Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല: പൃഥ്വിരാജ്

prithviraj

ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരുക്കങ്ങളിലാണു നടൻ പൃഥ്വിരാജ്. ആദ്യ സംവിധാന സംരംഭം മോഹൻലാലിനെ  നായകനാക്കി  ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ലൂസിഫറിന്റെ അണിയറ പ്രവർത്തനങ്ങൾക്കായി തേവരയിൽ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി കഴിഞ്ഞു താരം. ഹോട്ടൽ ചർച്ചകൾ സ്വന്തം സിനിമയ്ക്കു വേണ്ടെന്ന നിലപാടിലാണു പൃഥ്വിരാജാണ്. ഹോട്ടൽ ചർച്ചകളോടു വലിയ മമത നേരത്തെ തന്നെയില്ലെന്നു പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് മനസ്സ് തുറക്കുന്നു. 

∙ഹിന്ദി ചിത്രം  നാംഷബാനയുടെ പ്രതികരണം ?

മികച്ച പ്രതികരണമാണു  ചിത്രത്തിനു ലഭിക്കുന്നത്. മൂന്നാമത്തെ ഹിന്ദി ചിത്രമാണു നാം ഷബാന. നല്ല തിരക്കഥകൾ ലഭിച്ചാൽ കൂടുതൽ ഹിന്ദി ചിത്രങ്ങൾ ചെയ്യും. ഹിന്ദിയിൽ  നിന്നു ഒട്ടേറെ ഒാഫറുകൾ ലഭിക്കുന്നുണ്ട്. എല്ലാം കമ്മിറ്റ് ചെയ്താൽ വർഷം മുഴുവൻ അഭിനയിക്കാനുള്ള സിനിമകൾ ഹിന്ദിയിൽ  പുറത്തിറങ്ങുന്നുണ്ട്.എന്നാൽ കഥകൾ നോക്കി മാത്രമാണ് ഞാൻ സിനിമ തിരഞ്ഞെടുക്കുന്നത്. കടലാസിൽ എഴുതുന്നതിനു മജ്ജയും മാംസവും നൽകുമ്പോളാണു നല്ല സിനിമയുണ്ടാകുന്നത്..വളരെ കുറച്ചു ദിവസങ്ങളാണു നാംഷബാനയ്ക്കു നീക്കി വയ്ക്കേണ്ടി  വന്നത്.

∙ഏറെ ആരാധകരുള്ള തമിഴിൽ കുറേ നാളായി കാണുന്നില്ല ?

ആരാധർക്കു വേണ്ടി സിനിമ ചെയ്യുന്ന ആളല്ല ഞാൻ. എനിക്കു പറ്റുന്ന ഒട്ടേറെ കഥകൾ മലയാളത്തിൽ വരുന്നുണ്ട്. അതു കൊണ്ടു മലയാളത്തിലാണ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.  ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്. 

∙ സംവിധായകനാകുമ്പോൾ 

ഒരു  ഷോട്ട് കഴിയുമ്പോൾ  നടന്റെ ജോലി കഴിഞ്ഞുവെന്നു കരുതുന്ന ഒരാളല്ല ഞാൻ. സിനിമ ഒരു ടീം വർക്കാണ്. സംവിധായകൻ, നടീ നടൻമാർ ,ടെക്നീഷ്യൻസ് എല്ലാവരും ഒരു ടീമായി പ്രവർത്തിച്ചാൽ മാത്രമേ സിനിമ നന്നാകൂ. സംവിധായകൻ  എന്ന വേഷം മറ്റു വ്യത്യാസങ്ങളൊന്നും കൊണ്ടു വരുന്നതായി എനിക്ക് തോന്നിയിട്ടില്ല. 

