിരുപ്പതിയിലേക്ക് പോയി എന്ന വിവരമാണ് ഏറ്റവുമൊടുവില്‍ ലഭിച്ചത്. സാധന മരിച്ചുപോയെന്നും തിരുപ്പതി ദേവസ്വം അധികാരികള്‍ അനാഥ ശവമായി പരിഗണിച്ച് സംസ്‌കരിച്ചു എന്നുമാണ് റാം പ്രചരിപ്പിച്ചത്. എന്നാല്‍ അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. അതിനാല്‍ തന്നെ ആശുപത്രിയില്‍വച്ച് സുഖംപ്രാപിച്ച സാധന തിരുപ്പതി പരിസരത്ത് എവിടെയെങ്കിലും ഉണ്ടാവുമോ? അങ്ങനെയെങ്കില്‍ അവരെ കണ്ടെത്താന്‍ സഹായിക്കാമോ എന്ന് ചോദിച്ചാണ് ഗോപാലകൃഷ്ണന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആര്‍ ഗോപാലകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

ദയവായി ഇത് മുഴുവനും വായിക്കണേ……

പ്രേംനസീര്‍ ഫൗണ്ടേഷന്‍ തയ്യാറാക്കുന്ന സുവനീറിന്റെ ആവശ്യത്തിനായി നസീര്‍ സാറിനോടൊപ്പം സഹകരിച്ച വ്യക്തികളെ കാണാനായി ശ്രീ. Chandran Monalisaയോടൊപ്പം ചെന്നൈയില്‍ എത്തിയിട്ട് രണ്ടാഴ്ചയായി. ശ്രീമതി. Menaka Suresh ആണ് ആദ്യകാലനടികളുടെ appointment എടുത്തു തരുന്നത്. ഇക്കാര്യത്തില്‍ ഉഷാറാണിയുടേയും വഞ്ചിയൂര്‍ രാധയുടേയും സഹായം എടുത്ത് പറയേണ്ട ഒന്നാണ്. കാണേണ്ടവരെ എല്ലാം മേനക ഫോണ്‍ വിളിച്ചു മൃൃമിഴല ചെയ്ത് തരും. മേനകയ്ക്ക് നേരിട്ട് പരിചയമില്ലാത്തവരെ ഉഷാറാണിയും വഞ്ചിയൂര്‍ രാധയും പരിചയപ്പെടുത്തി തന്നു. എന്റെ ലിസ്റ്റിലുള്ള പഴയകാല നടി സാധനയെ മേനകയ്ക്ക് പരിചയമില്ല. ഉഷച്ചേച്ചിക്ക് അവരെ അറിയാം. കുറച്ചു മാസം മുന്‍പ് ഉഷച്ചേച്ചി അവരെ കാണാന്‍ പോയിരുന്നു. (പഴയകാല സഹപ്രവര്‍ത്തകരുടെ ക്ഷേമം തിരക്കുന്നതില്‍ എപ്പോഴും താല്പര്യം കാണിക്കുന്ന സ്വഭാവമാണ് ഉഷാറാണിയുടേത്.) അങ്ങിനെ ഞങ്ങള്‍ ഉഷച്ചേച്ചിയോടൊപ്പം സാധനയെ കാണാനായി പോകാന്‍ തീരുമാനിച്ചു.

