അൽപം പേടിയുണ്ട്; ഗീതു മോഹൻദാസ് പറയുന്നു

കേൾക്കുന്നുണ്ടോ എന്ന ചിത്രത്തിനുശേഷം മലയാളത്തിലെ രണ്ടാമത്തെ സിനിമ മൂത്തോനുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് എത്തുകയാണ്. ഈ സിനിമയിൽ നിവിൻ പോളിയുടെ മാസ് അപ്പിയറൻസുള്ള ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനു വൻ സ്വീകാര്യതയാണു കിട്ടിയത്. മൂന്നു മാസത്തിനുള്ളിൽ മൂത്തോന്റെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ വിശേഷങ്ങൾ സംവിധായിക ഗീതു മോഹൻദാസ് പങ്കുവയ്‌ക്കുന്നു.

ഫാൻസിനു വേണ്ടിയോ മൂത്തോൻ ?

സത്യം പറഞ്ഞാൽ അൽപം പേടിയുണ്ട്. നിവിൻ പോളിക്ക് ഒരു താരപദവി ഉണ്ട്. ധാരാളം ആരാധകരും ഉണ്ട്. അവരെയൊക്കെ തൃപ്‌തിപ്പെടുത്തുന്ന സിനിമയാകണം മൂത്തോൻ എന്നു തന്നെയാണു വിചാരിക്കുന്നത്. എന്തായാലും എന്റെ ആദ്യ രണ്ടു സിനിമകളിൽനിന്നും തീർച്ചയായും വ്യത്യസ്‌തമായിരിക്കും ഇത്.

എനിക്കു പറയാനുള്ള കാര്യങ്ങൾ സിനിമയിലൂടെ പറയുക എന്നതാണ് ആഗ്രഹം. ഈ സിനിമയുടെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ തുടങ്ങിയിട്ടേയുള്ളൂ. ഇതിനു മുൻപു ചെയ്‌തതെല്ലാം ചെറിയ സിനിമകളായിരുന്നു. മൂത്തോൻ വൈഡ് റിലീസ് ചെയ്യുന്ന ഒരു മൂവിയാണ്.

പോസ്‌റ്റർ വലിയ ചർച്ചയായല്ലോ ?

ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഇത്രയും വൈറലാകുമെന്നു സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നതല്ല. ആക്‌ടർ എന്ന നിലയിലാണെങ്കിലും ഫിലിം മേക്കർ എന്ന നിലയിലാണെങ്കിലും സ്വന്തം സിനിമയ്‌ക്കു വലിയ ഹൈപ്പ് കൊടുക്കാത്ത ആളാണു ഞാൻ. ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ഫെയ്സ് ബുക്കിൽ പോസ്‌റ്റിട്ടു. കുറച്ചധികം കമന്റ്‌സും ലൈക്കും വരുമായിരിക്കും എന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനു കിട്ടിയ സ്വീകാര്യത സിനിമയ്‌ക്കും ഉണ്ടാകട്ടെയെന്നാണ് ആഗ്രഹം.

എന്തുകൊണ്ടാണ് നിവിൻ പോളി നായകനായത് ?

ക്യാരക്‌ടറിന് ഏറ്റവും അനുയോജ്യനായ നടൻ എന്നു തോന്നിയതുകൊണ്ടാണു നിവിൻ പോളിയെ തിരഞ്ഞെടുത്തത്. കുറെ ഫീൽ ഗുഡ് സിനിമകൾ ചെയ്‌ത നടനാണല്ലോ. ഏപ്രിലിൽ ഷൂട്ടിങ് തുടങ്ങും. സമയമെടുത്തായിരിക്കും ചിത്രീകരിക്കുക. 2018ൽ റിലീസ് ചെയ്യണമെന്നു വിചാരിക്കുന്നു.

സ്വന്തം കരിയർ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും, നടിയായോ സംവിധായികയായോ?

വരുന്നതുപോലെ വരട്ടെയെന്നേയുള്ളൂ. വീട്ടിൽ ഞാനും ഭർ‌ത്താവ് രാജീവ് രവിയും അങ്ങനെ സിനിമയെക്കുറിച്ചു സംസാരിക്കാറേയില്ല. മകൾ ആരാധന മാത്രമാണു ഞങ്ങളുടെ ലോകം. ഇപ്പോൾ നാലു വയസ്സായി. സ്‌കൂളിൽ പോകാൻ തുടങ്ങി. അവളെയും അവളുടെ ഹോം വർക്കുകളെയും ചുറ്റിപ്പറ്റിയാണു ഞങ്ങളുടെ ജീവിതം.