mohanlal-lucifer

∙ലൂസിഫർ

ഫോണിൽ ചിത്രത്തെ കുറിച്ചു സംസാരിച്ചപ്പോൾ തന്നെ ലാലേട്ടൻ  അഭിനയിക്കാൻ തയ്യാറാണെന്നു പറഞ്ഞിരുന്നു. അത് നൽകിയ ആത്മവിശ്വാസമാണ് സിനിമയുമായി മുൻപോട്ടു പോകാൻ പ്രചോദനമായത്.എന്നെക്കാൾ വളരെ നന്നായി അഭിനയിക്കുന്ന ഒരാളെ കേന്ദ്രകഥാപാത്രത്തിനായി ലഭിച്ചിട്ടുളളതിനാൽ ചിത്രത്തിൽ  അഭിനയിക്കുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല.അനിവാര്യമായ സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും വേഷം ചെയ്യാം. എത്ര ബജറ്റിൽ പടം എടുക്കുന്നുവെന്നതിലല്ല കാര്യം. ക്വാളിറ്റിയാണ് പ്രധാനം. സിനിമയിലെ കഥാപാത്രങ്ങൾ  ആരൊക്കെയെന്നു തീരുമാനിച്ചിട്ടില്ല. കേരളത്തിലായിരിക്കും ചിത്രീകരണം. 

∙ഫെയ്സ്ബുക്കിലെ ഇംഗ്ലീഷ് പോസ്റ്റുകളെ കുറിച്ചു  ട്രോളുകളുണ്ടാകാറുണ്ടല്ലോ 

സത്യസന്ധമായി മനസ്സിൽ തോന്നുന്ന കാര്യങ്ങളാണു ഞാൻ‍ എഴുതാറുള്ളത്. മലയാളം ടൈപ്പ് ചെയ്യുന്നതു എളുപ്പമല്ലാത്തതിനാൽ  ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നു. എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ലെന്നാണ് എന്റെ വിശ്വാസം. അത് സംബന്ധിച്ചു വരുന്ന രസകരമായ ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട്. 

prithviraj

∙എല്ലാം തുറന്നു പറയുന്ന നായകൻ  

ഞാൻ‍ ഒരിക്കലും ഇമേജ് കോൺഷ്യസല്ല.. പ്രത്യേക തരത്തിൽ പെരുമാറി ജനങ്ങളുടെ മുൻപിൽ ഇന്ന രീതിയിൽ പ്രൊജക്ട് ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ല.എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങളാണു പ്രകടിപ്പിക്കുന്നത്.ഞാനൽപം ദേഷ്യക്കാരനാണ്. 

∙സിനിമയിൽ വന്നിലായിരുന്നെങ്കിൽ ആരാകുമായിരുന്നു ?

ചിലപ്പോൾ  ഒരു ട്രാവൽ റൈറ്റർ ആകുമായിരുന്നിരിക്കാം. വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ  ഇഷ്ടമാണ്,  മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച  യാത്രകളോടു താൽപര്യമില്ല. കിട്ടുന്ന ട്രെയിനുകളിൽ കയറി പോവുക, പുതിയ സ്ഥലങ്ങൾ കാണുക എന്നതാണ് രീതി. ട്രാവൽ ബ്ലോഗുകളിൽ പരാമർശിക്കാത്ത സ്ഥലങ്ങൾ സന്ദർശിക്കാനാണു ഇഷ്ടം. ഗ്രാമങ്ങൾ കാണാനാണു എനിക്കും സുപ്രിയ്ക്കും താൽപര്യം.

prithviraj-new-flat-interior

∙കൊച്ചിയിലെ പുതിയ താമസം ?

ഞാൻ തിരുവനന്തപുരത്തു ജനിച്ച വളർന്നയാളാണ്. അവിടെ എല്ലാ സ്ഥലങ്ങളും പരിചയമുണ്ടെങ്കിലും  കൊച്ചിയിൽ തേവരയാണു പരിചയമുള്ള സ്ഥലം. അമ്മയും ഇന്ദ്രജിത്തും സുപ്രിയയുടെ അച്ഛനും അമ്മയുമെല്ലാം ഇവിടെയടുത്താണു താമസം.പുതിയ സിനിമയ്ക്കായി തയ്യാറെടുക്കാനാണു  അസറ്റ്  ഹോംസിന്റെ പുതിയ ഫ്ളാറ്റ് വാങ്ങിയത്. തേവര കോളജിലാണു ചോക്ലേറ്റും ഊഴമുൾപ്പെടെയുള്ള സിനിമകൾ ഷൂട്ട് ചെയ്തത്. അതു കൊണ്ടു തന്നെ ഈ സ്ഥലം പ്രിയപ്പെട്ടതാണ്.