ഉഷച്ചേച്ചിയുടെ ഡ്രൈവര്‍ക്ക് മാത്രമേ വഴി അറിയൂ. അയാള്‍ക്ക് രാവിലെ പത്ത് മണിക്ക് ഒരു എയര്‍പോര്‍ട്ട് ഓട്ടം ഉണ്ട്. അതുകൊണ്ട് അതിരാവിലെ പോകാന്‍ തീരുമാനിച്ചു. ഞാനും ചന്ദ്രന്‍ മൊണാലിസയും കൂടി 6 മണിക്ക് ARS Gardens ന്റെ മുന്നില്‍ കാത്തുനിന്നു. സാധനയ്ക്ക് കൊടുക്കാനായി Horlicks, Bourvitta ഒക്കെ തലേദിവസം തന്നെ വാങ്ങി വച്ചു. (പൈസയായിട്ട് കൊടുത്താല്‍ അത് ഭര്‍ത്താവ് ചെലവാക്കി തീര്‍ക്കും. സാധനയ്ക്ക് കിട്ടില്ല എന്ന് ഉഷച്ചേച്ചി നേരത്തെ പറഞ്ഞിരുന്നു) എന്റെ കാര്‍ ARS ഗാര്‍ഡന് മുന്നില്‍ ഇട്ടിട്ട് ഞങ്ങള്‍ ചേച്ചിയുടെ കാറില്‍ കയറി. 40 കിലോമീറ്ററോളം ദൂരമുണ്ട്. ഞങ്ങള്‍ അവരുടെ വീട്ടിന്റെ മുന്നില്‍ എത്തി. (ആ വീടിന്റെ ഫോട്ടോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്) ഡ്രൈവര്‍ തകരപ്പാട്ടയില്‍ തട്ടിയപ്പോള്‍ ഒരു സ്ത്രീ എത്തി നോക്കി. എന്തോ സംസാരിച്ചു. ഡ്രൈവര്‍ തിരിച്ചുവന്നു. സാധന അവിടെ ഇല്ല. ഇത് പുതിയ താമസക്കാരാണ്. ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങി. ഈ വീടിന്റെ പുറകുവശത്ത് 3 ഒറ്റമുറി വീടുണ്ട്. ഞങ്ങള്‍ അവിടേക്കു ചെന്നു. മൂന്നും മൂന്ന് വീടാണ്. ഓരോ മുറിയിലും ഓരോ കുടുംബം താമസിക്കുന്നു. കുട്ടികളെ സ്‌കൂളില്‍ അയക്കാനുള്ള തിരക്കിലാണ് അവര്‍. ഒരു കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നുണ്ട്. ഞങ്ങളുടെ ശബ്ദം കേട്ട് അവരൊക്കെ പുറത്ത് വന്നു. ഒരു സ്ത്രീ കുട്ടിക്ക് ആഹാരം കൊടുക്കുകയായിരുന്നു. മറ്റൊരു മുറിയിലെ സ്ത്രീ മകളുടെ തലമുടി പിന്നുന്നു. അപ്പോഴേയ്ക്കും ആണുങ്ങളും പുറത്ത് വന്നു. ഒരാളുടെ ഇടുപ്പില്‍ ഒരു പെണ്‍കുട്ടിയുണ്ട്. ആ കുഞ്ഞിനെ ദേഹം മുഴുവനും ചൊറി. മുഴുവനും പച്ചനിറത്തിലുള്ള മരുന്നിട്ടിരിക്കുന്നു. ഇതിനിടയില്‍ ഏതോ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ് വന്നു. കുട്ടികള്‍ അതില്‍ കയറി. ഒരു കുട്ടിയുടെ അച്ഛന്‍ ടിഫിന്‍ ബോക്‌സും കൊണ്ട് ഓടുന്നതും കണ്ടു. വളരെ പാവപ്പെട്ടവരാണെങ്കിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.

ഞങ്ങളെ കണ്ട് ആദ്യം ഇറങ്ങി വന്ന ആളിനോട് (ബാബു) ഉഷച്ചേച്ചി കാര്യം തിരക്കി.

‘ ഇവിടെ താമസിച്ചിരുന്ന അമ്മ?’

‘ അവര്‍ എരന്തു പോച്ച് ‘ ബാബു പറഞ്ഞു.

ഞങ്ങള്‍ ഒന്ന് ഞെട്ടി.

ഞങ്ങളുടെ മുഖത്തെ ഭാവമാറ്റം കണ്ടിട്ട് ബാബുവിന്റെ ഭാര്യ പറഞ്ഞു.

‘ അഞ്ചാറു മാസം ആയാച്ച്. അതുക്കപ്പുറം അവര് (സാധനയുടെ ഭര്‍ത്താവ്) ഇങ്കെ വന്ന് വീട് കാലി പണ്ണിയാച്ച് ‘

ആരും ഒന്നും പറയുന്നില്ല.

