Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴിൽ ആ ഷട്ടർ ഉയരുമ്പോൾ അതാ.. അനു !

anumol

വിഭിന്ന മുഖങ്ങളുള്ള, വികാരങ്ങളുള്ള പെൺമയെ അർഥവത്തായി അഭിനയിച്ചു പ്രതിഫലിപ്പിക്കുന്ന നടിയാണ് അനു. പതിവു ചേരുകളെല്ലാം ചേർത്തെത്തുന്ന സിനിമകളിൽ അനുവിന്റെ സാന്നിധ്യം നമുക്ക് കാണാനാകില്ല. സിനിമയെന്ന മാധ്യമത്തിനുള്ളിൽ വേർതിരിവുകൾ അപ്രസക്തമാണെങ്കിൽ കൂടി, കലാമൂല്യമുള്ള ചിത്രങ്ങളിലാണ് അനുവെന്ന അഭിനേത്രി ഇടംപിടിച്ചിരിക്കുന്നത്. ഷട്ടറിന്റെ തമിഴ് പതിപ്പ്, ഒരു നാൾ ഇരവിൽ, ഇന്ന് പുറത്തിറങ്ങുകയാണ്. മലയാളത്തിൽ സജിത മഠത്തിൽ ചെയ്ത വേഷം തമിഴിൽ അനുവാണ് അഭിനയിച്ചത്. സിനിമയിലെ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തന്റെ രാഷ്ട്രീയത്തെ കുറിച്ച്, സത്യരാജെന്ന പ്രതിഭയുമൊത്തുള്ള അഭിനയത്തെ കുറിച്ച് അനു സംസാരിക്കുന്നു

കണ്ടുപഠിക്കേണ്ട വ്യക്തിത്വം

പതിനഞ്ചു ദിവസം ചെന്നൈയിലായിരുന്നു ഷൂട്ടിങ്. അഭിനയ മികവിലേക്ക് വേണ്ട ഒരുപാട് പാഠങ്ങൾ തന്ന ദിവസങ്ങൾ. പക്ഷേ അതിനേക്കാളുപരി സത്യരാജ് എന്ന അഭിനേതാവിന്റെ വ്യക്തിത്വമാണ് എടുത്തു പറയേണ്ടത്. ജീവിതത്തിലേക്ക് ഉൾക്കൊള്ളേണ്ടത്. അദ്ദേഹത്തിന്റെ വിനയമാണ് അത്ഭുതപ്പെടുത്തിയത്. എത്ര ഉയരങ്ങളിലേക്കെത്തിയാലും ഒരു മനുഷ്യൻ എങ്ങനെ സഹജീവികളോട് പെരുമാറണം എന്നു കണ്ടുപഠിക്കാം അദ്ദേഹത്തിൽ നിന്ന്. പിന്നെ അഭിനയത്തിന്റെ കാര്യത്തിലും ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. എന്റെ അഭിനയം മാറി നിന്ന് കണ്ടശേഷം അടുത്തു വന്നു പറഞ്ഞുതരും എങ്ങനെ അടുത്ത ഷോട്ട് കൂടുതൽ മെച്ചപ്പെടുത്താമെന്ന്. അദ്ദേഹത്തെ പോലൊരാൾക്ക് അതിന്റെ ആവശ്യമെന്താണ്.

satyaraj-anu

കൂൾ ഡയറക്ടർ

ഫിലിം എഡിറ്റർ ആന്റണി ഡയറക്ടറായ ആദ്യ ചിത്രമാണിത്. എഡിറ്റിങ് പശ്ചാത്തലത്തെ കുറിച്ചുള്ള അറിവുകൊണ്ടാണോയെന്നറിയില്ല ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കൂൾ ഡയറക്ടർ അദ്ദേഹമാണ്.ഓരോ സീനും നമുക്ക് അഭിനയിച്ച് കാണിച്ചു തരും. ആദ്യ സിനിമ സംവിധാനം ചെയ്യുന്നതിന്റെ ഒരു സമ്മർദ്ദവുമില്ലാതെ നല്ലൊരു ടീമിനെ നയിച്ചു അദ്ദേഹം. അദ്ദേഹത്തിന്റെ ആ നിലപാട് ടീമിലെ എല്ലാവർക്കും ഊർജം നൽകി. വളരെ പാഷനേറ്റ് ആയ ഒരു ടീമിനെ സൃഷ്ടിച്ചു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സിനിമ തന്നെ ഏറ്റവും വലിയ കാര്യം ഇത്രയും നല്ലൊരു ടീമിനെയാണ്. അവർക്കൊപ്പമുള്ള നിമിഷങ്ങളാണ്.

I Me Myself Anumol PT 1/2

തമിഴിന്റെ ബഹുമാനം

സ്ത്രീകളോടുള്ള തമിഴ്നാടിന്റെ ബഹുമാനം അറിയാമല്ലോ. സെറ്റും അങ്ങനെ തന്നെ. ഉള്ളിലെ ബഹുമാനവും സ്നേഹവും നമ്മളോടവർ കാണിക്കും. പിന്നെ ലിംഗപരമാവയ വിവേചനും എനിക്ക് മലയാളത്തിലും തമിഴിലും നേരിടേണ്ടി വന്നിട്ടില്ല.

