എല്ലാ പ്രശ്നങ്ങളുടെയും തുടക്കക്കാരാൻ !

ജയശങ്കർ ആമേന്‍ എന്ന ചിത്രത്തില്‍

ഒരു സ്ക്രീനപ്പുറം കൺമുമ്പിലെത്തുന്ന മായാലോകമാണ് സിനിമ. കൺമുമ്പിൽ ഒരാളെ താരമാക്കുന്നതും, താരമായ ആളെ ഒറ്റദിവസം കൊണ്ട് കൺമുമ്പിൽ നിന്ന് മറയ്ക്കുന്നതും, വർഷങ്ങളായി ഈ മായാലോകത്ത് നിന്നിട്ടും കാണാത്തവരെ പെട്ടന്നൊരു ദിവസം കാണിച്ചു തരുന്ന വിദ്യയും സിനിമയ്ക്കറിയാം. വളരെ വർഷമായി സിനിമയുടെ ഭാഗമായിരുന്നിട്ടും ആമേൻ ഇറങ്ങിയപ്പോൾ മുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജയശങ്കർ. ചെറുതാണെങ്കിലും 1983, പ്രേമം, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെയും ജയശങ്കർ ശ്രദ്ധിക്കപ്പെട്ടു. ജയശങ്കറുമായി നടത്തിയ അഭിമുഖം.

1994 മുതൽ സിനിമയുടെ ഭാഗമാണല്ലോ, എന്നിട്ടും ശ്രദ്ധിക്കപ്പെടാൻ ആമേൻ വരെ കാത്തിരിക്കേണ്ടി വന്നല്ലോ?

ആമേനാണ് എനിക്ക് ഭാഗ്യം കൊണ്ടുതന്ന സിനിമ. അതിലെ പാപ്പി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അതിനുശേഷമാണ് കൂടുതൽ സിനിമ വന്നുതുടങ്ങിയത്. ആദ്യം അഭിനയിച്ചത് നിസാർ സംവിധാനം ചെയ്ത സുദിനം എന്ന ചിത്രത്തിലാണ്. ബാബുജനാർദ്ദനൻ വഴിയാണ് സിനിമയിലെത്തുന്നത്. നിസാറും ബാബുജനാർദ്ദനനും സുഹൃത്തുക്കളാണ്. സുദിനത്തിന്റെ അസോസിയേറ്റ് ഡയറക്ടേഴ്സായിരുന്നു ലാൽജോസും കെ.കെ ഹരിദാസും. കെ.കെ ഹരിദാസിന്റെ  വധു ഡോക്ടറാണ് എന്ന സിനിമയിലെ കഥാപാത്രവും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജയശങ്കർ

നാടകമാണോ സിനിമയിലേക്കുള്ള വഴി തുറന്നത്?

അതെ ചങ്ങനാശ്ശേരിയിലുള്ള കൽപ്പന തീയറ്റേഴ്സിന്റെ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടകകാലമുതലുള്ള സൗഹൃദമാണ് ബാബുജനാർദ്ദനനുമായിട്ടുള്ളത്. നാടകങ്ങളിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമയിലും അവസരങ്ങൾ വന്നത്.

ജയശങ്കർ

മുപ്പതിനോടടുത്ത് ചിത്രങ്ങൾ ചെയ്തു, എന്നിട്ടും ശ്രദ്ധിക്കപ്പെട്ടത് പുതിയ തലമുറയുടെ സിനിമകളിലൂടെയാണല്ലോ?

പുതിയ തലമുറയുടെ സിനിമയോടുള്ള കാഴ്ച്ചപ്പാട് എന്നെപ്പോലെയുള്ളവർക്ക് ഏറെ അനുഗ്രഹമായിട്ടുണ്ട്. അവർക്ക് വേണ്ടത് റിയാലിറ്റിയുള്ള അഭിനയമാണ്. അതിന് നടന്റെ സൗന്ദര്യവും രൂപവുമൊന്നും തടസ്സമല്ല. പഴയകാല സിനിമകൾക്ക് എന്റെ രൂപം അത്ര കോമളമായി തോന്നിയിരുന്നില്ല, എന്നാൽ പുതിയ സിനിമകളിലെ പല കഥാപാത്രങ്ങൾക്കും അനുയോജ്യമായ രൂപമാണ് എന്റേതെന്ന് തോന്നിയതുകൊണ്ടാവാം അവർ എന്നെ വിളിക്കുന്നത്. എന്നെ സംബന്ധിച്ച് പുതിയകാലസിനിമകളിലെ അഭിനയമാണ് കൂടുതൽ എളുപ്പമായി തോന്നുന്നത്. അഭിനേതാവെന്ന നിലയിൽ എനിക്ക് ഏറെ സംതൃപ്തി തന്ന വേഷമാണ് തലപ്പാവിലേത് 

ഭയ്യാ ഭയ്യാ എന്ന ചിത്രത്തിൽ ചാക്കോച്ചനും ബിജു മേനോനും ഗ്രിഗറിക്കുമൊപ്പം

മഹേഷിന്റെ പ്രതികാരത്തിലെ പ്രശ്നങ്ങളുടെയെല്ലാം തുടക്കം താങ്കളിലൂടെയാണല്ലോ?

മഹേഷിന്റെ പ്രതികാരത്തിൽ മാത്രമല്ല പ്രേമത്തിലും ആമേനിലും എന്തിന് വധുഡോക്ടറാണ് സിനിമയിൽപ്പോലും പ്രശ്നങ്ങളുടെ തുടക്കകാരൻ ഞാനാണ്. മഹേഷിന്റെ പ്രതികാരം കണ്ടവർക്ക് അറിയാം സിനിമയുടെ കഥാഗതി തന്നെ മാറ്റുന്ന ഒരു കഥാപാത്രമാണ് എന്റേത്. പ്രേമത്തിലാണെങ്കിലും അങ്ങനെ തന്നെ. ജോർജിന് മലരിനെ ഇഷ്ടമാണെന്ന് പ്രേക്ഷകർ തിരിച്ചറിയുന്നത് എന്റെ പ്യൂൺ കഥാപാത്രത്തോടുള്ള ജോർജിന്റെ പ്രതികരണത്തിലൂടെയാണ്. വധുഡോക്ടറാണ് സിനിമയിലും പ്രശ്നങ്ങൾ തുടങ്ങുന്നത് എന്റെ കഥാപാത്രത്തിലൂടെയാണ്.

ഇടയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിന്നത് എന്തിനായിരുന്നു?

1997 മുതൽ ഞാൻ സിനിമയിൽ നിന്നും അൽപ്പം അകലം പാലിച്ചു. സിനിമ മാത്രം നോക്കിയിരുന്നാൽ ഉപജീവനത്തിന് വഴിയില്ലാതെയാക്കും. അതുകൊണ്ട് മറ്റ് ജോലികളിലും ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെയാണ് ഒരു ഇടവേള വന്നത്.

കുടുംബം?

മാടപ്പള്ളിയിലാണ് എന്റെ വീട്. അച്ഛൻ  മരിച്ചു. അമ്മയും ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം. മകൻ പ്ലസ് ടുവിന് പഠിക്കുന്നു.