തൊട്ടടുത്ത വീടുകളിലെ സ്ത്രീകള്‍ എല്ലാ കഥകളും പറഞ്ഞു.

തമിഴില്‍ അവര്‍ പറഞ്ഞത് മലയാളത്തില്‍ എഴുതാം…..

അവിടെ താമസിക്കാന്‍ ചെല്ലുന്ന സമയം സാധനയെ കാണാന്‍ ഭയങ്കര ഭംഗിയായിരുന്നു. കൈ ഇറക്കമുള്ള ബ്ലൗസ് ആണ് ഇട്ടിരുന്നത്. പട്ടുസാരിക്ക് മാച്ചിങ് ആയ ബ്ലൗസ്. വീടിന് ചുറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കും. ഒരു കരിയില പോലും അവിടെ കാണില്ല. സാധന പുറത്തേക്ക് അധികം ഇറങ്ങാറില്ല. വല്ലപ്പോഴും അടുത്തുള്ള അമ്പലത്തില്‍ പോകുമായിരുന്നു. പക്ഷേ ക്രമേണ എവിടെയോ താളം തെറ്റി. എന്നും വഴക്ക്. അവരെ ഭര്‍ത്താവ് ശരിക്കും ഉപദ്രവിക്കുമായിരുന്നു. തടിക്കഷണം കൊണ്ട് തലക്കടിക്കുമായിരുന്നു. രാത്രിയില്‍ അവര്‍ നിലവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. അവരുടെ ആരോഗ്യനില വഷളാവുന്നത് അടുത്ത വീട്ടിലുള്ളവര്‍ നേരിട്ട് കാണുന്നുണ്ടായിരുന്നു. സാധനയുടെ കാലില്‍ നിറയെ പൊള്ളലേറ്റ വൃണങ്ങള്‍ ഇവരെല്ലാം കണ്ടിട്ടുണ്ട്. ഭര്‍ത്താവ് സിഗരറ്റ് കത്തിച്ചു പൊള്ളിക്കുമായിരുന്നു.

ഇവരുടെ വീടിന് എതിര്‍ വശത്ത് ഒരു പരമ്ബരാഗത സിദ്ധ വൈദ്യനുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി. നെയ്യാറ്റിന്‍കര സ്വദേശി ടി. വിവേകാനന്ദന്‍. ഒരു മധ്യവയസ്‌കന്‍. വര്‍ഷങ്ങളായി അവിടെ ചികിത്സ നടത്തി വരുന്നു. (ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ രോഗികള്‍ കാറിലും മറ്റുമായി എത്തിയിരുന്നു. എങ്കിലും ഞങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം സന്മനസ്സ് കാട്ടി.)

ഒരു കാര്‍ ബ്രോക്കറായ മുംബൈക്കാരന്‍ റാം ആയിരുന്നു സാധനയുടെ ഭര്‍ത്താവ്. അയാളുടെ മൂന്നാം വിവാഹം ആയിരുന്നു ഇത്. മദ്യത്തിന്റെ അടിമ. സാധനയെ ഇയാള്‍ ഭയങ്കരമായി ഉപദ്രവിക്കുമായിരുന്നു. ആഹാരം പോലും നല്‍കിയിരുന്നു. ഉഷാറാണിയുടെ നേതൃത്വത്തില്‍ നല്ലൊരു തുക സാധനയ്ക്ക് എത്തിച്ച് കൊടുത്തിരുന്നു. ഉഷാറാണി ഒരു സ്വകാര്യ ചാനലിന്റെ ആളുകളുമായി അവിടെ പോയിരുന്നു. അടുത്തുള്ള ആരും കാണാതെയാണ് ക്യാമറ വീട്ടിനകത്ത് കയറിയത്. കാരണം ക്യാമറ കണ്ടാല്‍ അന്ന് മുതല്‍ വീട്ടുവാടക കൂട്ടിയാലോ. (അഞ്ഞൂറ് രൂപയായിരുന്നു വാടക) . അമ്മ സംഘടന മാസംതോറും 5000 രൂപ നല്‍കിയിരുന്നു. ഒരിക്കല്‍ ആരോ കൊടുത്ത തുകയും കൊണ്ട് ഉഷാറാണി ചെന്നപ്പോള്‍ റാം അപ്പോള്‍ത്തന്നെ അത് വാങ്ങി പോക്കറ്റില്‍ വച്ചു. അപ്പോള്‍ റാം കേള്‍ക്കാതെ സാധന ഉഷാറാണിയോട് പറഞ്ഞുവത്രെ, ‘ എനിക്ക് ഒന്നും വാങ്ങിത്തരില്ല’ എന്ന്.