പിന്നെ വലിയൊരു ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ വേറൊരു അനുഭവമല്ലേ. അഭിനേത്രി എന്ന നിലയിൽ അതൊരു വലിയ കാര്യമാണ്.

anu

സജിത ചേച്ചിയെ പേടി

മലയാളത്തിൽ സജിത മഠത്തിൽ ചെയ്ത കഥാപാത്രം തമിഴിൽ ചെയ്യാൻ വിളിച്ചപ്പോൾ ഒത്തിരി പേടി തോന്നി. ആദ്യം വിളിച്ചതും സജിത ചേച്ചിയെയാണ്. നീ ധൈര്യമായി ചെയ്തോയെന്നാ ചേച്ചി പറഞ്ഞേ. പക്ഷേ എനിക്കിപ്പോഴും പേടി മാറിയിട്ടില്ല. റീമേക്ക് ആയതുകൊണ്ട് സജിത ചേച്ചിയുമായി എന്റെ അഭിനയം താരതമ്യം ചെയ്യപ്പെടും. അതിന്റെ ടെൻഷനുണ്ട്.

എന്തുകൊണ്ട് ഞാൻ

ഷട്ടറിൽ സജിത ചേച്ചി ചെയ്ത കഥാപാത്രം തമിഴിൽ എടുത്തപ്പോൾ എന്തുകൊണ്ട് എന്നെ വിളിച്ചു എന്നു ചോദിച്ചാൽ അറിയില്ല. ചെന്നൈ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് പ്രൊഡ്യൂസർ എ എൽ വിജയിയെ പരിചയപ്പെടുന്നത്. അന്ന് കണ്ടു പിരിഞ്ഞു. പിന്നീടൊരു ദിവസം ഒരു അദ്ദേഹത്തിന്റെ കോൾ‌ വന്നു. ഷട്ടറിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കാമോ എന്നു ചോദിച്ച്.

anu-mol

ഇത് എന്റെ ഏറ്റവും മികച്ചതല്ല

എന്റെ കരിയരിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഇതെന്ന പറയരുത്. എല്ലാം മികച്ചതാണ്. ഇതും മികച്ചത്. ഓരോ കഥയും അത്രയേറെ ശ്രദ്ധിച്ചു കേട്ട്, ഒരുപാട് ചിന്തിച്ച് കഷ്ടപ്പെട്ടാണ് ഞാൻ ഓരോ കഥാപാത്രങ്ങളും ചെയ്യുന്നത്. അതുകൊണ്ട് ഇത് അനുവിന്റെ കരിയരിലെ ഏറ്റവും മികച്ചതെന്നു പറഞ്ഞാൽ സമ്മതിച്ചു തരില്ല. എന്റെ എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു.

anumol-stills

വളരെ സെലക്ടീവ് ആണ് പക്ഷേ വേർതിരിവില്ല

ഞാൻ ഒരുപാട് സെലക്ടീവ് ആയ വ്യക്തിയാണ്. അതെന്തെങ്കിലും ‌നഷ്ടം എന്റെ ജീവിതത്തിൽ വരുത്തിയെന്ന് വിശ്വസിക്കുന്നില്ല. മറിച്ച് നല്ലതേ തന്നിട്ടുള്ളൂ. എനിക്കുള്ളത് എന്നായാലും എനിക്കു തന്നെ കിട്ടും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സംവിധായകനെ കണ്ണടച്ച് അനുസരിക്കുന്ന നടിയാണ് ഞാൻ. ബ്ലൈൻഡ് ആയി നിർദ്ദേശങ്ങളെ ഫോളോ ചെയ്യുന്നയാൾ. പക്ഷേ സിനിമ കണ്ടിറങ്ങുന്നവരുടെ മനസിൽ എന്റെ കഥാപാത്രം ഉണ്ടാകണം എന്നെനിക്കുണ്ട്. കാമ്പുള്ള സ്ഥായിയായ കഥാപാത്രങ്ങളായിരിക്കണം അതെന്നുമുണ്ട്. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്ന സിനിമയിൽ ഒരു സീനേവുള്ളുവെങ്കിലും നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കണം എന്നുമുണ്ട്.

സെല്ക്ടീവ് ആണെങ്കിലും സിനിമയിൽ ഞാനൊരിക്കലും വേർതിരിവ് വച്ചിട്ടില്ല. ഇന്ന കഥാപാത്രങ്ങവേ ചെയ്യൂ എന്നില്ല. കോമഡി ചെയ്യാൻ ഒരുപാടിഷ്ടമാണ്. കഥാപാത്രങ്ങൾ നല്ലതാകണം എന്നേയുള്ളൂ. അങ്ങനെ നല്ല കഥാപാത്രങ്ങൾ തേടിപ്പോയപ്പോഴാണ് ഈ പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങൾ എന്ന ഗണത്തിലേക്ക് ഞാനുമെത്തിയത്. അത് മനപൂർവമല്ല, അങ്ങനെ സംഭവിച്ചു പോയതാണ്. സിനിമയിലെ പുതിയ ട്രെൻഡുകളെല്ലാം നല്ലതെന്നു കരുതുന്ന ഒരാളാണ് ഞാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.