ആ ഡയലോഗ് ഇനി ഞാൻ പറയില്ല: പ്രദീപ് കോട്ടയം

കോട്ടയം പ്രദീപ്

ഒറ്റ ഡയലോഗുകൊണ്ട് മലയാളസിനിമയിൽ തന്റേതായ ഇടം നേടിയ ആളാണ് പ്രദീപ് കോട്ടയം. ആളെ മനസ്സിലായില്ലെ വിണ്ണൈത്താണ്ടി വരുവായയിലുണ്ട്, രാജാറാണിയിലുണ്ട്, കുഞ്ഞിരാമായണത്തിലുണ്ട്, അമർ അക്ബർ അന്തോണിയിലുണ്ട് പിന്നെ ദേ ഇപ്പോ തെറിയിലുമുണ്ട്. വിജയ്‌യുടെ പുതിയ ചിത്രം തെറിയിൽ അഭിനയിച്ചതിനെക്കുറിച്ചും ഇത്രയും നാളത്തെ സിനിമാജീവിതത്തെക്കുറിച്ചും പ്രദീപ് കോട്ടയം മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

സിനിമയിൽ നല്ല കാലം തുടങ്ങുന്നത് വിന്നൈത്താണ്ടി വരുവായയിലൂടെയാണോ?

തീർച്ചയായും എന്റെ ശബ്ദം സിനിമയിൽ കേൾപ്പിക്കാൻ അവസരം തന്നത് ഗൗതംമേനോൻ സാറാണ്. വിണ്ണൈത്താണ്ടി വരുവായയിൽ തൃഷയുടെ അമ്മാവനായിട്ടാണ് അഭിനയിച്ചത്. അതിഥിയായി വീട്ടിലെത്തിയ നായകന്‍ ചിമ്പുവിനോട്‌ ഭക്ഷണം കഴിക്കാന്‍ പറയുന്ന ഡയലോഗ്‌ ക്ലിക്കായി. ''ഫിഷുണ്ട്‌... മട്ടനുണ്ട്‌... ചിക്കനുണ്ട്‌... കഴിച്ചോളൂ... കഴിച്ചോളൂ... '' എന്നായിരുന്നു ഡയലോഗ്‌.

ഇതേ ഡയലോഗ്‌ തന്നെയാണ്‌ ആ സിനിമയുടെ തെലുങ്ക്‌, ഹിന്ദി പതിപ്പുകളിലും പറഞ്ഞു. ആദ്യം സാധാരണ രീതിയിലാണ് ഡയലോഗ് പറഞ്ഞത്, ഗൗതം സാറാണ് ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ മതിയെന്ന് പറഞ്ഞത്. അങ്ങനെയാണ് ആ ഡയലോഗ് ഹിറ്റായത്.

മോഹൻലാലിനും നിവിന്‍ പോളിക്കുമൊപ്പം കോട്ടയം പ്രദീപ്

ആ ഒരൊറ്റ ഡയലോഗാണല്ലോ സിനിമയിൽ തനതായ ഒരു സ്ഥാനം തന്നത്?

തീർച്ചയായിട്ടും. ഇപ്പോൾ എല്ലാവർക്കും ഞാൻ ഈ ഡയലോഗ് പറയുന്നത് കേൾക്കുന്നതാണ് ഇഷ്ടം. എന്നും എപ്പോഴും, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമയിലും ഇതേ രീതിയിലെ ഡയലോഗ് തന്നെയാണ് പറഞ്ഞത്. പക്ഷെ ഇനിമുതൽ ഞാൻ ഈ രീതിയിൽ ഡയലോഗ് പറയില്ല. കാരണം ആളുകൾക്ക് മടുക്കില്ലെ എപ്പോഴും ഇതു തന്നെ പറഞ്ഞാൽ. സിനിമയിൽ സീരിയസായ വേഷം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. മഞ്ജുവാര്യരുടെ പുതിയ സിനിമ കരിങ്കുന്നം സിക്സസിൽ മുഴുനീളവേഷം ചെയ്യുന്നുണ്ട്.

വിജയ്‌യുടെ തെറിയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത് എങ്ങനെയാണ്?

തെറിയുടെ സംവിധായകൻ അറ്റലിയുടെ ആദ്യ സിനിമ രാജാറാണിയിൽ ഒരു ചെറിയ സീനിൽ ഞാൻ അഭിനയിച്ചിരുന്നു. ഒരു പാട്ട്‌ സീനില്‍ ജെയ്‌യോട്‌ 'എന്ത്‌ തങ്കമാര്‍ന്ന പെണ്ണ്‌... അപ്പടിയാ ഞാന്‍ അവളെ വളര്‍ത്തിയത്‌....'' എന്ന്‌ പറഞ്ഞു. അതു ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് തെരിയിൽ അഭിനയിക്കാൻ വിളിക്കുന്നത്.

അറ്റ്ലി എന്ന സംവിധായകനെക്കുറിച്ചും വിജയ് എന്ന നടനെക്കുറിച്ചും?

വിജയ്‌യോടൊപ്പം ഒറ്റസീനിൽ മാത്രമേ അഭിനയിച്ചിട്ടൊള്ളൂ. വളരെ സിംപിളായ വ്യക്തിയാണ് വിജയ്. അറ്റ്ലിയാണെങ്കിലും അതുപോലെ തന്നെ. പാവം പയ്യനാണ്. യാതൊരുവിധ ടെൻഷനുമില്ലാതെ അറ്റ്ലിയോടൊപ്പം ജോലി ചെയ്യാൻ സാധിക്കും.

ആമി ജാക്സനൊപ്പം

സിനിമയോടൊപ്പം എല്‍.ഐ.സി.യിലെ ഉദ്യോഗവും എങ്ങനെ കൊണ്ടുപൊകുന്നു?

1989-ലാണ്‌ ഞാന്‍ എല്‍.ഐ.സി.യില്‍ ജോലിയില്‍ കയറിയത്‌. അതിനുശേഷം സിനിമയില്‍ ചെറിയ ചെറിയ സീനില്‍ തലകാണിച്ച്‌ തുടങ്ങി. 26 വര്‍ഷമായി ഓഫീസില്‍ എല്ലാവരും നല്ല പിന്തുണയാണ്. ഇപ്പോള്‍ കോട്ടയം ഓഫീസില്‍ ജോലി ചെയ്യുന്നു. ഷൂട്ടിംഗ്‌ ഇല്ലാത്ത ദിവസങ്ങളില്‍ ഓഫീസില്‍ പോകാറുണ്ട്‌. അടുത്തകാലത്ത്‌ എന്റെ സഹപ്രവര്‍ത്തകര്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ വച്ച്‌ എന്നെ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

നയൻതാരയ്ക്കും ജയ്ക്കുമൊപ്പം

ആരെങ്കിലും ശബ്ദത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ?

ഗൗതം മേനോൻ സാറാണ് ആദ്യമായി എന്റെ ശബ്ദത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ് സിനിമയിൽ എനിക്കൊരു ശബ്ദം തരുന്നത്. പലരും ശബ്ദത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ കമന്റാണ് ഒരിക്കലും മറക്കാനാവാത്തത്. ഈ ശബ്ദം ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഗൗതം മേനോനൊപ്പം

കുടുംബം?

ഭാര്യ മായ വീട്ടമ്മയാണ്‌. മകന്‍ വിഷ്‌ണു ഫാഷന്‍ ഡിസൈനറാണ്‌. മകള്‍ വൃന്ദ എന്‍ജിനീയറിംഗ്‌ കഴിഞ്ഞു.