വിവേകാനന്ദന്റെ അടുത്ത വീട്ടിലെ വനമതിയും ഗൗരിയും ആയിരുന്നു സാധനയ്ക്ക് ആഹാരം നല്‍കിയിരുന്നത്. 2016 പകുതിയോടെ ആദ്യം ആയപ്പോഴേക്കും അവരുടെ ആരോഗ്യവും മാനസിക നിലയും വളരെ മോശമായി. റാം തല്ലിയതാണോ എന്നറിയില്ല അവരുടെ കാലിന് നല്ല പരുക്ക് ഉണ്ടായിരുന്നു. ഇടത്തെ കൈയുടെ കുഴ ഇളകിപ്പോയി. വിവേകാനന്ദന്‍ ആണ് അത് ശരിയാക്കി കൊടുത്തത്. മിക്ക ദിവസങ്ങളിലും ഉടുതുണി പോലും ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കുമായിരുന്നു. വനമതിയായിരുന്നു അവര്‍ക്ക് തുണി ഉടുത്തുകൊടുത്തിരുന്നത്. ആര്‍ക്കും ആ വീട്ടിലോട്ട് കയറാന്‍ വയ്യാത്ത അവസ്ഥയായി. അത്ര ദുര്‍ഗന്ധം ആയിരുന്നു ആ വീട്ടില്‍. കാരണം സാധന കട്ടിലില്‍ത്തന്നെ മലമൂത്ര വിസര്‍ജ്ജനം ചെയ്യുമായിരുന്നു. ഒരിക്കല്‍ കുക്കിങ് ഗ്യാസിന്റെ രൂക്ഷഗന്ധം. അടുത്ത വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോള്‍ ഗ്യാസ് തുറന്നു വിട്ടിരിക്കുകയാണ്. ഓര്‍മ്മയില്ലാതെ സാധന ചെയ്തതാണ് എന്നാണ് റാം പറഞ്ഞത്. പക്ഷേ അതാരും വിശ്വസിച്ചിരുന്നില്ല.

ഒരു ദിവസം സാധന ഗൗരിയുടെ വീട്ടിലെത്തി ഒരു ബിസ്‌ക്കറ്റ് തരുമോ എന്ന് ചോദിച്ചു പോലും. അവര്‍ ആഹാരം കഴിച്ചിട്ട് മൂന്നു ദിവസമായി. ഗൗരി കൊടുത്ത ബിസ്‌ക്കറ്റ് ആര്‍ത്തിയോടെ കഴിക്കുന്നതിനിടയില്‍ റാം ഓടിയെത്തി ‘ നീ നാണം കെടുത്തിയേ അടങ്ങൂ അല്ലേ’ എന്ന് ചോദിച്ച് ബിസ്‌ക്കറ്റും പിടിച്ചു വാങ്ങി ദൂരെക്കളഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. പിന്നെ കുറേനേരം സാനധയുടെ അലര്‍ച്ച കേള്‍ക്കാമായിരുന്നു പോലും.

2017 ആദ്യം സാധനയും റാമും കൂടി മുംബൈയിലേക്ക് പോയി. റാമിന്റെ ബന്ധുക്കളെ കാണാന്‍ പോകുന്നു എന്നു പറഞ്ഞാണ് പോയത്. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ റാം ഒറ്റയ്ക്ക് തിരികെ എത്തി. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പൊലീസുകാര്‍ സാധനയേയും കൊണ്ട് വന്നു. അപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. റാം സാധനയെ മുംബൈ റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച് തിരികെ വന്നതായിരുന്നു. (ഈ സമയത്തുപോലും സാധന നൂറിലേറെ സിനിമയില്‍ അഭിനയിച്ച വിവരമൊന്നും നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു). കുറച്ചു ദിവസം കഴിഞ്ഞ് സാധനയും ഭര്‍ത്താവും കൂടി മേല്‍മരുവത്തൂര്‍ ക്ഷേത്രത്തില്‍ പോയി. അവിടെ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇരുവരും തിരികെയെത്തി. രണ്ടുപേരും തല മൊട്ടയടിച്ചിരുന്നു. സാധനയ്ക്ക് വയറിളക്കമോ മറ്റോ വന്നതിനാല്‍ ക്ഷേത്രം അധികാരികള്‍ പുറത്താക്കിയതായി പിന്നീട് മനസ്സിലായി. ആ സമയത്ത് സാധന വെറും എല്ലും തോലുമായി മാറിക്കഴിഞ്ഞിരുന്നു. കൂനിക്കൂടിയാണ് നടന്നിരുന്നതെന്ന് വിവേകാനന്ദന്‍ പറഞ്ഞു.

sadhana-malayalam-actress-4

ഒരാഴ്ച കഴിഞ്ഞ് ഇരുവരും തിരുപ്പതിയിലേക്ക് പോയി. കുറച്ചു ദിവസം കഴിഞ്ഞ് റാം ഒറ്റയ്ക്ക് മടങ്ങിവന്നു. മുഷിഞ്ഞ വേഷമായിരുന്നു. വസ്ത്രത്തിലൊക്കെ രക്തം ഉണ്ടായിരുന്നു. തല പൊട്ടിയിരുന്നു. വിവേകാനന്ദന്‍ ചോദിച്ചപ്പോള്‍ വീണ് തല പൊട്ടിയതാണെന്ന് പറഞ്ഞു. സാധന എവിടെ എന്ന് ചോദിച്ചപ്പോള്‍ തിരുപ്പതിയില്‍ വച്ച് മഴ നനഞ്ഞു പനിപിടിച്ച് ആശുപത്രിയിലായി. അവിടെ വച്ച് മരിച്ചു പോയി എന്ന് പറഞ്ഞു. വിവേകാനന്ദനെ ആശുപത്രിയിലെ ഓ. പി. ടിക്കറ്റും കാണിച്ചു. സാധനയുടെ വീട്ടിലുണ്ടായിരുന്ന ടിവി വിവേകാനന്ദന് കൊടുത്തിട്ട് നാലായിരം രൂപയും വാങ്ങി. (ടിവി ഇപ്പോഴും വൈദ്യശാലയില്‍ ഇരുപ്പുണ്ട്) അടുത്തുള്ള ഏതോ വീട്ടുകാര്‍ക്ക് അവിടെയുണ്ടായിരുന്ന ചെറിയ സോഫയും കട്ടിലും കൊടുത്ത് പൈസ വാങ്ങി. സാധനയുടെ പേരിലുള്ള ഗ്യാസ് കണക്ഷനും സിലിന്‍ഡറും വൈദ്യശാലയില്‍ കൊണ്ടുവച്ചു. (അത് ഇപ്പോഴും അവിടെയുണ്ട്) വാടകവീട് ഒഴിഞ്ഞ് താക്കോലും നല്‍കി. അങ്ങിനെ സാധനങ്ങള്‍ മാറ്റുന്നതിനിടയിലാണ് ചില പഴയകാല ചിത്രങ്ങള്‍ ആരുടേയോ കണ്ണില്‍ പെട്ടതും സാധന സിനിമാ നടിയായിരുന്നു എന്ന് നാട്ടുകാരറിഞ്ഞതും.

കുറച്ചു ദിവസം കഴിഞ്ഞ് റാം വീണ്ടും തിരികെയെത്തി അയ്യായിരം രൂപ വിവേകാനന്ദനോട് ചോദിച്ചു. അഞ്ഞൂറ് രൂപ കൊടുത്ത് റാമിനെ ഒഴിവാക്കി. അപ്പോഴേയ്ക്കും റാമിന്റെ മാനസിക നിലയും തകരാറിലായി തുടങ്ങി. ഇതുകണ്ട വിവേകാനന്ദന്‍ റാമിനേയും കൂട്ടി ഷോളാവരം പൊലീസ് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടറുടെ സര്‍ട്ടിഫിക്കറ്റും വാങ്ങി, റാമിനെ ബുദ്ദൂറിനടുത്തുള്ള ഒരു ആശ്രമത്തില്‍ കൊണ്ടുചെന്നാക്കി. (പൊലീസ് നല്കിയ സര്‍ട്ടിഫിക്കറ്റ് എന്റെ കയ്യിലുണ്ട്) പക്ഷേ ആശ്രമത്തിലെ അന്തേവാസികളെ റാം ഭയങ്കരമായി ഉപദ്രവിച്ചതിനാല്‍ അയാളെ അവിടെ നിന്നും പുറത്താക്കി. പിന്നീട് പല ദിവസങ്ങളിലും ഉടുതുണി പോലുമില്ലാതെ അവിടെ കറങ്ങി നടന്നു. സാധനയെ ഏതൊക്കെ അവസ്ഥയില്‍ കണ്ടോ അതേ അവസ്ഥയില്‍ റാമിനേയും നാട്ടുകാര്‍ കണ്ടു. പിന്നെ കാണാതായി.

വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ സാധനയെ കാണാന്‍ പോയത്. സാധനയുടെ അവസ്ഥ മേനകയോട് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ മുന്‍കൈയെടുത്തതുകൊണ്ട് മാത്രം മലയാളം തമിഴ് സിനിമാ ലോകത്തെ പലരും സഹായവാഗ്ദാനവുമായി മുന്നോട്ടു വന്നു. ഇതറിഞ്ഞ ഉഷാറാണി മേനകയെ ഫോണില്‍ വിളിച്ചു. ഉഷാറാണിക്ക് ഉണ്ടായ ഒരു അനുഭവം മേനകയെ അറിയിച്ചു. അതായത് സാധനയുടെ അവസ്ഥ അറിഞ്ഞയുടന്‍ സുരേഷ് ഗോപി ഉഷാറാണിയോട് പറഞ്ഞുവത്രെ, സാധനയ്ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട താമസ സൗകര്യവും എല്ലാ മാസവും ആവശ്യമായ പലവ്യഞ്ജനം ഉള്‍പ്പെടെയുള്ള സാധനങ്ങളും എത്തിക്കാമെന്ന്. ഉഷാറാണി ഇത് സാധനയെ അറിയിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് എത്തരത്തിലുള്ള വീടാണ് വേണ്ടത് തുടങ്ങിയ ചില കാര്യങ്ങള്‍ അങ്ങോട്ട് പറഞ്ഞുവത്രെ. അതുകൊണ്ട് ഞങ്ങളുടെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിട്ട് സ്ഥിതിഗതികള്‍ നേരില്‍ കണ്ടശേഷം മേനകയെ അറിയിക്കാമെന്ന ധാരണയിരുന്നു ഈ യാത്ര.

sadhana-malayalam-actress-1

മടക്കയാത്രയില്‍ ആരും അധികം സംസാരിച്ചില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വാര്‍ത്ത കേട്ട ഞെട്ടലില്‍ ഉഷാറാണി നിശ്ശബ്ദയായിരുന്നു. കാരണം സാധനയുടെ അവസ്ഥ നേരില്‍ കണ്ട ഏക വ്യക്തി അവര്‍ മാത്രമാണ്. ഇനിയെങ്കിലും സാധനയെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാനാകും എന്നാണ് ഞാനും കരുതിയത്. അവര്‍ക്ക് വേണ്ടി വാങ്ങിയ ആഹാരസാധനങ്ങള്‍ വൈദ്യശാലയില്‍ ഏല്‍പ്പിച്ചു.

sadhana-malayalam-actress-2

കഴിഞ്ഞ മാസം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് റാം അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടവരുണ്ട്. ഇതിനിടയില്‍ വൈദ്യശാലയിലെ തിരുപ്പതിക്കാരനായ ശിവാനന്ദന്‍ നാട്ടില്‍ പോയപ്പോള്‍ റാം തിരുപ്പതിയില്‍ ലോഡ്ജില്‍ വച്ച് സാധനയെ അടിക്കുകയും അവരുടെ അലര്‍ച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ റാമിനെ നന്നായി കൈകാര്യം ചെയ്യുകയും സാധനയെ ആശുപത്രിയില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു എന്ന വിവരം ലഭിച്ചു.

കഴിഞ്ഞ 5 മാസമായി സാധനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അമ്മ സംഘടന നല്‍കുന്ന തുക ആരും എടുത്തിട്ടില്ല.ഈ സംഭവത്തിലെ ദുരൂഹ എന്താണെന്ന് വച്ചാല്‍ ഈ പറയുന്ന ആരും സാധനയുടെ മൃതദേഹം കണ്ടിട്ടില്ല. റാം പറഞ്ഞത് തിരുപ്പതി ദേവസ്വം അധികാരികള്‍ അനാഥ ശവമായി പരിഗണിച്ച് സംസ്‌കരിച്ചു എന്നാണ്. സാധനയെ അവസാനമായി കണ്ട വിവേകാനന്ദന്‍ വിശ്വസിക്കുന്നത് അന്നത്തെ അവരുടെ ആരോഗ്യനില വച്ച് നോക്കുമ്പോള്‍ മരണപ്പെടാനാണ് കൂടുതല്‍ സാധ്യത എന്നാണ്.

ഞാന്‍ മറിച്ചാണ് ചിന്തിക്കുന്നത്. ആശുപത്രിയില്‍ നിന്ന് സുഖം പ്രാപിച്ച സാധന തിരുപ്പതി പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിലോ. എന്നെങ്കിലും മടങ്ങി വന്നാലോ. ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും തിരുപ്പതിയുമായി ബന്ധമുണ്ടെങ്കില്‍ ദയവായി ഒന്ന് അന്വേഷിക്കുക. മലയാള സിനിമയിലെ ഒരു പഴയകാല താരത്തിന് ഒരു നേരത്തെ ഭക്ഷണം എങ്കിലും കൊടുക്കാന്‍ സാധിച്ചാലോ…….’–ഗോപാലകൃഷ്ണൻ ചോദിക്കുന്നു.

ഒരുകാലത്ത് മലയാള സിനിമയിൽ വളരെ ശോഭിച്ച് നിന്ന ഒരു കലാകാരിയായിരുന്നു സാധന. പ്രേംനസീർ , കെ.പി ഉമ്മർ, അടൂർഭാസി തുടങ്ങി പ്രമുഖ നടന്മാരുടെ കൂടെ നിരവധി ചിത്രങ്ങളില്‍ ഇവർ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ ഭാഷകളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പ്രേംനസീർ നായകനായ ‍ഡെയ്ഞ്ചർ ബിസ്കറ്റ് എന്ന ചിത്രത്തിലെ ‘ഉത്തരാ സ്വയംവരം കഥകളി കാണുവാൻ...’ എന്ന ഗാനരംഗം ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത മലയാളികൾ കാണില്ല. ഈ പാട്ടിൽ അഭിനിയിക്കുന്നത് സാധനയാണ്. ലങ്കാദഹനം, റെസ്റ്റ് ഹൗസ്, സിഐഡി നസീർ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിലുണ്ട്. ആന്ധ്രയിലെ മുസ്ലിം കുടുംബത്തിൽ പിറന്ന സാധന സിനിമാ പ്രേമികളുടെ ഹരമായി മാറിയത് പെട്ടെന്നാണ്. മനോഹരമായി നൃത്തം ചെയ്തിരുന്ന സാധനയുടെ ഐറ്റം ഡാൻസുകൾ ഒരുകാലത്ത് പ്രേക്ഷകന്റെ ഉറക്കം കെടുത്തിയിരുന്നു. അറുപതുകളിലും എഴുപതുകളിലും വളരെ തിരക്കുള്ള നടിയായിരുന്നു.

related stories